ബാങ്ക് പ്രസിഡൻ്റെന്ന നിലക്ക് ഒരു ആനുകൂല്യവും വേണ്ട, എഴുതി നൽകി പത്തനംതിട്ട സഹകരണ ബാങ്ക് പ്രസിഡന്റ് അനില്‍ തോമസ്; സഹകരണ മേഖലയുടെ വിശ്വാസ്യ തകര്‍ച്ചയ്ക്കിടയില്‍ വേറിട്ട തീരുമാനം

തിരുവനന്തപുരം: കരുവന്നൂര്‍ ബാങ്കിന്റെ തകര്‍ച്ച സഹകരണമേഖലയുടെ വിശ്വാസ്യത ഉലച്ചിരിക്കെ നഷ്ടമായ വിശ്വാസം തിരിച്ച് പിടിക്കാന്‍ പത്തനംതിട്ടയില്‍ നിന്നും ശ്രദ്ധേയ നീക്കം. പത്തനംതിട്ട സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്ന നിലയില്‍ ഓണറേറിയവും ബത്തയും സ്വീകരിക്കില്ലെന്നാണ് യുഡിഎഫ് ഭരണസമിതിയുടെ പുതിയ പ്രസിഡന്റായ അഡ്വ. അനില്‍ തോമസിന്റെ പ്രഖ്യാപനം. കഴിഞ്ഞ സെപ്തംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ യുഡിഎഫാണ് വീണ്ടും അധികാരത്തിലെത്തിയത്. കാല്‍ നൂറ്റാണ്ടായി ബാങ്ക് ഭരണം യുഡിഎഫിനാണ്. ബാങ്കിന്റെ ആദ്യ യോഗം ഒക്ടോബറില്‍ നടന്നപ്പോഴാണ് ഈ പ്രഖ്യാപനം നടത്തിയത്. അത് മിനുട്സില്‍ രേഖപ്പെടുത്തുകയും ചെയ്തു.
സഹകരണ ബാങ്കുകളെ സംബന്ധിച്ചിടത്തോളം പ്രധാന പദവിയാണ് പ്രസിഡന്റിന്‍റെത്. കോടികള്‍ നിക്ഷേപമുള്ള ബാങ്കിന്റെ ധനപരമായ തീരുമാനങ്ങള്‍ പ്രസിഡന്റിന്‍റെ കൈകളിലാണ്. ഈ പദവിയിലിരുന്ന് സമ്പന്നരായ പശ്ചാത്തലമാണ് പലരുടെയും. ഇതില്‍ നിന്നൊക്കെ വേറിട്ട തീരുമാനമാണ് അനില്‍ തോമസിന്റെത്.
“പ്രസ്ഥാനത്തോടുള്ള പ്രതിബദ്ധത തന്നെയാണ് എന്നെ നയിക്കുന്നത്. കരുവന്നൂര്‍ ബാങ്ക് തകർച്ച ഉണ്ടായതോടെ സഹകരണ ബാങ്കുകളുടെ തലപ്പത്തുള്ളവരെല്ലാം അഴിമതിക്കാരാണെന്നും ജനങ്ങളുടെ പണം കൊളളയടിക്കുന്നവരാണെന്നുമുള്ള ധാരണ പൊതുസമൂഹത്തില്‍ വന്നിട്ടുണ്ട്. ബാങ്കുകളുടെ വിശ്വാസ്യത വീണ്ടെടുക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ തീരുമാനം” -അനില്‍ തോമസ് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. “ഈ പദവി സംഘടനാ പ്രവര്‍ത്തനത്തിന്റെ പേരില്‍ കിട്ടുന്ന അംഗീകാരമാണ്. സാമ്പത്തിക നേട്ടമല്ല മോഹിപ്പിക്കുന്നത്. ബാങ്കിന്റെ ഒരു രൂപ പോലും പ്രസിഡന്റായി തുടരുന്ന കാലത്തോളം സ്വീകരിക്കില്ല” -അനില്‍ തോമസ് നയം വ്യക്തമാക്കുന്നു.
അഞ്ച് വര്‍ഷമാണ് സഹകരണ ബാങ്ക് ഭരണസമിതിയുടെ കാലാവധി. തൊട്ടടുത്തുള്ള, ഇപ്പോള്‍ ക്രമക്കേടുകളില്‍ സ്ഥാനം പിടിച്ചിട്ടുള്ള മൈലപ്ര സര്‍വീസ് സഹകരണ ബാങ്ക് സിപിഎമ്മാണ് ഭരിക്കുന്നത്. പത്തനംതിട്ട സര്‍വീസ് സഹകരണ ബാങ്ക് ഭരിക്കാന്‍ ഇക്കുറിയും സിപിഎം കൊണ്ട് പിടിച്ച് ശ്രമിച്ചെങ്കിലും പോരാട്ടം വിജയിച്ചില്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here