100 കോടി തട്ടിയ ബ്ലേഡ് കമ്പനിക്കെതിരെ 124 കേസുകള്‍; വാഗ്ദാനം 16 ശതമാനം പലിശ; ഉടമയും കുടുംബവും കാണാമറയത്ത് തന്നെ

പത്തനംതിട്ട: നൂറ് കോടിയോളം രൂപ നിക്ഷേപകരില്‍ നിന്നും കവര്‍ന്ന് മുങ്ങിയ പത്തനംതിട്ട പുല്ലാട്ടെ ജി ആന്‍ഡ് ജി ഫിനാന്‍സ് ഉടമകള്‍ ഇപ്പോഴും കാണാമറയത്ത്. അന്വേഷണം നടക്കുന്നുണ്ടെങ്കിലും പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിട്ടില്ല. പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപത്തട്ടിപ്പിന് സമാനമായ തട്ടിപ്പാണ് പത്തനംതിട്ട പുല്ലാട്ടെ ജി ആന്‍ഡ് ജി ഫിനാന്‍സിലും നടന്നിരിക്കുന്നത്. ജി ആന്‍ഡ് ജി ഫിനാന്‍സിയേഴ്‌സ് നടത്തിപ്പുകാരായ ഡി. ഗോപാലകൃഷ്ണന്‍ നായര്‍, ഭാര്യ സിന്ധു വി.നായര്‍, മകന്‍ ഗോവിന്ദ് ജി.നായര്‍, മരുമകള്‍ ലക്ഷ്മി എന്നിവരെയാണ് പോലീസ് അന്വേഷിക്കുന്നത്. പത്തനംതിട്ട ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ ഇവര്‍ക്കെതിരെയുള്ള കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതികൾ രാജ്യം വിടാതിരിക്കാന്‍ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. . എയർപോർട്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണവുവുമുണ്ട്.

ആറന്മുള, കോയിപ്രം, തിരുവല്ല, പന്തളം, കീഴ്വായ്പൂര്‍ സ്റ്റേഷനുകളിലായി സ്ഥാപനത്തിനെതിരെ 124 ഓളം കേസുകളുണ്ട്. വിശ്വാസവഞ്ചന, ചതി എന്നിവയ്ക്ക് പുറമേ സാമ്പത്തിക തട്ടിപ്പിനുള്ള ബഡ്‌സ് ആക്ട് കൂടി കേസുകളില്‍ ചുമത്തിയിട്ടുണ്ട്. പത്തനംതിട്ടയിലെ പുല്ലാട്, ഉറിയന്നൂര്‍, കോയിപ്രം, തെള്ളിയോട്, എഴുമറ്റൂര്‍, തടിയൂര്‍, കോഴഞ്ചേരി, കുമ്പനാട് തുടങ്ങി വലിയ പ്രദേശം മുഴുവന്‍ ഈ സാമ്പത്തിക തട്ടിപ്പില്‍ കുരുങ്ങി തകര്‍ന്ന അവസ്ഥയിലാണ്. നിക്ഷേപകരില്‍ ഒരു വലിയ വിഭാഗം ഇവിടെയുള്ളവരാണ്. നിക്ഷേപത്തിന് ലഭിച്ചിരുന്ന പലിശ മുടങ്ങിയതോടെയാണ് ഇവര്‍ സ്ഥാപനത്തിലെത്തിയത്. കൂടുതല്‍ നിക്ഷേപകര്‍ രംഗത്ത് വന്നതോടെ ജനുവരി അവസാന വാരം ഉടമയും കുടുംബവും മുങ്ങുകയായിരുന്നു.

