ദുരന്തമായി മാറിയ കെ-ഫോൺ പദ്ധതി; 1531 കോടി ചെലവഴിച്ചിട്ടും കാൽക്കാശ് വരുമാനമില്ലാത്ത വെള്ളാന; നൂറുകോടി വീതം തിരിച്ചടവിന് ഇനി വഴിയെന്ത്?

വിവര സാങ്കേതിക രംഗത്ത് കേരളത്തിൻ്റെ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന പദ്ധതിയെന്ന് വിശേഷിക്കപ്പെട്ട കെ-ഫോൺ പെരുവഴിയിലായി. സംസ്ഥാനത്തെ ജനങ്ങൾക്ക് സർക്കാറിന്റെ നിയന്ത്രണത്തിൽ ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കുന്നതിന് 2017ലെ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയാണ് കേരള ഫൈബർ ഒപ്ടിക് നെറ്റ്‌വർക്ക് അഥവാ കെ-ഫോൺ. 2017ൽ ആരംഭിച്ച കെ-ഫോൺ പദ്ധതിയിലൂടെ 18 മാസത്തിനുള്ളിൽ 20 ലക്ഷം വീടുകളിൽ സൗജന്യ ഇന്റർനെറ്റ് കണക്ഷനും 30,000 സർക്കാർ ഓഫീസുകളിൽ ഇന്റർനെറ്റ് ശൃംഖലയും സജ്ജമാക്കും എന്നാണ് വാഗ്ദാനം ചെയ്തത്. പക്ഷേ ഏഴ് വർഷം കഴിഞ്ഞിട്ടും പദ്ധതി ഫലപ്രാപ്തിയിലെത്തിയില്ല. കെടുകാര്യസ്ഥതയും അഴിമതിയും അരങ്ങുവാണപ്പോൾ കെ-ഫോൺ ഉദ്ദേശിച്ച ലക്ഷ്യം കൈവരിക്കാതെ വെറും വെള്ളാനയായി.

തുടക്കത്തിൽ കെ-ഫോണിൻ്റെ വാണിജ്യ കണക്ഷൻ എടുക്കാൻ താല്പര്യം പ്രകടിപ്പിച്ച സ്ഥാപനങ്ങളിൽ ഏതാണ്ട് 90 ശതമാനവും പിൻവാങ്ങി. വാഗ്ദാനം ചെയ്ത സമയ പരിധിക്കുള്ളിൽ കണക്ഷൻ നൽകാത്തതാണ് കാരണം. കെഎസ്ഇബി വൈദ്യുതി ശൃംഖലയ്ക്ക് സമാന്തരമായാണ് ഒപ്റ്റിക് ഫൈബര്‍ കേബിളുകൾ വലിച്ചിരിക്കുന്നത്. 1000 കോടി രൂപ കിഫ്ബിയിൽ നിന്ന് കടമെടുത്ത് പദ്ധതി തുടങ്ങുമെന്നാണ് ബജറ്റിൽ പ്രഖ്യാപിച്ചത്. പദ്ധതിയുടെ നടത്തിപ്പ് ചുമതല കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (കെഎസ്ഐടിഐഎൽ) എന്ന സർക്കാർ സ്ഥാപനത്തിന് നൽകി. വളരെ ദുരൂഹമായ സാഹചര്യത്തിൽ ഐടി വകുപ്പ് സെക്രട്ടറിയായിരുന്ന എം.ശിവശങ്കർ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം 1028 കോടിയുടെ പദ്ധതി 1531 കോടി രൂപയ്ക്ക് ഭെൽ (BHEL) അടങ്ങുന്ന കൺസോർഷ്യത്തിന് നൽകാൻ തീരുമാനിച്ച് ഉത്തരവിറക്കി.

കരാർ നേടിയ കൺസോർഷ്യത്തിന്റെ ഭാഗമായ എസ്ആർഐടി കമ്പനിക്കാണ് കേബിൾ വലിക്കുന്ന കാര്യങ്ങൾ ചെയ്യാനുള്ള ചുമതല. എന്നാൽ ഈ സ്ഥാപനം ഈ ജോലി മറ്റൊരു കമ്പനിക്ക് മറിച്ചു നൽകി. ഈ ഉപകരാർ നേടിയ സ്ഥാപനം കെ-ഫോണിന്റെ ഭാഗമായുള്ള പോപ്പ് ( Point of Presence) ന്റെ നിർമ്മാണകരാർ നൽകിയത് പ്രസാദിയോ എന്ന സ്ഥാപനത്തിനാണ്. എഐ ക്യാമറയിൽ ഉപകരാർ നേടിയ കമ്പനിയും ഇതുതന്നെ. സർക്കാരിലെ ഉന്നതരുമായി അടുപ്പമുള്ള പ്രസാദിയോ കമ്പനി വിവാദസ്ഥാപനമാണെന്ന് അറിഞ്ഞു കൊണ്ടുതന്നെയാണ് അവർക്ക് കരാർ നല്കിയത്.

ഇന്ത്യയിൽ നിർമ്മിക്കുന്ന കേബിളുകൾ ഉപയോഗിക്കണമെന്ന വ്യവസ്ഥ അട്ടിമറിച്ചുകൊണ്ട് ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്ത കേബിളാണ് നാട്ടിലുടനീളം വലിച്ചിരിക്കുന്നത്. കേബിളുകൾക്ക് 25 കൊല്ലത്തെ വാറൻ്റി വേണമെന്ന വ്യവസ്ഥയും അട്ടിമറിക്കപ്പെട്ടു. ഇങ്ങനെ അടിമുടി അഴിമതിയും കരാർ ലംഘനങ്ങളും മാത്രം അരങ്ങേറിയ സ്വപ്നപദ്ധതിക്കായി ചെലവഴിച്ച 1531 കോടി രൂപ പാഴായിപ്പോയ അവസ്ഥയിലാണ്.

