പയ്യന്നൂരിലെ യുവതിയുടെ മരണം കൊലപാതകമെന്ന് സംശയം; മുഖം വികൃതം; അടിയേറ്റ പാടുകള്‍; ജീവനൊടുക്കിയ യുവാവുമായി ബന്ധമുള്ളതായി സഹോദരന്‍
കണ്ണൂര്‍: പയ്യന്നൂരിലെ യുവതിയുടെ മരണം കൊലപാതകമെന്ന് പോലീസിന്‍റെ പ്രാഥമിക നിഗമനം. മാതമംഗലം കോയിപ്ര സ്വദേശി അനിലയെയാണ് അടച്ചുകിടന്ന മറ്റൊരാളുടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തില്‍ മുഖം വികൃതമായിരുന്നു. മുഖത്ത് അടിച്ച പാടുകള്‍ ഉള്ളതായും പോലീസ് പറയുന്നു.
ബെറ്റി എന്ന സ്ത്രീയുടെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഇവര്‍ കുടുംബസമേതം ടൂര്‍ പോയതിനാല്‍ മാതമംഗലം സ്വദേശി സുദര്‍ശന്‍ എന്നയാളെ വീടു നോക്കാന്‍ ഏല്‍പ്പിച്ചിരുന്നു. ഇയാളെ മറ്റൊരു സ്ഥലത്ത് തൂങ്ങി മരിച്ച നിലയിലും കണ്ടെത്തിയിരുന്നു.
അതേസമയം അനിലയെ സുദര്‍ശന്‍ കൊന്നതാണെന്ന് ആരോപിച്ച് സഹോദരന്‍ രംഗത്തെത്തി. ഇരുവരും തമ്മില്‍ മുന്‍പ് ബന്ധമുണ്ടായിരുന്നതായും ഇടയ്ക്ക് നിര്‍ത്തിയതായിരുന്നെന്നും സഹോദരന്‍ പറഞ്ഞു. വീട്ടില്‍ നിന്നും ഇട്ട വസ്ത്രമല്ല സംഭവസ്ഥലത്ത് മൃതദേഹത്തില്‍ കണ്ടത്. വസ്ത്രം മാറിയിട്ടുണ്ടെന്നും സഹോദരന്‍ പറഞ്ഞു. യുവതിയെ കാണാനില്ലെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കിയിരുന്നു.
അനിലയെ സുദര്‍ശന്‍ ബൈക്കില്‍ ബെറ്റിയുടെ വീട്ടില്‍ എത്തിച്ചതായി പോലീസ് കണ്ടെത്തി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകു. ബെറ്റിയുടെ വീട്ടില്‍ നിന്നും 22 കിലോമീറ്റര്‍ അകലെയാണ് സുദര്‍ശനെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അനിലയെ കൊലപ്പെടുത്തിയശേഷം ഇയാള്‍ ജീവനൊടുക്കിയതായാണ് പോലീസ് സംശയിക്കുന്നത്. അനിലയുടെ മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുള്ളതായി പോലീസ് പറഞ്ഞു. വീട്ടില്‍ ഫോറന്‍സിക് വിദഗ്ധരും പോലീസുമെത്തി പരിശോധന നടത്തി. അന്വേഷണം പുരോഗമിക്കുകയാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here