പിഎസ്‌സി കോഴ സ്ഥിരീകരിച്ച് പിസി ചാക്കോ; അടുപ്പക്കാരനെ തള്ളിപ്പറഞ്ഞ് എൻസിപി യോഗത്തിൽ പ്രതിരോധം

പാർട്ടി നോമിനിയെ പിഎസ്‌സി അംഗമാക്കിയ ഇടപാടിൽ അഴിമതി നടന്നുവെന്ന ആരോപണം ഇതാദ്യമായി സ്ഥിരീകരിച്ച് എൻസിപി സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ. ഇന്ന് ചേർന്ന തിരുവനന്തപുരം ജില്ലാ കമ്മറ്റിയോഗത്തിൽ വ്യാപക വിമർശനം ഉയർന്നതോടെയാണ് മുഖംരക്ഷിക്കാൻ ചാക്കോയുടെ തുറന്നുപറച്ചിൽ. വിമർശനം ഉയർത്തിയവരിൽ പ്രധാനിയായ ജില്ലാ പ്രസിഡൻ്റിനെ ചുമതലയിൽ നിന്ന് നീക്കികൊണ്ട് യോഗശേഷം വാർത്താക്കുറിപ്പ് ഇറക്കുകയും ചെയ്തു. ഇതും പാർട്ടിയിൽ വരും ദിവസങ്ങളിൽ പൊട്ടിത്തെറിയാകും.

വിആർ രമ്യയുടെ നിയമനത്തിന് പാർട്ടി ബ്ലോക്ക് പ്രസിഡൻ്റ് കൂടിയായ അവരുടെ പിതാവിൽ നിന്ന് കോഴ വാങ്ങിയത് തൻ്റെ സഹായായിരുന്ന ബിജു ആബേൽ ജേക്കബാണ്. ഇത് അറിഞ്ഞതോടെ ബിജുവിനെ പാർട്ടിയിൽ നിന്നും പുറത്താക്കി എന്നാണ് ചാക്കോ വിശദീകരിച്ചത്. വനം മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫംഗം കൂടിയായിരുന്നു ബിജു. നിയമനം സംബന്ധിച്ച് വിജിലൻസ് അന്വേഷണവും നടന്നതാണെന്നും ചാക്കോ യോഗത്തെ അറിയിച്ചു. കോഴയാരോപണം മുൻപേ ഉയർന്നെങ്കിലും ഇതാദ്യമായാണ് സ്ഥിരീകരണം ഉണ്ടാകുന്നത്.

ഇതടക്കം രൂക്ഷ വിമർശനമാണ് ജില്ലാ പ്രസിഡൻ്റ് അജി ആട്ടുകാൽ ചാക്കോയ്ക്കെതിരെ ഉയർത്തിയത്. പാർട്ടിയുടെ മന്ത്രിയെ മാറ്റുന്ന വിഷയം പൊതുമധ്യത്തിൽ ചർച്ചയാക്കി പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയെന്നും യോഗത്തിൽ വിമർശനം ഉയർന്നു. പാർട്ടിയിൽ നടക്കുന്നത് ചാക്കോയുടെ എകാധിപത്യമാണ് എന്നതടക്കം വിമർശനം പലരും ഉന്നയിക്കാൻ തുടങ്ങിയതോടെ സംസ്ഥാന പ്രസിഡൻ്റ് യോഗത്തിൽ നിന്ന് പുറത്തുപോയി.

ഇതിന് പിന്നാലെയാണ് ആട്ടുകാൽ അജിയെ ജില്ലാ പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതായി അറിയിപ്പ് ഉണ്ടായത്. കാരണം വ്യക്തമാക്കിയിട്ടില്ല. പകരം താല്ക്കാലിക ചുമതല എൻസിപി ദേശീയ സെക്രട്ടറി സതീഷ് കുമാറിന് നൽകി പിസി ചാക്കോ നിയമിച്ചിരിക്കുന്നു എന്ന് മാത്രമാണ് പറഞ്ഞിരിക്കുന്നത്. ചാക്കോയുടെ ഏകാധിപത്യ പ്രവണത കാരണം നടപടി പേടിച്ചാണ് പലരും പ്രതികരിക്കാൻ തയ്യാറാവാത്തതെന്ന് ജില്ലാ കമ്മറ്റി അംഗങ്ങളിൽ ചിലർ മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു.

പിഎസ്‌സി കോഴയിൽ ഉത്തരവാദിയെന്ന് പിസി ചാക്കോ തന്നെ പേരെടുത്ത് പരാമർശിച്ചിരിക്കുന്ന ബിജു ആബേൽ ജേക്കബ് എറണാകുളം മലയാറ്റൂർ സ്വദേശിയാണ്. ഏഷ്യാനെറ്റ് അടക്കം സ്ഥാപനങ്ങളിൽ മാധ്യമ പ്രവർത്തകനായി ജോലിചെയ്ത ശേഷമാണ് പിസി ചാക്കോയുടെ അടുപ്പക്കാരനാകുന്നത്. ചാക്കോ എൻസിപിയിൽ എത്തിയതോടെ മന്ത്രിയുടെ സ്റ്റാഫിലും കയറിപ്പറ്റി. അവിടെ ജോലിയിലിരിക്കെയാണ് പിഎസ്‌സി നിയമനത്തിൽ ആരോപണവിധേയനാകുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top