കാപ്പ പ്രതിയെ സ്വീകരിച്ചതിന് പാര്‍ട്ടി ജില്ലാ സെക്രട്ടറിയുടെ വിചിത്ര വിശദീകരണം; ശരണ്‍ കാപ്പ പ്രതിയല്ലെന്ന് ഉദയഭാനു

കാപ്പ പ്രതിയെ മാലയിട്ട് സ്വീകരിച്ചതില്‍ പത്തനംതിട്ട സിപിഎമ്മില്‍ വിവാദം പുകയവേ വിശദീകരണവുമായി പാര്‍ട്ടി ജില്ലാ സെക്രട്ടറി ഉദയഭാനു രംഗത്ത്. നിലവില്‍ ശരണ്‍ കാപ്പ പ്രതിയല്ല, ഇയാളെ നാടുകടത്തിയിട്ടുമില്ല എന്നാണ് ഉദയഭാനു പറഞ്ഞത്. ക്രിമിനല്‍ കേസുകളിലെ പ്രതിയെ മന്ത്രിയുടെ സാന്നിധ്യത്തില്‍ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചതില്‍ പ്രതിഷേധം ശക്തമാണ്. സോഷ്യല്‍ മീഡിയയിലാണ് അണികളുടെ പ്രതിഷേധം. കാപ്പ പ്രതിയെ സ്വീകരിക്കുന്ന പരിപാടിയിലെ മന്ത്രിയുടെ സാന്നിധ്യവും വിമര്‍ശിക്കപ്പെടുകയാണ്.

മലയാലപ്പുഴ സ്വദേശി ഇഡ്ഡലി ശരൺ എന്ന് വിളിക്കുന്ന ശരൺ ചന്ദ്രനെയാണ് പാര്‍ട്ടിയിലേക്ക് മന്ത്രി വീണ ജോര്‍ജിന്റെ സാന്നിധ്യത്തില്‍ മാലയിട്ട് സ്വീകരിച്ചത്. കഴിഞ്ഞ മാസം 23നാണ് ഇയാള്‍ ജയില്‍ മോചിതനായത്. ബിജെപി അനുഭാവിയായിരുന്നു ശരണ്‍. കൂട്ടാളികളെയും കൂട്ടിയാണ് സിപിഎമ്മില്‍ ചേര്‍ന്നത്. 60 ഓളം പേരാണ് ഈ ചടങ്ങില്‍ സിപിഎമ്മില്‍ ചേര്‍ന്നത്. ബിജെപിയില്‍ നിന്നും അകന്നുനില്‍ക്കുന്ന സമയത്താണ് ശരണിന്റെ സിപിഎം പ്രവേശം.

പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനുവിനെ നേരിട്ടുകണ്ടാണ് ശരണ്‍ പാര്‍ട്ടിയിലേക്ക് പ്രവേശനം നേടിയത്. വിവിധ കേസുകളില്‍ പ്രതിയാണ് ശരണ്‍. ഈ കേസുകളില്‍ നിന്നുള്ള പോലീസ് ശല്യം ഒഴിവാക്കുകയാണ് ശരണിന്റെ ലക്ഷ്യം. പാര്‍ട്ടി സംരക്ഷണം ഉറപ്പുനല്‍കിയെന്ന് ഇയാള്‍ പറഞ്ഞതും വിവാദമായിട്ടുണ്ട്.

കാപ്പാ ചുമത്തിയിട്ടും ശരൺ വീണ്ടും ക്രിമിനല്‍ കേസില്‍ പ്രതിയായി. ഇതോടെ അറസ്റ്റിലായി ജയിലിലായി. ഹൈക്കോടതിയിൽ നിന്ന് ജാമ്യം നേടിയാണ് പുറത്തിറങ്ങിയത്. ഈ കേസുകള്‍ നിലനില്‍ക്കുമ്പോള്‍ തന്നെയാണ് മാലയിട്ട് ശരണിനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top