നൂറാം വയസിൽ കന്നി മാളികപ്പുറം; പതിനെട്ടാംപടി കയറി പാറുക്കുട്ടിയമ്മ

പത്തനംതിട്ട: നൂറാം വയസില്‍ അയ്യപ്പനെ കാണാന്‍ ശബരിമലയില്‍ എത്തി പാറുക്കുട്ടിയമ്മ. വയനാട് മൂന്നാനക്കുഴിയില്‍ നിന്നെത്തിയ പാറുക്കുട്ടിയമ്മ തന്‍റെ മൂന്നു തലമുറയിൽപ്പെട്ടവരോടൊപ്പമാണ് ആദ്യമായി ശബരിമല ചവിട്ടിയത്. അയ്യപ്പസന്നിധിയില്‍ എത്തണമെന്ന ആഗ്രഹം പണ്ടുമുതല്‍ ഉണ്ടായിരുന്നെങ്കിലും അത് സാധിച്ചില്ല, പകരം ഇനി നൂറാം വയസില്‍ മാത്രമേ മല കയറുകയുള്ളൂ എന്ന തീരുമാനമെടുത്തു. ആ ആഗ്രഹമാണ് ഇന്ന് സഫലമായത്.” ശരണവഴികളില്‍ അയ്യപ്പന്‍റെ സഹായം എന്നെ തേടിയെത്തി. മല കയറാന്‍ അയ്യപ്പന്മാരാണ് എന്നെ സഹായിച്ചത്”- പാറുക്കുട്ടിയമ്മ പറയുന്നു.

മൂന്നാനക്കുഴിയിൽ നിന്നും ഡിസംബർ രണ്ടിനു തിരിച്ച 14 അംഗ സംഘത്തിനൊപ്പമാണ് പാറുക്കുട്ടിയമ്മ പമ്പയിലെത്തിയത്. മൂന്നിനു പമ്പയിലെത്തിയ സംഘം വിശ്രമശേഷം മല കയറാന്‍ തുടങ്ങി. ഇന്ന് രാവിലെയാണ് സന്നിധാനത്തെത്തിയത്. പലസ്തീന്‍ യുദ്ധം അവസാനിക്കണം എന്നതായിരുന്നു അയ്യപ്പനോടുള്ള പ്രാര്‍ത്ഥന. മകളും മരുമകളും ഇസ്രായേലിലാണ് ജോലി ചെയ്യുന്നത്. പൊന്നുംപടിയും പൊന്നമ്പലവും കണ്ട് മനസു നിറഞ്ഞാണ് ഈ നൂറുവയസുകാരി മടങ്ങിയത്.

Logo
X
Top