പതഞ്ജലിക്ക് വൻതിരിച്ചടി; 14 ഉത്പന്നങ്ങളുടെ വില്‍പന നിര്‍ത്തിച്ച് സുപ്രീംകോടതി
14 ഉത്പന്നങ്ങളുടെ വില്‍പന നിര്‍ത്തി ബാബാ രാം ദേവിന്റെ ഉടമസ്ഥതയിലുളള പതഞ്ജലി ഗ്രൂപ്പ്. ലൈസന്‍സ് റദ്ദാക്കിയതിനെ തുടര്‍ന്നാണ് ചില ഉത്പന്നങ്ങളുടെ വില്‍പന നിര്‍ത്തിയത്. ഉത്തരാഖണ്ഡില്‍ നിര്‍മ്മിക്കുന്നവയുടെ ലൈസന്‍സാണ് റദ്ദാക്കിയത്. ഇക്കാര്യം പതഞ്ജലി ആയുര്‍വേദ ഗ്രൂപ്പ് സുപ്രീംകോടതിയെ അറിയിച്ചു. സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനത്തിന് പിന്നാലെയായിരുന്നു ഉത്തരാഖണ്ഡ് അധികൃതര്‍ പതഞ്ജലിക്കെതിരെ നടപടിയെടുത്തത്. വില്‍പന നിര്‍ത്തിയ ഉത്പന്നങ്ങള്‍ സ്റ്റോറുകളില്‍ നിന്നും പിന്‍വലിക്കാന്‍ 5,606 ഫ്രാഞ്ചൈസികള്‍ക്ക് നിര്‍ദേശം നല്‍കി. ഇവയുടെ പരസ്യം പിന്‍വലിക്കാന്‍ മാധ്യമങ്ങളോട് ആവശ്യപ്പെട്ടതായും പതഞ്ജലി ഗ്രൂപ്പ് സുപ്രീംകോടതിയെ അറിയിച്ചു.
പരസ്യങ്ങള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട് നല്‍കിയ നിര്‍ദേശം പാലിച്ചോ ഇല്ലയോ എന്ന് വ്യക്തമാക്കി രണ്ട് ആഴ്ചയ്ക്കകം സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു. കോവിഡ് വാക്‌സിനേഷന്‍ ഡ്രൈവിനും ആധുനിക വൈദ്യശാസ്ത്രത്തിനുമെതിരേ പതഞ്ജലി അപകീര്‍ത്തികരമായ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതി പതഞ്ജലിക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here