പി.സി.ജോർജ് ഇനിയെന്ത് ചെയ്യും? മധുവിധു തീരുംമുമ്പേ ഇരുട്ടടി; ബിജെപി വിട്ടാൽ എടുക്കാചരക്കാകും; അല്ലെങ്കിൽ പത്തനംതിട്ടയിൽ അനിൽ ആൻ്റണിക്കായി വോട്ടുപിടിക്കാനിറങ്ങണം
കൊച്ചി: താൻ ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്ന് സ്വയം പ്രഖ്യാപിച്ച കേരളത്തിലെ ഒരേയൊരു നേതാവ് പി.സി.ജോര്‍ജായിരുന്നു. പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥി മോഹവുമായി ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് സ്വന്തം ജനപക്ഷം പാർട്ടിയെ ബിജെപിയിൽ ലയിപ്പിച്ച പിസി. പൂഞ്ഞാറിലെ നിയമസഭാ തോല്‍വിക്ക് ശേഷം തീർത്തും അപ്രസക്തനായ പിസി വീണ്ടും തിരിച്ചുവരവിനുള്ള അവസരമായി ലോക്‌സഭാ തിരഞ്ഞെടുപ്പിനെ കണ്ടു. ക്രൈസ്തവ സഭകളുടേയും എന്‍എസ്എസിന്റേയും പിന്തുണയുടെ അവകാശപ്പെട്ട് ബിജെപിക്കാരെയും മോഹിപ്പിച്ചു. എന്നാല്‍ ഇതൊന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയുടെ തന്ത്രങ്ങളുടെ ചുക്കാന്‍ കൈയ്യാളുന്ന അമിത് ഷായും അംഗീകരിച്ചില്ല എന്ന വലിയ സത്യമാണ് ഇന്നത്തെ സായംസന്ധ്യയോടെ വെളിപ്പെട്ടത്. അങ്ങനെ തിരഞ്ഞെടുപ്പിന് മുൻപേ പത്തനംതിട്ടയില്‍ പി.സി.ജോർജ് തോറ്റ സ്ഥിതിയായി.
പ്രവചനങ്ങളെയെല്ലാം തെറ്റിച്ചുകൊണ്ടാണ് അനിൽ ആൻ്റണിയെ പത്തനംതിട്ടയിലെ സ്ഥാനാർത്ഥിയായി ബിജെപി പ്രഖ്യാപിക്കുന്നത്. ജീവിതം മുഴുവൻ കോൺഗ്രസിനായി ഉഴിഞ്ഞുവച്ച അറയ്ക്കപ്പറമ്പിൽ കുര്യൻ ആൻ്റണിയെന്ന എ.കെ.ആന്റണിയുടെ മകനെ സ്ഥാനാര്‍ത്ഥിയായി നരേന്ദ്ര മോദി അവതരിപ്പിക്കുന്നത് ഒരു വെടിക്ക് രണ്ടു പക്ഷിയെന്ന ലക്ഷ്യത്തിൽ തന്നെയാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ ഏറ്റവും മുതിര്‍ന്ന അംഗങ്ങളിലൊരാളായ കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയാണ് എകെ. പ്രതിരോധ മന്ത്രിയായി യുപിഎ ഭരണകാലത്ത് കോണ്‍ഗ്രസിലെ പ്രധാനി. ഈ തലത്തിലുള്ള ഒരു നേതാവിൻ്റെ മകൻ കേരളത്തിൽ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായി വരുന്നത് ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചയാകും.
സംസ്ഥാന ആര്‍എസ്എസും ബിജെപി നേതൃത്വവും പി.സി.ജോർജിനെ സംശയത്തോടെ കണ്ടതോടെയാണ് സ്ഥാനാര്‍ത്ഥിത്വം വഴുതിമാറി മറ്റൊരു ക്രിസ്ത്യാനിയിലേക്ക് എത്തിയത്. ബിജെപിയുടെ ദേശീയ സെക്രട്ടറി കൂടിയായ അനിലിന് വോട്ട് കുറഞ്ഞാല്‍ കേരളത്തിലെ ബിജെപിക്കാര്‍ മറുപടി പറയേണ്ടി വരും. പിസിയ്ക്കും അത് വിനയായി മാറുമെന്ന ദയനീയ സ്ഥിതിയുമുണ്ട്. കേരളത്തിലെ ഈഴവ വോട്ടുകളില്‍ ബിജെപി പ്രതീക്ഷ വയ്ക്കുന്നുണ്ട്. എസ്എന്‍ഡിപി നേതാവായ വെള്ളപ്പള്ളി നടേശന്‍ പരസ്യമായി പിസിയെ തള്ളി പറഞ്ഞതും പത്തനംതിട്ടയില്‍ നിര്‍ണ്ണായകമായി. ഇതിനൊപ്പം മോദിയുമായി അടുപ്പമുള്ള കേരളത്തിലെ പ്രമുഖ വ്യവസായിയും പിസിയെ തള്ളിപ്പറയുന്ന നിലപാടുകാരനാണ്. ഇതെല്ലാം പത്തനംതിട്ടയില്‍ പിസിയെ തഴയാന്‍ കാരണമായി. ഏതായാലും താമരയിലെ പി.സി.ജോര്‍ജ്ജിന്റെ ഭാവി തുലാസിലാക്കുന്നതാണ് ലോക്‌സഭാ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം.