കെ-ഫോണിനായി 37,000 കിലോമീറ്റർ ഒപ്റ്റിക്കൽ ഫൈബർ ശൃംഖല സ്ഥാപിക്കലായിരുന്നു ലക്ഷ്യം. ഇതുവരെ വൈദ്യുതി പോസ്റ്റുകളിലൂടെ 25,000 കിലോമീറ്റർ കേബിൾ വലിച്ചിട്ടുണ്ട്. കെഎസ്ഇബിയുടെ കണക്കനുസരിച്ച് സംസ്ഥാനത്ത് ഒരു ലക്ഷത്തോളം സർക്കാർ ഓഫീസുകളുണ്ട്. എന്നാൽ ഇതിൽ 30,438 ഓഫീസുകൾ മാത്രമാണ് കെ-ഫോൺ ഇന്റർനെറ്റിനായി അപേക്ഷിച്ചിട്ടുള്ളത്. അതിൽ 20,000 ഓഫീസുകൾക്ക് കണക്ഷൻ നല്കിയെങ്കിലും ഇവരാരും തന്നെ പ്രതിമാസ ചാർജ് ഇനിയും നൽകിയിട്ടില്ല.

ഈ വർഷം ജൂലൈ മുതൽ കിഫ്ബിക്ക് 100 കോടി രൂപ വീതം തിരിച്ചടവ് നൽകാനുണ്ട്. 11 വർഷം കൊണ്ട് തിരിച്ചടവ് പൂർത്തിയാക്കണം. നാളിതുവരെ കേവലം 5000 വാണിജ്യ കണക്ഷൻ മാത്രമാണ് നൽകാൻ കഴിഞ്ഞത്. 14,000 ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യ കണക്ഷൻ നൽകാൻ തീരുമാനിച്ചതിൽ കേവലം 7000 പേർക്കാണ് ഇത് വരെ കണക്ഷൻ കൊടുത്തത്. സർക്കാർ ഓഫീസുകളിലായി 20,000 കണക്ഷനുകൾ നല്കിയെങ്കിലും ഇവരൊന്നും പണം അടക്കുന്നില്ല. പ്രതിമാസം ഒരുലക്ഷം രൂപാ പോലും വരുമാനം കിട്ടാത്ത അവസ്ഥയിലാണ് കെ-ഫോൺ പദ്ധതി.

പദ്ധതിയില്‍ നിന്ന് ഒരു രൂപയും കിട്ടാത്ത സാഹചര്യത്തില്‍ കിഫ്ബിയുടെ തിരിച്ചടവിനായി 100 കോടി രൂപ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും നല്‍കേണ്ട അവസ്ഥയാണ്. സംസ്ഥാനം രൂക്ഷമായ ധനപ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെ സ്വന്തക്കാര്‍ക്കും ബന്ധുക്കള്‍ക്കും സര്‍ക്കാര്‍ ഖജനാവ് കൊള്ളയടിക്കാൻ വേണ്ടിയാണ് ഈ പദ്ധതിക്ക് രൂപം കൊടുത്തതെന്നാണ് പ്രതിപക്ഷത്തിൻ്റെ ആക്ഷേപം. കെ-ഫോൺ ഇടപാടിലെ അഴിമതിയെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഹൈക്കോടതിയെ സമീപിച്ചിരിക്കയാണ്. ശാസ്ത്രീയമായി എങ്ങനെ അഴിമതി നടത്താമെന്നതിന്‍റെ ഉത്തമ ഉദാഹരണമാണ് കെ-ഫോൺ പദ്ധതിയെന്നും പ്രതിപക്ഷ നേതാവ് ഹർജിയിൽ പറയുന്നു.ഇൻ്റർനെറ്റ് വിപണന രംഗത്തെ കോർപ്പറേറ്റ് ഭീമന്മാരായ ജിയോ, എയർടെൽ, ഐഡിയ തുടങ്ങിയ വമ്പൻ കമ്പനികൾ വിപണിയിൽ വാഴുമ്പോഴാണ് സംസ്ഥാന സർക്കാർ വേണ്ടത്ര ആലോചനയോ പഠനമോ ഇല്ലാതെ ഇത്തരമൊരു തട്ടിക്കൂട്ട് പദ്ധതിയുമായി വന്നത്. സ്വകാര്യ ഇൻ്റർനെറ്റ് കമ്പനികളോട് കിടപിടിക്കാനുള്ള സാങ്കേതിക മികവോ, വിദഗ്ധ തൊഴിലാളികളോ, വിപണി പിടിച്ചെടുക്കാ നുള്ള മൂലധനമോ, വൈഭവമോ ഒന്നുമില്ലാതെ ആവേശത്തിന് ചാടിയിറങ്ങിയ പദ്ധതിയാണ് വെള്ളത്തിലായിപ്പോയത്. മുടക്കിയ പണം പോലും തിരിച്ചു കിട്ടുമെന്ന് യാതൊരു ഉറപ്പുമില്ലാത്ത അവസ്ഥയിലാണ് വെളളാനയായി മാറിയ കെ ഫോൺ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top