വയോധികന്‍ ലിഫ്റ്റില്‍ കുടങ്ങി കിടന്നത് രണ്ട് ദിവസം; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഗുരുതര അനാസ്ഥ
ദിവസവും പതിനായിരങ്ങള്‍ ചികിത്സയ്‌ക്കെത്തുന്ന ആശുപത്രി, ലിഫ്റ്റ് ഓപ്പറേറ്റര്‍മാര്‍ മാത്രം മുപ്പതിലധികം എന്നിട്ടും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയെത്തിയ വയോധികന്‍ ലിഫ്റ്റില്‍ കുടുങ്ങി കിടന്നത് 42 മണിക്കൂറാണ്. തിരുമല സ്വദേശി രവീന്ദ്രന്‍ നായരാണ് മെഡിക്കല്‍ കോളേജിലെ ലിഫ്റ്റില്‍ കുടുങ്ങിയത്. ശനിയാഴ്ചയാണ് രവീന്ദ്രന്‍ നായര്‍ നടുവേദനയ്ക്ക് ചികിത്സ തേടി ഓര്‍ത്തോ വിഭാഗത്തില്‍ എത്തിയത്. ഡോക്ടറെ കണ്ട ശേഷം ഒന്നാം നിലയിലേക്ക് പോകുന്നതിനാണ് ലിഫ്റ്റില്‍ കയറിയത്. മുകളിലേക്ക് ഉയര്‍ന്ന ലിഫ്റ്റ് പ്രവര്‍ത്തനരഹിതമാവുക ആയിരുന്നു.
ലിഫ്റ്റിലെ അലാം സ്വിച്ചില്‍ നിരവധി തവണ അമര്‍ത്തിയെങ്കിലും ആരും എത്തിയില്ല. അടിയന്തരഘട്ടത്തില്‍ ഉപയോഗിക്കാനുള്ള ലിഫ്റ്റിലെ ഫോണ്‍ ഉപയോഗിച്ച് വിളിച്ചെങ്കിലും ആരും എടുത്തില്ല. ഇതിനിടയില്‍ കൈയ്യിലുണ്ടായിരുന്ന മൊബൈല്‍ കൂടി താഴെ വീണ് പൊട്ടിയതോടെയാണ് വയോധികന്‍ ലിഫ്റ്റില്‍ പൂര്‍ണ്ണമായും കുടങ്ങിയത്. രണ്ട് രാത്രിയും ഒരു പകലുമാണ് രവീന്ദ്രന്‍ നായര്‍ ലിഫ്റ്റില്‍ ആരുമറിയാതെ കിടന്നത്.
ഇന്ന് രാവിലെ ലിഫ്റ്റ് ഓപ്പറേറ്റര്‍ എത്തി തുറന്നപ്പോഴാണ് രവീന്ദ്രന്‍ നായരെ കണ്ടത്. തുടര്‍ന്ന് അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. സ്ഥിരമായി ഉപയോഗിക്കുന്ന ലിഫ്റ്റ് അല്ലെന്നാണ് മെഡിക്കല്‍ കോളേജ് അധികൃതരുടെ വാദം. എന്നാല്‍ ലിഫ്റ്റിന് തകരാര്‍ ഉണ്ടെന്ന് ഒരു മുന്നറിയിപ്പും ഉണ്ടായിരുന്നില്ലെന്ന്് കുടുംബം ആരോപിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ട് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here