ബട്ടർചിക്കൻ്റെ പിതൃത്വം ചർച്ചചെയ്ത് ലോകമാധ്യമങ്ങൾ; ഇന്ത്യയിലെ ഭക്ഷ്യവിഭവങ്ങളുടെ അവകാശത്തർക്കങ്ങൾ ബഹുരസം

ഡൽഹി: ഇന്ത്യയിലെ വിശേഷങ്ങൾ ആഗോള മാധ്യമങ്ങളുടെ തലക്കെട്ടുകളിൽ നിറയുന്നത് പുതുമയല്ല. എന്നാൽ ഡൽഹിയിൽ നിന്നുള്ള ഒരു കോഴിക്കറി ന്യൂയോർക്ക് ടൈംസിലും ദ ഗാർഡിയനിലുമൊക്കെ വാർത്തയായി നിറയുന്നത് വെറും കൗതുകം കൊണ്ട് മാത്രമല്ല. വിദേശികൾക്ക് പോലും പ്രിയപ്പെട്ട ഇന്ത്യൻ ഡിഷ് എന്ന നിലയ്ക്കും കൂടിയാണ്. ജനുവരി പകുതിയോടെ ഡൽഹിയിൽ കോടതി കയറിയൊരു വ്യവഹാരമായി നമ്മുടെ മാധ്യമങ്ങൾ പുറത്തെത്തിച്ച ബട്ടർചിക്കൻ്റെ പിതൃത്വ പ്രശ്നമാണ് വിദേശത്തും ചർച്ചയാകുന്നത്. എരിവ് കുറവായത് കൊണ്ടുതന്നെ വിദേശികൾക്കും ബട്ടർചിക്കൻ പ്രിയങ്കരമാണ്. അതുകൊണ്ടായിരിക്കും മറ്റൊരു വിഭവത്തിന്റെ കാര്യത്തിലും ഇല്ലാത്ത ആവലാതിയും ആകാംക്ഷയും വിദേശികള്‍ക്ക് ബട്ടർ ചിക്കന്റെ കാര്യത്തിൽ ഉണ്ടായത്. ഏതായാലും പുറംരാജ്യങ്ങളില്‍ ബട്ടർചിക്കന്റെ ഡിമാൻഡ് ഇതോടെ വീണ്ടും കൂടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. 1947ൽ ഇന്ത്യയിൽ ഉത്ഭവിച്ച ബട്ടർചിക്കന്റെ പിതാവാരെന്ന തർക്കമാണ് 76 വർഷങ്ങൾക്ക് ശേഷം കേസായി കോടതിയിൽ എത്തിയിരിക്കുന്നത്.

മുത്തശ്ശന്മാരുണ്ടാക്കിയ കോഴിക്കറിക്ക് അവകാശവാദവുമായി കൊച്ചുമക്കൾ എത്തിയതോടെയാണ് സംഗതി ലോകം മുഴുവൻ അറിഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് ഡൽഹിയിലെ രണ്ട് പ്രമുഖ ഹോട്ടലുടമകൾ തമ്മിലുള്ള കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. മോത്തി മഹൽ, ദരിയഗഞ്ച് എന്നീ രണ്ട് ഹോട്ടലുകളാണ് ബട്ടർചിക്കന്റെ അവകാശത്തെച്ചൊല്ലി കോടതിയിൽ എത്തിയത്. കുന്ദൻ ലാൽ ഗുജ്‌റാൽ, കുന്ദൻ ലാൽ ജഗ്ഗി എന്നിവരുടെ കുടുംബങ്ങളാണ് ബട്ടർചിക്കന് വേണ്ടി തല്ലുപിടിക്കുന്നത്. തന്തൂരി ചിക്കൻ ഉണ്ടാക്കി കുറച്ചു സമയം കഴിയുമ്പോൾ അത് ഉണങ്ങി ഉപയോഗിക്കാൻ കഴിയാതെ അവസ്ഥയിലാകുന്നത് ഒഴിവാക്കാൻ മോത്തി മഹലിന്റെ സ്ഥാപകനായ കുന്ദൻ ലാൽ ഗുജ്റാൾ കണ്ടുപിടിച്ച വിഭവമാണ് ബട്ടർ ചിക്കൻ എന്നാണ് ഹോട്ടലിന്റെ വെബ്‌സൈറ്റിൽ പറയുന്നത്. തന്തൂരിയും ദാൽ മഖനിയും ഗുജ്റാൾ തന്നെ കണ്ടുപിടിച്ചതാണെന്നും പറയുന്നുണ്ട്.

