പേടിഎം കുരുക്കാകുമോ? ആർബിഐ നിയന്ത്രണം കടുപ്പിച്ചാൽ ഫെബ്രുവരി 29ന് ശേഷം സേവനങ്ങൾ പ്രതിസന്ധിയിലാകും
ഡല്‍ഹി: ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി പേടിഎമ്മിന് ആര്‍ബിഐ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാതോടെ ഫെബ്രുവരി 29ന് ശേഷമുള്ള ഫാസ്റ്റാഗ് സേവനങ്ങള്‍ എങ്ങനെയാകും എന്നതിൽ വ്യക്തതയില്ല. ഫെബ്രുവരി 29ന് ശേഷം പേടിഎമ്മിലൂടെ ടോള്‍ നൽകുന്നത് അടക്കം പ്രവര്‍ത്തനരഹിതമാകാനാണ് സാധ്യത. അതിനുശഷം ഫാസ്റ്റാഗ് അക്കൗണ്ടില്‍ പണം നിക്ഷേപിക്കാൻ സാധിക്കില്ല. എന്നാല്‍ ഫെബ്രുവരി 29 വരെ പേടിഎം ഉപഭോക്താക്കള്‍ക്ക് ഫാസ്റ്റാഗ് സേവനത്തില്‍ ബാക്കിയ്യുള്ള ബാലന്‍സ് ഉപയോഗിക്കാന്‍ കഴിയും.
പേടിഎം ഫാസ്റ്റാഗുകള്‍ ഒരു ബാങ്കില്‍ നിന്ന് മറ്റൊന്നിലേക്ക് പോര്‍ട്ട് ചെയ്യാന്‍ സാധിക്കില്ല. പേടിഎം ഫാസ്റ്റാഗ് അസാധുവാകുന്ന പക്ഷം മറ്റൊരു ബാങ്കില്‍ പുതിയൊരു ഫാസ്റ്റാഗ് അക്കൗണ്ട് എടുക്കുക എന്നതാണ് പ്രതിവിധി. റിസര്‍വ് ബാങ്കിന്റെ ചട്ടങ്ങളില്‍ തുടര്‍ച്ചയായി പേടിഎം പേമെന്‍റ്സ് ബാങ്ക് വീഴ്ചകള്‍ വരുത്തുന്നുവെന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. മാര്‍ച്ച് മുതല്‍ പേടിഎം ബാങ്കില്‍ പുതിയ നിക്ഷേപങ്ങള്‍ സ്വീകരിക്കാന്‍ വിലക്കുണ്ട്. പേടിഎം വാലറ്റുകള്‍, പേടിഎം ഫാസ്റ്റാഗുകള്‍, പണമിടപാടുകള്‍, എന്നിങ്ങനെ പേടിഎം നല്‍കുന്ന ഒട്ടുമിക്ക ബാങ്കിംഗ് സേവനങ്ങളെയും നിയന്ത്രണങ്ങള്‍ ബാധിക്കാനാണ് സാധ്യത.
പേടിഎമ്മും അതുമായി ബന്ധപ്പെട്ട പേടിഎം പേമെന്‍റ്സ് ബാങ്കും തമ്മില്‍ കോടിക്കണക്കിന് രൂപയുടെ ഇടപാട് നടന്നതായി ആർബിഐ കണ്ടെത്തി. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് ഇതെന്ന സംശയങ്ങളുണ്ടായിരുന്നു. അതേസമയം, പേടിഎമ്മിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം നടക്കുന്നതായുള്ള വാര്‍ത്തകള്‍ കമ്പനി നിഷേധിച്ചു. എവിടെയാണ് തെറ്റു പറ്റിയത്, എന്താണ് സംഭവിച്ചത് എന്ന് അറിയില്ലെന്ന് പേടിഎം സിഇഒ വിജയ് ശേഖർ ശർമ്മ ജീവനക്കാരോട് പറഞ്ഞു. ബാങ്കുകളും പലതും സഹായിക്കാൻ തയ്യാറാണെന്നും പ്രശ്നങ്ങൾ ഉടനടി പരിഹരിക്കുമെന്നും ശർമ്മ ഉറപ്പുനൽകിയെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here