കുറ്റമേല്‍ക്കാന്‍ മർദിച്ചു, ഭീഷണിപ്പെടുത്തി; പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി അഫ്സാന

പത്തനംതിട്ട കലഞ്ഞൂർ സ്വദേശി നൗഷാദിന്റെ തിരോധാന കേസില്‍ പൊലീസ് മർദിച്ചെന്ന ആരോപണവുമായി ഭാര്യ അഫ്സാന. പൊലീസിന്റെ ക്രൂരമർദനത്തെ തുടർന്നാണ് നൗഷാദിനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയതായി സമ്മതിച്ചതെന്നും, കുറ്റസമ്മതം നടത്തിയില്ലെങ്കില്‍ പിതാവിനെ പ്രതിചേർക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അഫ്സാന പറഞ്ഞു. കേസില്‍ ജാമ്യം ലഭിച്ചതിനെതുടർന്ന് അട്ടക്കുളങ്ങര വനിതാ ജയിലിൽനിന്ന് പുറത്തിറങ്ങി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അഫ്സാന.

വനിതാ പൊലീസും ഉയർന്ന പൊലീസുകാരടക്കം ക്രൂരമായി മർദിച്ചു. പുറം ഒക്കെ അടിച്ചുകലക്കി. രണ്ടു ദിവസത്തോളം ഭക്ഷണവും വെള്ളവും തന്നില്ല. ഉറങ്ങാൻ ശ്രമിച്ചാല്‍ അടിക്കുമെന്ന് പറഞ്ഞു. രണ്ടു കുഞ്ഞുങ്ങളെയും ഒരിക്കലും കാണിക്കില്ലെന്നു പറഞ്ഞു. വാപ്പയെ പ്രതിചേർക്കുമെന്നും കെട്ടിത്തൂക്കുമെന്നും പറഞ്ഞു. വേദന സഹിക്കാതെ വന്നപ്പോഴാണ് താന്‍ കുറ്റസമ്മതം നടത്തിയതെന്നും അഫ്സാന പറയുന്നു. പുറത്തുകാണിക്കാന്‍ പറ്റാത്ത ശരീരഭാഗങ്ങളില്‍ വരെ മുറിവുണ്ട്. പലതവണ വായിലേക്ക് പെപ്പർ സ്പ്രേ പ്രയോ​ഗിച്ച് പീഢിപ്പിച്ചു. പൊലീസ് പറഞ്ഞ സ്ഥലമാണ് മൃതദേഹം കുഴിച്ചിട്ടെന്ന നിലയിൽ കാണിച്ചത്. പൊലീസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അഫ്സാന പറഞ്ഞു.

നൗഷാദിന് മാനസിക വെല്ലുവിളി ഉണ്ടായിരുന്നെന്നും അഫ്സാന ആരോപിച്ചു. നൗഷാദ് നാടുവിടാൻ കാരണമെന്താണെന്ന് തനിക്കറിയില്ല. നൗഷാദാണ് തന്നെയും കുട്ടികളെയും നിരന്തരം മർദിച്ചിരുന്നതെന്നും താന്‍ മർദിച്ചുവെന്ന ആരോപണം തെറ്റാണെന്നും അഫ്സാന പറഞ്ഞു.

ഒന്നര വർഷം മുൻപ് പത്തനംതിട്ട കലഞ്ഞൂരിൽനിന്ന് കാണാതായ നൗഷാദിനെ തൊടുപുഴയിലെ തൊമ്മൻകുത്തിലെ ജോലിസ്ഥലത്ത് നിന്നാണ് ജീവനോടെ കണ്ടെത്തിയത്. 2021 നവംബറിലാണ് നൗഷാദിനെ കാണാനില്ലെന്ന് പിതാവ് പൊലീസിൽ പരാതിപ്പെടുന്നത്. കേസില്‍ ആറ് മാസം മുൻപ് ഭാര്യ അഫ്സാനയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. എന്നാല്‍, മൊഴികളില്‍ വെെരുദ്ധ്യം കണ്ട് സംശയം തോന്നിയ പൊലീസ് ഇവരെ കൂടുതല്‍ ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലില്‍ താന്‍ നൗഷാദിനെ കൊലപ്പെടുത്തിയെന്ന് അഫ്സാന പൊലീസിനോട് പറഞ്ഞു.

മൊഴിയുടെ അടിസ്ഥാനത്തില്‍ അഫ്സാനയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. തെളിവ് നശിപ്പിക്കൽ, പൊലീസിനെ കബളിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി രജിസ്റ്റർ ചെയ്ത കേസിലാണ് അഫ്സാനയെ അറസ്റ്റ് ചെയ്തത്. തുടർന്ന് മൃതദേഹത്തിനായി പരുത്തിപ്പാറയിലെ വീട് ഉൾപ്പെടുന്ന പ്രദേശത്ത് പൊലീസ് പരിശോധന നടത്തിയെങ്കിലും തെളിവുകളൊന്നും കണ്ടെത്താനായില്ല. ഇതിനിടെ നൗഷാദിന്റെ ജോലിസ്ഥലത്തെ ഒരാള്‍ നല്‍കിയ വിവരമനുസരിച്ചാണ് പൊലീസ് തൊടുപുഴയിലെത്തിയത്. അഫ്സാനയ്ക്കെതിരെ എടുത്ത കേസിൽ പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകുമെന്നും പൊലീസിനെ കബളിപ്പിച്ചുവെന്ന കേസ് നിലനിൽക്കുമെന്നുമാണ് റിപ്പോർട്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top