പാർട്ടി അന്വേഷണ കമ്മിഷൻ കരുവന്നൂരിൽ കുരുക്കാവുമോ; റിപ്പോർട്ടിനെ തള്ളാനും കൊള്ളാനുമാവാതെ സിപിഎം, നിരനിരയായി നേതാക്കൾ ഇഡിക്കു മുന്നിൽ
തൃശൂർ: തിരഞ്ഞെടുപ്പ് പ്രചരണം സജീവമായ ഘട്ടത്തിൽ കരുവന്നൂർ സഹകരണ ബാങ്ക് കള്ളപ്പണ ഇടപാടു കേസിൽ സിപിഎം നേതാക്കളെ തുടരെത്തുടരെ ചോദ്യം ചെയ്യലിന് ഇഡി വിളിപ്പിക്കുന്നത് തിരിച്ചടിയാകുമോ എന്ന ഭയത്തിലാണ് പാർട്ടി നേതൃത്വം. ബാങ്കിലെ തിരിമറികളെക്കുറിച്ച് നേരത്തെ സിപിഎം നടത്തിയ അന്വേഷണ റിപ്പോർട്ടാണ് മറ്റൊരു കുരുക്കായി മാറിയിട്ടുള്ളത്.
ഇന്ന് രാവിലെ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം.എം.വർഗീസ് ചോദ്യം ചെയ്യലിനായി എൻഫോഴ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ കൊച്ചി ഓഫീസിലെത്തി. വ്യാഴാഴ്ച മുൻ എംപിയും സെക്രട്ടറിയറ്റ് അംഗവുമായ പി.കെ.ബിജുവിനെ എട്ടു മണിക്കൂർ ചോദ്യം ചെയ്തിരുന്നു. തിങ്കളാഴ്ച വീണ്ടും വരാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ബാങ്കിലെ ക്രമക്കേടുകളെ കുറിച്ച് ഇഡി അന്വേഷിക്കുന്നതിനിടയിലാണ് പാർട്ടി നടത്തിയ അന്വേഷണത്തെക്കുറിച്ച് അറിയാനിടയായത്. പി.കെ.ബിജുവും ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ പി.കെ.ഷാജനുമായിരുന്നു പാർട്ടി നിയമിച്ച അന്വേഷണ കമ്മിഷനിലുണ്ടായിരുന്നത്. ഇങ്ങനെയൊരു കമ്മിഷൻ ഇല്ലെന്ന് പി.കെ.ബിജു പരസ്യമായി പറഞ്ഞിരുന്നു. എന്നാൽ അത്തരമൊരു അന്വേഷണം നടത്തിയിരുന്നുവെന്ന് ഷാജൻ പിന്നീട് സമ്മതിച്ചിരുന്നു. തൃശൂർ മുനിസിപ്പൽ കോർപ്പറേഷൻ കൗൺസിലറും സ്റ്റാൻഡിംഗ് കൗൺസിൽ ചെയർമാനുമാണ് ഷാജൻ. ബാങ്ക് തട്ടിപ്പിനെക്കുറിച്ച് വ്യാപക പരാതി വന്ന പശ്ചാത്തലത്തിലാണ് പാർട്ടി അംഗങ്ങളുടെ പങ്കിനെക്കുറിച്ച് അറിയാനായി രണ്ടംഗ കമ്മിഷനെ നിയമിച്ചത്. ഈ റിപ്പോർട്ടാണിപ്പോൾ പാർട്ടിയുടെ തലയ്ക്കു മുകളിൽ വാളായി നിൽക്കുന്നത്. ജില്ലാ കമ്മറ്റിയിൽ ചർച്ച ചെയ്ത റിപ്പോർട്ട് എങ്ങനെയോ ചോർന്ന് ഇഡിക്ക് ലഭിച്ചിട്ടുണ്ടെന്നാണറിയുന്നത്. 2021 മെയ് മാസത്തിലാണ് രണ്ടംഗ കമ്മിഷൻ പാർട്ടിക്ക് റിപ്പോർട്ട് നൽകിയത്.
പാർട്ടി നേതാക്കളുടെയും ബാങ്കിലെ ഉദ്യോഗസ്ഥരുടെയും വീഴ്ചകളെക്കുറിച്ച് വിശദമായ വിവരങ്ങൾ റിപ്പോർട്ടിലുണ്ടെന്നാണ് അറിയുന്നത്. പി.കെ.ബിജുവിന് കരുവന്നൂർ കേസിലെ മുഖ്യപ്രതിയായ പി.പി.സതീഷ് കുമാർ വൻതുക നൽകിയിട്ടുണ്ടെന്ന വിവരവും ഇഡിക്ക് ലഭിച്ചിരുന്നു. ബിജുവിൻ്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തെക്കുറിച്ചുള്ള ഇഡി ചോദ്യങ്ങളിൽ നിന്ന് നേതാക്കൾക്ക് ഒഴിഞ്ഞു മാറാനാവാത്ത അവസ്ഥയുണ്ട്. 2014 മുതല്‍ 2020 വരെയുള്ള കാലയളവിലാണ് ബാങ്കിൽ വലിയ തട്ടിപ്പ് നടന്നതായി കണ്ടെത്തിയത്. 46 പേരുടെ ആധാരംവച്ച് വൻതുക വായ്പ എടുത്തിരുന്നു. ഈ തുക സിപിഎമ്മിലെ ഒരു ഉന്നത വ്യക്തിക്കാണ് പോയതെന്നും ഇഡി കണ്ടെത്തിയിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here