ഒടുവില്‍ സര്‍ക്കാര്‍ കീഴടങ്ങി; അതിജീവിതക്ക് ഒപ്പം നിന്ന നഴ്‌സിങ് ഓഫീസര്‍ക്ക് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിയമനം; നിലപാട് മാറ്റം പൊതുജന രോഷം ശക്തമായപ്പോള്‍
കോഴിക്കോട്: സീനിയര്‍ നഴ്‌സിങ് ഓഫീസര്‍ പി.ബി. അനിതയ്ക്ക് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തന്നെ നിയമനം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. ഐസിയുപീഡന കേസില്‍ അതിജീവിതയ്‌ക്കൊപ്പം നിന്നതിന്‍റെ പേരിൽ സ്ഥലംമാറ്റപ്പെട്ട അനിത ഹൈക്കോടതി ഉത്തരവുമായി വന്നിട്ടുപോലും സര്‍ക്കാര്‍ നിയമനം നല്‍കിയിരുന്നില്ല. സര്‍ക്കാരിനെതിരെ പൊതുജന രോഷം രൂക്ഷമായ സാഹചര്യത്തിലാണ് ഈ നിലപാട് മാറ്റം.
കോഴിക്കോട് മെഡിക്കല്‍ കോളജിനു മുന്നില്‍ ഇന്ന് അനിതയുടെ സമരം ആറാം ദിവസമായപ്പോഴാണ് അനുകൂല തീരുമാനം വന്നത്. കോടതിവിധി അനുസരിച്ച് അനിതയുടെ നിയമനത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. നിയമനം സംബന്ധിച്ച നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു.
അനിതയെ നേരത്തേ ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതിനെതിരെ അനിത ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് ഏപ്രില്‍ ഒന്നിനാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തന്നെ നിയമിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. എന്നാല്‍ തൊടുന്യായം പറഞ്ഞ് ഹൈക്കോടതി ഉത്തരവ് പോലും തള്ളിക്കളഞ്ഞ് സര്‍ക്കാര്‍ വാശി തുടരുകയായിരുന്നു. ഇതിനും പുറമേ ഹൈക്കോടതി വിധിക്കെതിരെ പുനപരിശോധന ഹര്‍ജി ഇന്ന് സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.
അനിതയേക്കാള്‍ അര്‍ഹതയുള്ള ജീവനക്കാരുണ്ട് എന്ന ന്യായം പറഞ്ഞാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. .സര്‍ക്കാരിനെതിരെ അനിത നല്‍കിയ കോടതി കോടതിയലക്ഷ്യ നടപടിക്ക് ഒപ്പം സര്‍ക്കാരിന്റെ ഹര്‍ജിയും തിങ്കളാഴ്ച കോടതി പരിഗണിക്കും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here