ജി ആന്‍ഡ് ജിയിലെ നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് ഒട്ടനവധി എഫ്ഐആറുകള്‍ കോയിപ്രം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വന്‍ തുകകള്‍ പലര്‍ക്കും നഷ്ടമായിട്ടുണ്ട്. ഒരു കോടി രൂപവരെ നിക്ഷേപം നടത്തിയവരുണ്ട്-കോയിപ്രം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ജി.സുരേഷ് കുമാര്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. ഉടമകള്‍ മുങ്ങിയിരിക്കുകയാണ്. അന്വേഷണം നടക്കുന്നുണ്ട്. മൊത്തം 13 കോടിയോളം നഷ്ടമായ പരാതി ഈ സ്റ്റേഷനില്‍ തന്നെയുണ്ട് -എസ്എച്ച്ഒ പറഞ്ഞു.

16 ശതമാനം പലിശയാണ് ജി ആന്‍ഡ് ജി വാഗ്ദാനം ചെയ്തത്. കേന്ദ്ര സര്‍ക്കാര്‍ അംഗീകാരമുള്ള സര്‍ട്ടിഫിക്കറ്റ് അവര്‍ എന്നെ കാണിച്ചിരുന്നു. അതുകൊണ്ടാണ് രണ്ട് തവണയായി ആകെ ഇരുപത് ലക്ഷം നിക്ഷേപം നടത്തിയത്-നിക്ഷേപത്തട്ടിപ്പില്‍ കുരുങ്ങിയ ജേക്കബ് ഇമ്മാനുവേല്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. “ഇപ്പോള്‍ പരാതിയും പോലീസ് കേസുമായി മുന്നോട്ട് പോവുകയാണ്. ഉടമയുടെ കുടുംബം വളരെ വര്‍ഷങ്ങളായി ഇവിടെ ഫിനാന്‍സ് സ്ഥാപനം നടത്തുന്നവരാണ്. വലിയ വിശ്വാസമാണ് ഇവര്‍ക്കുണ്ടായിരുന്നു. ആ വിശ്വാസമാണ് ഇവര്‍ ചൂഷണം ചെയ്തത്. നിക്ഷേപകര്‍ ആത്മഹത്യാ മുനമ്പിലാണ്”-ജേക്കബ് ഇമ്മാനുവേല്‍ പറഞ്ഞു.

പത്തനംതിട്ട പുല്ലാട് ആസ്ഥാനമായാണ് ജി ആന്‍ഡ് ജി പ്രവര്‍ത്തിച്ചിരുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം ജില്ലകളിലായി 48 ബ്രാഞ്ചുകളുണ്ടായിരുന്നു. ഉയര്‍ന്ന പലിശയാണ് മുഖ്യ ആകര്‍ഷണം. ഇതില്‍ കുടുങ്ങി വന്‍ തുകകള്‍ നിക്ഷേപം നടത്തിയവരാണ് തട്ടിപ്പിനിരയായത്. പുല്ലാട് ഹെഡ്ഓഫീസും മറ്റ് ബ്രാഞ്ചുകളും അടച്ചിട്ട നിലയിലാണ്. പണയമായി ലഭിച്ച സ്വര്‍ണം ദേശസാത്കൃത ബാങ്കുകളില്‍ പണയം വെച്ചിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം.

ഗോപാലകൃഷ്ണന്‍ നായരുടെ കുടുംബം നടത്തിയിരുന്ന സ്ഥാപനമായിരുന്നു പിആര്‍ഡി ഫിനാന്‍സിയേഴ്‌സ്. ഗോപാലകൃഷ്ണനും സഹോദരന്‍ ഡി.അനില്‍കുമാറുമായിരുന്നു സ്ഥാപന നടത്തിപ്പ്. അനില്‍കുമാര്‍ നിക്ഷേപത്തട്ടിപ്പില്‍ അകത്തായതോടെ ഗോപാലകൃഷ്ണന്‍ ഈ സ്ഥാപനം പേരുമാറ്റി ജി ആന്റ് ജി ഫിനാന്‍സിയേഴ്സ് എന്നാക്കുകയായിരുന്നു. അനില്‍കുമാര്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. അതിന് ശേഷമാണ് കോടികള്‍ കവര്‍ന്ന് ഗോപാലകൃഷ്ണന്‍ നായരും കുടുംബവും മുങ്ങിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top