‘ആ ചോദ്യം ചോദിച്ചത് ഇവിടുത്തെ മാധ്യമങ്ങളാണ്; ‘മലയാള സിനിമയിലെ സ്ത്രീകള്‍ എവിടെ?’ എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ‘ഉള്ളൊഴുക്ക്’ എന്ന് പാര്‍വതി

അടുത്തിടെ സംവിധായിക അഞ്ജലി മേനോന്‍ സോഷ്യല്‍ മീഡിയയില്‍ ‘ദി ഹിന്ദു’ വിന്റെ ഒരു ലേഖനം പങ്കുവച്ച് ചോദിക്കുകയുണ്ടായി, ‘മലയാള സിനിമയിലെ സ്ത്രീകള്‍ എവിടെ?’ എന്ന്. സമീപകാലത്ത് തിയറ്ററുകളില്‍ പണം വാരിയ ചിത്രങ്ങളിലൊന്നും പ്രസക്തമായ സ്ത്രീ സാന്നിദ്ധ്യം ഉണ്ടായിരുന്നില്ല എന്ന് ചൂണ്ടിക്കാണിക്കുന്ന ലേഖനമായിരുന്നു അഞ്ജലി പങ്കുവച്ചത്. എന്നാല്‍ ഇതിന്റെ പേരില്‍ അഞ്ജലി മേനോന്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ വിമര്‍ശനങ്ങള്‍ക്കു പരിഹാസങ്ങള്‍ക്കും പാത്രമായി. ഇപ്പോഴിതാ ഈ വിഷയത്തില്‍ മനസ് തുറക്കുകയാണ് നടി പാര്‍വതി തിരുവോത്ത്. മലയാള സിനിമയിലെ സ്ത്രീകള്‍ എവിടെ എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് തന്റെ ഏറ്റവും പുതിയ ചിത്രം ഉള്ളൊഴുക്ക് എന്ന് മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ പാര്‍വതി പറഞ്ഞു.

ഈ ചോദ്യങ്ങള്‍ ചോദിക്കേണ്ടത് തന്നോടോ മറ്റ് അഭിനേതാക്കളോടോ അല്ല, മറിച്ച് നിര്‍മാതാക്കളോടും സംവിധായകരോടും വിതരണക്കാരോടുമാണെന്ന് പാര്‍വതി വ്യക്തമാക്കി. “അവര്‍ക്കു വേണ്ടതാണല്ലോ അവര്‍ ചെയ്യുന്നത്. അതു ചെയ്യട്ടെ. അതില്‍ ഒരു തെറ്റുമില്ല. അതേസമയം, സ്ത്രീകളുള്ള സിനിമകള്‍ ഉണ്ടാകാതിരിക്കരുത് എന്നേയുള്ളൂ,” പാര്‍വതി പറഞ്ഞു.

“സ്ത്രീകളെവിടെ എന്നു ചോദിച്ചത് ഞാനോ അല്ലെങ്കില്‍ വിമന്‍ ഇന്‍ സിനിമ കലക്ടീവിലെ ആരെങ്കിലുമോ അല്ല. ആ ചോദ്യം ഇവിടുത്തെ മാധ്യമങ്ങളുടേതായിരുന്നു. അതില്‍ എനിക്ക് സന്തോഷമുണ്ട്. അതുതന്നെ ഒരു വിജയമാണ്. കാരണം ഏഴു വര്‍ഷം മുമ്പ് ഈ ചോദ്യം ഉണ്ടാകില്ലായിരുന്നു. സ്ത്രീകള്‍ എവിടെ, നോ വിമന്‍ എന്നാണ് നിങ്ങള്‍ക്കു തോന്നുന്നതെങ്കില്‍ അതൊരു സത്യമാണ്, ചിന്തയല്ല. പക്ഷേ സ്ത്രീകള്‍ ഇവിടെയുണ്ട്, അവര്‍ കാനില്‍ ഉണ്ട്. അവര്‍ മറ്റൊരുപാട് കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. അവസരങ്ങള്‍ ഉള്ളയിടത്തൊക്കെ അവരുണ്ട്.”

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top