മന്ത്രി മാലയിട്ട് സ്വീകരിച്ച സുധീഷിന്‍റെ അറസ്റ്റ് ഉടന്‍ എന്ന് എസ്പി; പത്തനംതിട്ട സിപിഎമ്മില്‍ ഉരുള്‍പൊട്ടല്‍

പത്തനംതിട്ടയില്‍ മന്ത്രി മാലയിട്ട് സ്വീകരിച്ച വധശ്രമക്കേസ് പ്രതി സുധീഷിനെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പത്തനംതിട്ട എസ്പി വി.അജിത്ത്. ക്രിമിനല്‍ പശ്ചാത്തലമുള്ളവരുടെ സ്വീകരണ പരിപാടിയില്‍ മന്ത്രി പങ്കെടുത്തതില്‍ ഇന്റലിജന്‍സ് വീഴ്ച ഉണ്ടായിട്ടില്ലെന്നും എസ്പി പറഞ്ഞു. സുധീഷ്‌ ജാമ്യത്തിന് ശ്രമിച്ചിരുന്നു. കോടതി തള്ളിയതിനാല്‍ കീഴടങ്ങിയേ തീരൂ. എന്നാല്‍ നേര്‍വിപരീതമായാണ് പത്തനംതിട്ട സിപിഎം ജില്ലാ സെക്രട്ടറി കെ .പി.ഉദയഭാനു പ്രതികരിച്ചത്. സുധീഷ്‌ പ്രതിയായ കേസ് മുന്നോട്ട് പോകില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. വാദിയും പ്രതിയും തമ്മില്‍ ഒത്തുതീര്‍പ്പിന് ശ്രമിക്കുകയാണ് എന്നും കോടതിയെ സമീപിക്കും എന്നുമാണ് പറഞ്ഞത്. ഇതോടെ പ്രതിപക്ഷം എതിര്‍പ്പ് ശക്തമാക്കി. കേസ് ഒതുക്കാം എന്ന ഡീലിലാണ് കാപ്പ കേസ് പ്രതികള്‍ അടങ്ങിയ ക്രിമിനല്‍ സംഘം സിപിഎമ്മില്‍ ചേര്‍ന്നത് എന്ന ആരോപണമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്.

ശരണ്‍ ചന്ദ്രനും സുധീഷും ഉള്‍പ്പെടെ 62 പേരെയാണ് സിപിഎം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു, മന്ത്രി വീണാ ജോര്‍ജ് എന്നിവരുടെ സാന്നിധ്യത്തില്‍ സിപിഎമ്മിലേക്ക് സ്വീകരിച്ചത്. ക്രിമിനല്‍ക്കേസ് പ്രതികളെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത് സിപിഎമ്മിലും പുതിയ വിവാദത്തിന് തുടക്കമിട്ടിട്ടുണ്ട്. തിരുത്തല്‍ നടപടിക്ക് കേന്ദ്ര നേതൃത്വം നിര്‍ദേശിച്ചപ്പോഴാണ് ക്രിമിനലുകളെ പാര്‍ട്ടി പരസ്യമായി ഒപ്പം കൂട്ടിയത്. മന്ത്രിയും ജില്ലാ സെക്രട്ടറിയും ചേര്‍ന്ന് മാലയിട്ട് സ്വീകരിച്ചത് ഗൗരവം വര്‍ധിപ്പിക്കുകയും ചെയ്തു. വിവാദങ്ങള്‍ മാനക്കേടായെന്നാണ് ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നത്. വിവാദം പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അന്വേഷിക്കണം എന്ന ആവശ്യമാണ് ജില്ലയില്‍ ഇന്നും ഉയരുന്നത്.

2023 നവംബര്‍ 20ന് പത്തനംതിട്ടയില്‍ കാറില്‍ എത്തിയ എസ്എഫ്ഐക്കാരായ യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ച കേസിലാണ് സുധീഷ് ഉള്‍പ്പെടെ ആറുപേര്‍ക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തത്. സിപിഎം മാലയിട്ട് സ്വീകരിച്ച കാപ്പ കേസ് പ്രതി ശരണ്‍ ചന്ദ്രനാണ് കേസില്‍ ഒന്നാം പ്രതി. നാലാം പ്രതിയായ സുധീഷ് എറണാകുളത്തേക്ക് കടന്നു കളഞ്ഞു എന്നാണ് പൊലീസിന് വിവരം ലഭിച്ചിരുന്നത്. ഇതേ സുധീഷിനെയാണ് കഴിഞ്ഞ വെള്ളിയാഴ്ച സിപിഎം മാലയിട്ട് സ്വീകരിച്ചത്.

ശരണ്‍ ചന്ദ്രന്‍ കാപ്പ നടപടികള്‍ കഴിഞ്ഞ ആളാണ്‌ എന്നാണ് സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞത്. ഇതേ കാലയളവില്‍ മറ്റൊരു കേസില്‍ കുടുങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ കാപ്പയുടെ പരിധിയില്‍ തുടരുകയാണ് ശരണ്‍ ചന്ദ്രനും. പാര്‍ട്ടി അംഗത്വമെടുത്തവരില്‍ ഒരാളായ യദുകൃഷ്ണനും കഞ്ചാവ് കേസില്‍ പിടിയിലായിരുന്നു. ഇതും വിവാദമായിരുന്നു. കുമ്പഴ ജങ്ഷനില്‍വെച്ചാണ് ഇയാള്‍ എക്സൈസ് സംഘത്തിന്റെ പിടിയിലായത്. യദുകൃഷ്ണനെ കേസില്‍ കുടുക്കുകയായിരുന്നെന്ന് സിപിഎം പത്തനംതിട്ട ഏരിയ സെക്രട്ടറി എം.വി.സഞ്ജു ആരോപിച്ചിരുന്നു. എന്നാല്‍ എക്സൈസ് ഇത് തള്ളിയാണ് റിപ്പോര്‍ട്ട് നല്‍കിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top