മൂന്ന് കോടിയുടെ തട്ടിപ്പിൽ പാസ്റ്റർ ജെറിൻ ലാലി പ്രതി; അന്വേഷണം ക്രൈംബ്രാഞ്ചിന്; ആത്മഹത്യയുടെ വക്കിൽ അഞ്ചൽ സ്വദേശിയും കുടുംബവും

കൊല്ലം: തിരുവനന്തപുരം മലയത്തെ ഗ്ലോറിയസ് ചർച്ച് ഓഫ് ഗോഡ് ചെയർമാൻ, പാസ്റ്റർ ജെറിൻ ലാലി, ഭാര്യ ഗ്രേസ് ലാലി എന്നിവരുടെ പേരിൽ കോടികളുടെ തട്ടിപ്പ് കേസ്. ഇവരുൾപ്പെടെ ഏഴ് പേരെ പ്രതിചേർത്ത് കൊല്ലം അഞ്ചൽ പോലീസ് റജിസ്റ്റർ ചെയ്ത കേസ്, ഗൗരവസ്വഭാവം പരിഗണിച്ച് ക്രൈംബ്രാഞ്ചിന് കൈമാറി. തൻ്റെ അക്കൗണ്ടിൽ നിന്നും 2.95 കോടി രൂപ തട്ടിയെന്ന് ആരോപിച്ച് അഞ്ചൽ സ്വദേശി സോണി മാത്യൂവാണ് പരാതി നൽകിയത്.

പരാതിക്കാരൻ സോണി മാത്യുവുമായി അടുപ്പമുണ്ടായിരുന്നവരാണ് കേസിലെ രണ്ടും മൂന്നും പ്രതികൾ. ഇവരുടെ ശുപാർശയിൽ പരാതിക്കാരന്റെ സ്ഥാപനമായ സോണി റബ്ബര്‍ ട്രേഡേഴ്‌സിൽ ജോലിക്ക് കയറിയ ആളാണ് ഒന്നാം പ്രതി ജെയിംസ് പടയാട്ടിൽ. കമ്പനിയുടെ അക്കൗണ്ട് അടക്കമെല്ലാം കൈകാര്യം ചെയ്യാൻ നിയോഗിക്കപ്പെട്ടിരുന്ന ഒന്നാം പ്രതി മറ്റ് പ്രതികളുടെ പ്രേരണയിൽ 2.95 കോടി രൂപ നാലാം പ്രതിയുടെ അക്കൗണ്ടിലേക്ക് മാറ്റി. തുടർന്ന് ഏതാനും ദിവസത്തിനുള്ളിൽ ഈ തുക അഞ്ചാം പ്രതി പാസ്റ്റർ ജെറിൻ ലാലി ഉള്‍പ്പെട്ട സഭയുടെ അക്കൗണ്ടിലേക്ക് മാറ്റി. ഈ വിവരമറിഞ്ഞ് ജെറിൻ ലാലിയെയും മറ്റുള്ളളവരെയും ബന്ധപ്പെട്ടെങ്കിലും പണം തിരികെ നൽകാൻ അവർക്ക് ഉദ്ദേശ്യമില്ലെന്ന് മനസിലായി. അതുകൊണ്ടാണ് പോലീസിനെ സമീപിക്കുന്നത്… എഫ്ഐആറിൽ പറയുന്നു.

സ്ഥാപനത്തിൻ്റെ അഗസ്ത്യക്കോടുള്ള ബ്രാഞ്ച് മാനേജറായിരുന്ന ജയിംസ് പടയാട്ടിൽ, പരാതിക്കാരന്‍ സോണിയുടെ കുടുംബ സുഹൃത്ത് ബിജുലാൽ, ഭാര്യ ഷാലി സജി, ശ്രീകുമാർ, ജെറിൻ ലാലി, ഗ്രേസ് ലാലി തുടങ്ങിയ പ്രതികൾ ചേർന്ന് ഗൂഢാലോചന നടത്തി പണം തട്ടിയെടുത്തു എന്നാണ് കേസ്. സോണി റബർ ട്രഡേഴ്സിൻ്റെ അക്കൗണ്ടിലുണ്ടായ 2.95 കോടി രൂപ 2021 ഒക്ടോബർ 25 മുതൽ 2022 നവംബർ 1 വരെയുള്ള കാലയളവിലാണ് മാനേജർ ജയിംസ് പടയാട്ടിൽ എസ്കെ റബേഴ്സ് ഉടമ ശ്രീകുമാറിൻ്റെ അക്കൗണ്ടിലേക്ക് മാറ്റുന്നത്. പിന്നീട് ഈ പണം, ജെറിൻ ലാലി ചെയർമാനായ മലയം ദൈവ രക്ഷാ സഭയുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുകയായിരുന്നു എന്നാണ് എഫ്ഐആർ. സ്ഥാപനത്തിൻ്റെ ചെക്ക് ബുക്കുകൾ, ഓൺലൈൻ ട്രാൻസാക്ഷൻ നടത്തുമ്പോൾ ഒടിപി വരുന്ന ഫോൺ, ഡിജിറ്റൽ രേഖകൾ എന്നിവ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയതെന്നും എഫ്ഐആറിൽ പറയുന്നു.

സമ്പാദ്യമെല്ലാം കബളിപ്പിച്ച് തട്ടിയെടുത്തതിനാൽ ആത്മഹത്യയുടെ വക്കിലാണെന്ന് പരാതിക്കാരൻ്റെ കുടുംബം മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. ജെറിൻ ലാലിയുടെ ഭാഗത്ത് നിന്നും തുടക്കത്തിൽ വധ ഭീഷണിയടക്കം ഉണ്ടായിരുന്നു. വിവിധ നമ്പരുകളിൽ നിന്നും മാറി മാറി വിളിച്ചായിരുന്നു ഭീഷണി. തുടർന്ന് മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് പരാതി അന്വേഷിക്കുന്നുണ്ടെന്നും പരാതിക്കാരുടെ കുടുംബം പറഞ്ഞു. മറ്റ് നിരവധി തട്ടിപ്പ് കേസിൽ ജെറിൻ ലാലി പ്രതിയാണെന്നും ഇയാൾക്കെതിരെ നിരവധി ആരോപണങ്ങള്‍ ഉണ്ടെന്നും സോണിയും കുടുംബവും പറയുന്നു.

Logo
X
Top