മധുവിധുവിന് പിന്നാലെ ഓര്‍മയായി അഖിലും അനുവും; ഡ്രൈവര്‍ ഉറങ്ങിയത് അപകടകാരണം

പത്തനംതിട്ട കൂടലില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ച കാര്‍ അപകടത്തിന് കാരണമായത് കാര്‍ ഓടിച്ചയാള്‍ ഉറങ്ങിപ്പോയതിനെ തുടര്‍ന്നെന്നു സൂചന. ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്. മോട്ടോര്‍ വാഹനവകുപ്പ് പരിശോധന തുടങ്ങിയിട്ടുണ്ട്.
35 കി.മീറ്റര്‍ വേഗതമാത്രം അനുവദിച്ച റോഡിലാണ് അപകടം നടന്നത്. നിയന്ത്രണം തെറ്റിയാണ് കാര്‍ ആന്ധ്രയില്‍ നിന്നുള്ള അയ്യപ്പന്‍മാര്‍ സഞ്ചരിച്ച ബസിലേക്ക് ഇടിച്ചുകയറിയത്. അപകടത്തില്‍ മരിച്ച അനുവിന്റെയും അഖിലിന്റെയും വിവാഹം ഈ കഴിഞ്ഞ 30നാണ് നടന്നത്. മധുവിധുവിനാണ് മലേഷ്യയിലേക്ക് പോയത്.
എയര്‍പോര്‍ട്ടില്‍ നിന്നും ഇവരെ കൂട്ടി തിരിച്ചുവരുമ്പോഴാണ് കാര്‍ ബസുമായി കൂട്ടിയിടിച്ചത്. വീട് എത്താന്‍ വെറും ഏഴ് കിലോമീറ്റര്‍ മാത്രം ഉള്ളപ്പോഴാണ് ദുരന്തം നടന്നത്. അനുവിന്റെ പിതാവ് ബിജു പി. ജോര്‍ജാണ് കാര്‍ ഓടിച്ചത്. നിഖിലിന്റെ പിതാവ് ഈപ്പന്‍ മത്തായിയുമായിരുന്നു കാറിന്റെ മുന്‍സീറ്റില്‍. ആരും അപകടത്തില്‍ രക്ഷപ്പെട്ടില്ല.
എട്ടു വര്‍ഷം പ്രണയിച്ച ശേഷമാണ് അനുവും അഖിലും വിവാഹിതരായത്. ആഘോഷപൂര്‍വമായ വിവാഹമാണ് നടന്നതും. അതുകൊണ്ട് തന്നെ ഇവരുടെ കുടുംബത്തിന് വന്ന ദുരന്തം നാടിനെ നടുക്കി.
അപകടം നടന്ന ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാറിൽ കുടുങ്ങിയവരെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്ത് എടുത്തത്. കാർ ബസിനുള്ളിലേക്ക് ഇടിച്ചു കയറിയ നിലയിലായിരുന്നു. പോലീസും ഫയർഫോഴ്സും നാട്ടുകാരും എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here