പട്ടാഴിമുക്ക് അപകടത്തിലെ നിര്‍ണായക വിവരങ്ങള്‍ പുറത്ത്; കാറിനുള്ളില്‍ മല്‍പ്പിടിത്തം നടന്നതായി സംശയം, ഓടിക്കൊണ്ടിരുന്ന വാഹനത്തിന്റെ ഡോര്‍ മൂന്ന് തവണ തുറന്നതായി ദൃക്‌സാക്ഷി

പത്തനംതിട്ട: അടൂർ പട്ടാഴിമുക്കിൽ കാര്‍ കണ്ടെയ്‌നറില്‍ ഇടിച്ച് രണ്ടുപേരുടെ ജീവൻ നഷ്ടമായ അപകടത്തില്‍ ദുരൂഹതയേറുന്നു. അപകടം നടക്കുന്നതിന് തൊട്ടുമുൻപ് മരിച്ച ഹാഷിമും അനുജയും സഞ്ചരിച്ചിരുന്ന കാർ പട്ടാഴിമുക്കിന് സമീപം ആലയിൽപ്പടിയിൽവച്ച് കണ്ടതായി ഏനാദിമംഗലം പഞ്ചായത്ത് അംഗം ശങ്കർ മാരൂർ മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. കാറിനുള്ളിൽ മൽപ്പിടിത്തം നടന്നോ എന്ന് സംശയമുണ്ടെന്നും ശങ്കർ പ്രതികരിച്ചു.

“കാർ അമിതവേഗത്തിലായിരുന്നു. അനുജ എന്ന പെൺകുട്ടി ഇരുന്ന ഭാഗത്തെ ഡോർ മൂന്ന് തവണ തുറക്കുന്നത് കണ്ടു. കാൽ വെളിയിൽ വന്നു. സ്കൂളിന് സമീപം വാഹനം നിർത്തുകയും പെൺകുട്ടി അവിടെ ഇറങ്ങുകയും ചെയ്തു. അത് കഴിഞ്ഞ് ഞങ്ങൾ കടന്നുപോയി. പെണ്‍കുട്ടി പുറത്ത് ഇറങ്ങിയതിനാല്‍ മറ്റ് സംശയമൊന്നും തോന്നിയില്ല. രാവിലെയാണ് അപകടവാർത്ത അറിയുന്നത്”; ശങ്കർ പറഞ്ഞു. അതേസമയം കാറിൽ മദ്യക്കുപ്പി കണ്ടിരുന്നുവെന്ന് അനുജയെ ആശുപത്രിയിൽ എത്തിച്ച ഏഴംകുളം പഞ്ചായത്ത് അംഗം എ.എസ്.ഷമിൻ മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു.

ഇന്നലെ രാത്രി നടന്ന അപകടത്തില്‍ അമിത വേഗത്തില്‍ വന്ന കാര്‍ മനപൂര്‍വ്വം കണ്ടെയ്‌നറില്‍ ഇടിച്ച് കയറ്റിയതായാണ് പോലീസിന്റെ നിഗമനം. ദൃക്‌സാക്ഷികളുടെ മൊഴികളുടെ അടിസ്ഥാനത്തിലാണിത്. തുമ്പമണ്‍ നോര്‍ത്ത് ജിഎച്ച്എസ്എസിലെ അധ്യാപികയായ നൂറനാട് സ്വദേശിനി അനുജ (36), ചാരുംമൂട് പാലമേല്‍ ഹാഷിം മന്‍സിലില്‍ ഹാഷിം (35) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. സഹപ്രവര്‍ത്തകര്‍ക്കൊപ്പം ടൂര്‍ കഴിഞ്ഞ് മടങ്ങുകയായിരുന്ന അനുജയെ ഹാഷിം വാഹനം തടഞ്ഞ് നിര്‍ത്തി ഒപ്പം കൂട്ടുകയായിരുന്നു. ഹാഷിം ബന്ധുവാണെന്നാണ് അനുജ സഹപ്രവര്‍ത്തകരോട് പറഞ്ഞത്.

അനുജയെ ബലമായി കാറില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നുവെന്ന് സഹപ്രവര്‍ത്തകരും പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. തങ്ങള്‍ ആത്മഹത്യ ചെയ്യാന്‍ പോകുന്നു എന്ന് സഹഅധ്യാപികയോട് അനുജ പറഞ്ഞിരുന്നതായും ഇവര്‍ അറിയിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാണ് പോലീസ് ശ്രമം. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. ഹാഷിമും അനുജയും ഏറെ നാളായി അടുപ്പത്തില്‍ ആയിരുന്നു എന്നാണ് വിവരം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top