രണ്ട് ദിവസമായി ഭക്ഷണവും വെള്ളവുമില്ലാതെ ലക്ഷദ്വീപ് വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍; വിമാനം കേടായി റണ്‍വേയില്‍ കിടക്കുന്നു

ലക്ഷദ്വീപ് : അഗത്തി വിമാനത്താവളത്തില്‍ രണ്ട് ദിവസമായി ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങി യാത്രക്കാര്‍. യാത്രയ്ക്ക് തയാറെടുത്ത വിമാനം സാങ്കേതിക തകരാറിലായതിനെ തുടര്‍ന്നാണ് ലക്ഷദ്വീപിലേക്കുള്ള സര്‍വ്വീസുകളെ മുഴുവന്‍ ബാധിച്ചത്. വളരെ ചെറിയ വിമാനത്താവളമായ അഗത്തിയില്‍ ഒരു വിമാനത്തിന് മാത്രമേ സര്‍വ്വീസ് നടത്താന്‍ കഴിയു. കേടായ വിമാനം വിമാനത്താവളത്തില്‍ കിടക്കുന്നതിനാല്‍ മറ്റ് വിമാനങ്ങള്‍ക്ക് ലാന്റ് ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ്.

68 യാത്രക്കാരുമായി എറണാകുളത്തേക്ക് സര്‍വ്വീസ് നടത്താന്‍ രണ്ട് മിനിറ്റ് മാത്രം ശേഷിക്കെയാണ് വിമാനക്കമ്പനിയായ അലയന്‍സ് എയര്‍ സര്‍വ്വീസ് റദ്ദാക്കിയത്. ആദ്യം വിമാനം വൈകുമെന്നറിയിച്ച കമ്പനി പിന്നീട് സര്‍വ്വീസ് റദ്ദാക്കിയതായി അറിയിക്കുകയായിരുന്നു. ഇതോടെയാണ് യാത്രക്കാര്‍ കുടുങ്ങിയത്. പ്രായമായവരും കൈക്കുഞ്ഞുങ്ങളുമടക്കമുള്ള യാത്രക്കാരാണ് രണ്ട് ദിവസമായി വിമാനത്താവളത്തില്‍ കഴിയുന്നത്.

ഒരു ചായപോലും ലഭിക്കാത്ത വിമാനത്താവളമാണ് അഗത്തിയിലേത്. അടുത്തൊന്നും കടകളുമില്ല. യാത്രക്കാര്‍ക്ക് ഭക്ഷണമോ താമസമോ ഒരുക്കാന്‍ വിമാന കമ്പനി തയാറായിട്ടില്ല. അതിനാല്‍ വിമാനത്താവളത്തില്‍ തന്നെ കഴിയുകയാണ് ഭൂരിഭാഗം യാത്രക്കാരും. ഹൈദരാബാദില്‍ നിന്നും വിദഗ്ദ്ധരെ എത്തിച്ച് അറ്റകുറ്റപണി നടത്തിയാല്‍ മാത്രമേ സര്‍വ്വീസ് നടത്താന്‍ കഴിയൂ എന്നാണ് ഔദ്യോഗികമായ അറിയിപ്പ്. എന്നാല്‍ രണ്ട് ദിവസം കഴിഞ്ഞിട്ടും ഇതുവരെ വിദഗ്ദധര്‍ ദ്വീപില്‍ എത്തിയിട്ടില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top