പതഞ്ജലിയുടെ ക്ഷമാപണം മൈക്രോസ്‌കോപ്പിലൂടെ നോക്കണമെന്ന സ്ഥിതിയുണ്ടാകരുത്; മുഴുവന്‍ രേഖകളും സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ച് സുപ്രീംകോടതി

ഡല്‍ഹി : കോടതിയലക്ഷ്യക്കേസില്‍ ബാബ രാംദേവിന്റെ പതഞ്ജലി ഗ്രൂപ്പ് ക്ഷമാപണം നടത്തി പ്രസിദ്ധീകരിച്ച പത്രപരസ്യത്തിന്റെ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് സുപ്രീം കോടതി. സാധാരണ ഉല്‍പ്പന്നങ്ങള്‍ക്ക് നല്‍കാറുള്ള പരസ്യത്തിന് സമാനമായിട്ടാണോ ഇതും പ്രസിദ്ധീകരിച്ചതെന്ന് സുപ്രീം കോടതി ചോദിച്ചു. മൈക്രോസ്‌കോപ്പിലൂടെ നോക്കിയാല്‍ മാത്രമേ ക്ഷമാപണം കാണാനാകൂ എന്ന സ്ഥിതിയാകരുത്. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളെ പറ്റി ജനങ്ങളെ ബോധവത്കരിക്കുകയാണ് ലക്ഷ്യമിടുന്നത്. ഉപഭോക്താക്കളുടെ താല്‍പ്പര്യമാണ് പ്രധാനമെന്നും ജസ്റ്റിസ് ഹിമാ കോഹ്‌ലി അധ്യക്ഷയായ രണ്ടംഗ ബെഞ്ച് വ്യക്തമാക്കി.

വിവിധ ഭാഷകളിലുള്ള 67 പത്രങ്ങളില്‍ ക്ഷമാപണം നടത്തി പരസ്യം പ്രസിദ്ധീകരിച്ചതായി ബാബാ രാംദേവിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ബാബ രാംദേവും ഗ്രൂപ്പ് എംഡി ആചാര്യ ബാലകൃഷ്ണയും കോടതിയില്‍ നേരിട്ട് ഹാജരായിരുന്നു. കേസ് ഈ മാസം മുപ്പതിന് വീണ്ടും പരിഗണിക്കും. അന്ന് പ്രസിദ്ധീകരിച്ച മുഴുവന്‍ പരസ്യങ്ങളും ഹാജരാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. തെറ്റിദ്ധാരണ പരത്തുന്ന പതഞ്ജലിയുടെ പരസ്യങ്ങള്‍ക്കെതിരെ നടപടിയെടുക്കാത്തതിന് കേന്ദ്ര സര്‍ക്കാരിനേയും സുപ്രീം കോടതി വിമര്‍ശിച്ചു. ആയുഷ് ഉല്‍പനങ്ങളുടെ പരസ്യത്തിനെതിരെ നടപടിയെടുക്കുന്നതില്‍ നിന്ന് സംസ്ഥാനങ്ങള്‍ വിട്ടുനില്‍ക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ കത്തിലും കോടതി വിശദീകരണം തേടി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top