വൈദ്യുതി മുടങ്ങിയതില്‍ ക്ഷുഭിതരായ നാട്ടുകാര്‍ കെഎസ്ഇബി ഓഫീസിലെത്തി ഓവര്‍സിയറെ മര്‍ദിച്ചു; വനിതാ എഞ്ചിനീയറോട് ഇനിയും തല്ലുമെന്ന് ഭീഷണിയും; മര്‍ദനമേറ്റ വിന്‍സെന്റ് ആശുപത്രിയില്‍
മല്ലപ്പള്ളി: വൈദ്യുതി മുടങ്ങിയതില്‍ ക്ഷുഭിതരായ ഒരു സംഘം കെഎസ്ഇബി ഓവര്‍സിയറെ മര്‍ദിച്ചു. വായ്പൂര് സെക്ഷനിലെ ഉദ്യോഗസ്ഥന്‍ തിരുവനന്തപുരം സ്വദേശി വിന്‍സെന്റി (45)നാണ് മര്‍ദനമേറ്റത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്.
അടിയില്‍ കരണം പുകഞ്ഞ ഓവര്‍സിയര്‍ മുഖം പൊത്തിപ്പിടിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. തല്ലിയത് എന്തിനെന്ന് വനിതാ എഞ്ചിനീയര്‍ ചോദിക്കുമ്പോള്‍ ഇനിയും തല്ലുമെന്നാണ് സംഘത്തില്‍ നിന്നുള്ള മറുപടി. മര്‍ദനം ചോദ്യം ചെയ്ത ഓഫീസിലെ വനിതാ സബ് എഞ്ചിനീയര്‍ അടക്കമുള്ളവരെ ഭിഷണിപ്പെടുത്തുകയും ചെയ്തു. വിന്‍സെന്റിനെ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എഴുമറ്റൂര്‍ അരീക്കലില്‍നിന്ന് എത്തിയവരാണ് ആക്രമിച്ചത്. ഇവര്‍ മദ്യപിച്ചിരുന്നതായി ജീവനക്കാര്‍ പറയുന്നു.
മല്ലപ്പള്ളി, എഴുമറ്റൂര്‍, കൊറ്റനാട് പഞ്ചായത്തുകളില്‍ ഇന്നലെ വൈകീട്ട് മഴയും കാറ്റും കാരണം മരങ്ങള്‍ വീണ് നിരവധി വൈദ്യുത പോസ്റ്റുകള്‍ തകര്‍ന്നിരുന്നു. ആയിരത്തോളം വീടുകളില്‍ വൈദ്യുതി മുടങ്ങി. വിഷു ദിവസം അവധിയില്‍ ആയിരുന്നവരെക്കൂടി വിളിച്ചു വരുത്തിയാണ് ജീവനക്കാര്‍ അറ്റകുറ്റപ്പണികള്‍ നടത്തിയത്. ഇതിനിടയിലാണ് ജീവനക്കാര്‍ക്ക് നേരെ കയ്യേറ്റം നടന്നത്. പെരുമ്പെട്ടി പോലീസ് കേസെടുത്തു.
“അക്രമ സംഘത്തിലുള്ള ആളുകളില്‍ ചിലരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഓവര്‍സിയറുടെ മൊഴി രേഖപ്പെടുത്തുന്ന നടപടി നടക്കുകയാണ്. അതിനുശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും.” – പെരുമ്പെട്ടി പോലീസ് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here