ഗതികെട്ട് ശശീന്ദ്രന് വഴങ്ങി പിസി ചാക്കോ; എൻസിപിയിൽ ഇനി മന്ത്രിമാറ്റമില്ല
എൻസിപിയുടെ മന്ത്രിസ്ഥാനത്ത് നിന്ന് എ കെ ശശീന്ദ്രനെ മാറ്റാനുള്ള ശ്രമത്തിൽ കിതച്ചു പിന്മാറി സംസ്ഥാന പ്രസിഡൻ്റ് പിസി ചാക്കോ. പിന്തുണ അറിയിച്ച് ചാക്കോ വിഭാഗം ശശീന്ദ്രനെ നേരിൽ കാണുകയും ചെയ്തു. ചാക്കോയുടെ പിന്തുണയിൽ മന്ത്രിയാകാൻ കാത്തിരുന്ന കുട്ടനാട് എംഎൽഎ തോമസ് കെ.തോമസ് ഇതോടെ ഹതാശനായി. തോമസിൻ്റെ അടുത്ത നീക്കം എന്താകും എന്നാണ് ഇനി അറിയാനുള്ളത്.
Also Read: തോമസ് കെ തോമസ് മന്ത്രിയാകും; എന്‍സിപിയില്‍ മന്ത്രിമാറ്റം പ്രഖ്യാപിച്ച് പിസി ചാക്കോ
കോൺഗ്രസിൽ നിന്ന് നേരിട്ട് എൻസിപിയുടെ സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് എത്തിയ ചാക്കോയ്ക്ക് പക്ഷെ കോൺഗ്രസിലെ അതേ പ്രതാപം പുതിയ ലാവണത്തിൽ നിലനിർത്താൻ കഴിയാത്ത അവസ്ഥയാണ്. തീർത്തും ദുർബലമായ എൻസിപിയിൽ താൻപ്രമാണിത്തം നിലനിർത്താൻ ചാക്കോ ആവത് ശ്രമിച്ചെങ്കിലും മുഖ്യമന്ത്രിയുടെ പിന്തുണയുള്ള ശശീന്ദ്രൻ പക്ഷത്തെ വരുതിയിൽ കൊണ്ടുവരാനായില്ല.
Also Read: കൂറുമാറാന്‍ 100 കോടി; ഈ ആരോപണം രാഷ്ട്രീയ കേരളത്തില്‍ ആദ്യം; പുറത്തറിയിച്ചത് സിപിഎം എന്നതും പ്രത്യേകത
ശശീന്ദ്രനെ മാറ്റി തോമസ് കെ.തോമസിനെ മന്ത്രിയാക്കാനുള്ള ശ്രമം ഒരുവർഷത്തോളമായി ചാക്കോ നടത്തിവരികയായിരുന്നു. എൻസിപിയുടെ ജീവാത്മാവും പരമാത്മാവുമായ ശരദ് പവാറിൻ്റെ പിന്തുണ ഇക്കാര്യത്തിൽ തനിക്കുണ്ടെന്ന് ചാക്കോ മുഖ്യമന്ത്രിയെ അടക്കം അറിയിച്ചെങ്കിലും ആരും പുല്ലുപോലും വകവച്ചില്ല. പോരാത്തതിന് ദേശീയതലത്തിൽ ഉണ്ടായ പിളർപ്പിൻ്റെ ഭാഗമായി രണ്ട് എംഎൽഎമാരെ കോഴകൊടുത്ത് വശത്താക്കാൻ ശ്രമിച്ചുവെന്ന ആരോപണം കൂടിയായതോടെ പിണറായി വിജയൻ തോമസ് കെ.തോമസിൻ്റെ ചീട്ടുകീറി.
Also Read: പി.സി.ചാക്കോ കോണ്‍ഗ്രസിലേക്ക് മടങ്ങുമോ; തോമസ്.കെ.തോമസിന് മന്ത്രിസ്ഥാനം നിഷേധിച്ചതിന് പിന്നിലെന്ത്
ഇതെല്ലാമായതോടെ ആണ് കളംമാറ്റി ചവിട്ടാൻ ചാക്കോയും ഒപ്പമുള്ളവരും തീരുമാനിച്ചത്. ഇതിനൊപ്പം പാർട്ടിയിലെ സ്വന്തം നിലനിൽപും നോക്കേണ്ട അവസ്ഥ പിസി ചാക്കോക്ക് മുന്നിലുണ്ട്. ഒമ്പത് വർഷത്തോളമായി മന്ത്രിസ്ഥാനത്ത് തുടരുന്ന ശശീന്ദ്രനൊപ്പമാണ് സ്വാഭാവികമായും പാർട്ടിനേതൃനിര നിൽക്കുന്നതെന്ന സത്യം വൈകിയാണ് ചാക്കോ തിരിച്ചറിഞ്ഞത് എന്ന് വേണം കരുതാൻ. കഴിഞ്ഞയാഴ്ച ചേർന്ന തിരുവനന്തപുരം ജില്ലാ കമ്മറ്റിയോഗത്തിൽ സംസ്ഥാന പ്രസിഡൻ്റെന്ന പരിഗണന തെല്ലുമില്ലാതെ പ്രവർത്തകർ നിർത്തിപ്പൊരിച്ചു.
Also Read: പിഎസ്‌സി കോഴ സ്ഥിരീകരിച്ച് പിസി ചാക്കോ; അടുപ്പക്കാരനെ തള്ളിപ്പറഞ്ഞ് എൻസിപി യോഗത്തിൽ പ്രതിരോധം
നേതാക്കൾക്കെതിരെ അച്ചടക്ക നടപടിയെടുത്ത് ഇത്തരം നീക്കങ്ങളെ പിടിച്ചുകെട്ടാമെന്ന പ്ലാനും പാളി. തിരുവനന്തപുരം യോഗത്തിൽ മുഖ്യമന്ത്രിക്കെതിരെ ചാക്കോ നടത്തിയ പരാമർശങ്ങളടക്കം ശബ്ദരേഖയായി ചോർന്ന് പുറത്തുവരികയും ചെയ്തു. ഇതെല്ലാമായതോടെ പൊറുതിമുട്ടിയാണ് ശശീന്ദ്രന് ചാക്കോ വഴങ്ങുന്നത്. ശശീന്ദ്രനൊപ്പം കോൺഗ്രസിൽ നിന്ന് പോയ പി എം സുരേഷ് ബാബു അടക്കമുള്ളവരാണ് എ കെ ശശീന്ദ്രനെ കണ്ട് ചാക്കോയുടെ പിന്തുണ അറിയിച്ചത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here