പിസി ജോര്‍ജിനെ നിലയ്ക്ക് നിര്‍ത്തുക. മോദിയും അമിത് ഷായും എല്ലാം തീരുമാനിക്കും. അതിന് അപ്പുറം എടുത്ത ചാട്ടങ്ങള്‍ വേണ്ടെന്ന സന്ദേശമാണ് പിസിയ്ക്ക് ബിജെപി കേന്ദ്ര നേതൃത്വം നല്‍കുന്നത്. ബിജെപി സംസ്ഥാന നേതൃത്വം അറിയാതെ മറ്റൊരു വഴിയേ ഡല്‍ഹിയില്‍ എത്തി ബിജെപിയുടെ ഭാഗമായ നേതാവാണ് പിസി. അതുകൊണ്ട് തന്നെ കേരളത്തിലെ ഭൂരിഭാഗം നേതാക്കളും പിസിയില്‍ നിന്നും അകലം പാലിച്ചു. കേരളത്തില്‍ ആര്‍എസ്എസിന് താല്‍പ്പര്യമില്ലാത്ത വഴിയേ ബിജെപിയില്‍ എത്തിയതും വിനയായി. ഇതിനൊപ്പം പിസിയുടെ തീവ്ര മുസ്ലീം വിരുദ്ധ നിലപാട് ഈ തിരിഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുന്നത് ബിജെപി കേന്ദ്ര നേതൃത്വത്തിന് താൽപര്യമില്ല. ഈരാറ്റുപേട്ടയിലേയും മറ്റും വിവാദങ്ങള്‍ ആളിക്കത്തിച്ചാല്‍ അത് ദേശീയ തലത്തില്‍ ന്യൂനപക്ഷ വിരുദ്ധ ഇമേജ് ബിജെപിക്ക് നല്‍കുമെന്നും ദേശീയ നേതൃത്വം വിലയിരുത്തി. അങ്ങനെയാണ് പത്തനംതിട്ടയില്‍ പിസിയ്ക്ക് പകരം അനില്‍ ആന്റണി എത്തുന്നത്.
ആ അതൃപ്തി മറച്ചു വയ്ക്കാതെ പിസിയും തുറന്നടിച്ചു. ന്യൂനപക്ഷങ്ങളെ അടുപ്പിക്കാനെന്ന നിലയിലായിരുന്നു പി.സി.ജോര്‍ജിന്റെ ബിജെപി പ്രവേശനം ചര്‍ച്ച ചെയ്യപ്പെട്ടത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇത് പ്രയോജനം ചെയ്യുമെന്ന വിലയിരുത്തലും ഉണ്ടായിരുന്നു. വ്യക്തിപരമായി ആരെയും ആക്രമിക്കുന്നില്ലെന്ന് പറഞ്ഞ ജോര്‍ജ്, ആര്‍ക്കും പരിചിതനല്ലാത്ത അനില്‍ ആന്റണിയെ പത്തനംതിട്ടയില്‍ പരിചയപ്പെടുത്തേണ്ടി വരുമെന്ന് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം പ്രതികരിച്ചു. അപ്പന്റെ പിന്തുണ മകനില്ല എന്നതാണ് പ്രശ്നം, എ.കെ ആന്റണി പരസ്യമായി അനില്‍ ആന്റണിയെ പിന്തുണച്ചാല്‍ കുറച്ചുകൂടി എളുപ്പമായേനെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനൊപ്പം ബിഡിജെഎസിനേയും വെള്ളാപ്പള്ളിയേയും പിസി കടന്നാക്രമിക്കുകയും ചെയ്തു. ഇത് ബിജെപി നേതൃത്വത്തിന് മുന്നില്‍ പരാതിയായി ഉന്നയിക്കാനാണ് തുഷാര്‍ വെള്ളാപ്പള്ളിയുടെ തീരുമാനം. കോട്ടയത്ത് എന്‍ഡിഎ മുന്നണിയ്ക്കായി തുഷാര്‍ മത്സരിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ തുഷാറിന്റെ വാക്കുകളെ ബിജെപിക്ക് തള്ളാനും കഴിയില്ല. അതിനാല്‍ പിസിയ്ക്ക് സമീപ ഭാവിയില്‍ തന്നെ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ശാസന കിട്ടാന്‍ സാധ്യത ഏറെയാണ്.
വീണാ വിജയനെതിരായ എസ്എഫ്ഐഒ അന്വേഷണം അടക്കം ചര്‍ച്ചയാക്കുന്നത് പിസിയുടെ മകനായ ഷോണ്‍ ജോര്‍ജാണ്. ഇതിന് പിന്നിലും ലോക്‌സഭയില്‍ സീറ്റ് ഉറപ്പിക്കാനുള്ള പൂഞ്ഞാറിലെ മുന്‍ എംഎല്‍എയുടെ തന്ത്രമായിരുന്നു എന്നാണ് വിലയിരുത്തല്‍. അതും ഫലംകാണാതെ ബിജെപിയിലെ നനഞ്ഞ പടക്കമായി മാറുകയാണ് പിസി ജോര്‍ജ് എന്ന പഴയ കേരളാ കോണ്‍ഗ്രസ് പടക്കുതിര.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here