അതേസമയം ഗുജ്‌റാളിന്റെ ബിസിനസ് പങ്കാളിയായ കുന്ദൻ ലാൽ ജഗ്ഗിയും ചേർന്നാണ് ബട്ടർ ചിക്കൻ ആദ്യമായി ഉണ്ടാക്കിയതെന്നാണ് ദരിയഗഞ്ച് ഹോട്ടലിന്റെ ഉടമസ്ഥർ പറയുന്നത്. ജഗ്ഗിയുടെ പേരക്കുട്ടികളാണ് ഇപ്പോൾ ഹോട്ടൽ നടത്തുന്നത്. വലിയൊരു കൂട്ടം ആൾക്കാർ ഹോട്ടലിൽ എത്തിയപ്പോൾ തന്തൂരി തികയാതെ വന്നതോടെ മഖനിയും തക്കാളിയും ഉപയോഗിച്ച് ഗ്രേവി ഉണ്ടാക്കി അതിൽ തന്തൂരി കഷണങ്ങൾ ഇട്ട് ഉണ്ടാക്കിയ വിഭമാണെന്നാണ് ബട്ടർചിക്കൻ ‘ദരിയഗഞ്ച് വേർഷൻ’. ജവഹർലാൽ നെഹ്‌റു, ഷാ ഓഫ് ഇറാൻ, റിച്ചാർഡ് നിക്സൺ, സുൽഫിക്കർ ഭൂട്ടോ തുടങ്ങി പ്രമുഖർ തങ്ങളുടെ ഹോട്ടലിലെ ബട്ടർ ചിക്കന്റെ ആരാധകരാണെന്ന് ഇരുകൂട്ടരും വാദിക്കുന്നുണ്ട്. ഏതായാലും ഗുജ്റാൾ കുടുംബം നഷ്ടപരിഹാരം ആവശ്യപ്പെട്ട് ദരിയഗഞ്ച് ഹോട്ടലിനെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ്. രണ്ട് കോടിയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്. ഈ വർഷം മെയിൽ കേസ് വീണ്ടും കോടതി പരിഗണിക്കും. ബട്ടര്‍ചിക്കന്‍ പാകം ചെയ്യുന്ന വിധം ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. അതുകൊണ്ട് തന്നെ പേറ്റന്റ്‌ സംബന്ധിച്ച ചോദ്യം ഉയരുന്നില്ലെന്നും ആദ്യമായി ഉണ്ടാക്കിയത് ആരെന്നുള്ള തര്‍ക്കമാണ് തീര്‍പ്പാക്കേണ്ടത് എന്നുമാണ് നിയമ വിദഗ്ദ്ധരുടെ അഭിപ്രായം

ഭക്ഷണത്തിന്റെ ഉറവിടം സംബന്ധിച്ചുള്ള തകർക്കം ഇന്ത്യയിൽ ഇതാദ്യമല്ല. തെക്കേ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഇഡലിയെക്കുറിച്ചുമുണ്ടായിരുന്നു തർക്കം. ഇന്തോനേഷ്യയിൽ നിന്നാണ് ഇഡലി വന്നതെന്നാണ് ചില ചരിത്രകാരന്മാരുടെ വാദം. മറിച്ച് ഹിന്ദു രാജാക്കന്മാർക്ക് വേണ്ടി ഉണ്ടാക്കിയ ഭക്ഷണമെന്നാണ് എതിർവാദം. മധുരപ്രിയരുടെ ഇഷ്ടവിഭവമായ രസഗുളയുടെ പേരിൽ രണ്ടു സംസ്ഥാനങ്ങൾ തമ്മിൽ വരെ തർക്കം ഉണ്ടായിരുന്നു. 2017ൽ രസഗുളക്കുള്ള ജോഗ്രഫിക്കൽ ഇൻഡിക്കേഷൻ (ജിഐ) ടാഗ് ബംഗാളിന് നൽകി. എന്നാൽ ഒഡീഷ ഇത് അംഗീകരിക്കാൻ തയാറായില്ല. നീണ്ട പോരാട്ടത്തിനൊടുവിൽ ‘ഒഡിഷ രസഗുള’ക്ക് 2019ൽ ജിഐ ടാഗ് ലഭിച്ചു.

തീർന്നില്ല, ബിരിയാണിയുടെയും കബാബിന്റെയും പേരിൽ വരെ അവകാശ തർക്കമുണ്ടായിരുന്നു. മലബാർ, ഹൈദരാബാദി, ലക്നൗവി തുടങ്ങി വിവിധതരം ബിരിയാണികളാണ് ഇന്ത്യയിൽ ഉടനീളമുള്ളത്. ഹൈദരാബാദി ഒഴികെ മറ്റെല്ലാ ബിരിയാണികളെയും പുലാവെന്ന് വിളിക്കണമെന്നായിരുന്നു തർക്കം. 2018ൽ ‘ടുണ്ടയ് കബാബിന്റെ’ അവകാശത്തെ ചൊല്ലിയുള്ള തർക്കം ലക്നൗ കോടതി പരിഗണിച്ചിരുന്നു. ലക്നൗവിലെ ഹാജി മുറാദ് അലി ടുണ്ടയുടെ പേരക്കുട്ടികൾ തമ്മിലുള്ള തർക്കത്തിൽ അലിയുടെ മകന്റെ മകനായ മുഹമ്മദ് ഉസ്മാനാണ് വിഭവത്തിന്റെ അവകാശിയെന്ന് കോടതി വിധിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top