പാക്കിസ്ഥാനിലേക്ക് പോകാൻ ഇന്ത്യൻ ടീം തയ്യാറില്ലെങ്കിൽ ടി20 ലോകകപ്പിൽ നിന്ന് പിന്മാറും; പിസിബിയുടെ ഭീഷണി
2025 ൽ ചാമ്പ്യൻസ് ട്രോഫി മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്ന പാക്കിസ്ഥാനിലേക്ക് ഇന്ത്യൻ ടീമിനെ അയക്കില്ലെന്ന നിലപാടിലാണ് ബിസിസിഐ. ഇന്ത്യൻ ടീമിന്റെ സുരക്ഷയെ മുൻനിർത്തിയാണ് ബിസിസിഐ ഇത്തരമൊരു നിലപാട് സ്വീകരിച്ചത്. എന്നാൽ, ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യൻ ടീം പാക്കിസ്ഥാനിലേക്ക് പോകാൻ തയ്യാറായില്ലെങ്കിൽ, ഇന്ത്യയും ശ്രീലങ്കയും ചേർന്ന് ആതിഥേയത്വം വഹിക്കുന്ന 2026 ലെ ടി20 ലോകകപ്പിൽ നിന്ന് പിന്മാറുമെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ഭീഷണിപ്പെടുത്തിയതായി റിപ്പോർട്ട്.
ചാമ്പ്യൻസ് ട്രോഫിയിലെ മുഴുവൻ മത്സരങ്ങളും പാക്കിസ്ഥാനിൽ നടക്കണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് പിസിബി. കൊളംബോയിൽ ജൂലൈ 19 മുതൽ 22 വരെ നടക്കുന്ന ഐസിസിഐയുടെ വാർഷിക സമ്മേളനത്തിൽ ഏതൊരു ഹൈബ്രിഡ് മോഡൽ നിർദേശത്തെയും പിസിബി എതിർക്കുമെന്ന് ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യയുടെ മത്സരങ്ങൾ സ്വന്തം രാജ്യത്ത് കളിക്കാൻ അനുവദിക്കണമെന്നുള്ള ഒരു ഹൈബ്രിഡ് മോഡൽ നടപ്പിലാക്കാൻ ഐസിസിയോട് അഭ്യർത്ഥിക്കുമെന്ന് ബിസിസിഐ സൂചന നൽകിയിരുന്നു. ഇന്ത്യയുടെ ഈ നിർദേശത്തെ എതിർക്കാനാണ് പിസിബിയുടെ നിലപാട്.
2008ൽ ഏഷ്യാ കപ്പിനാനായാണ് ഇന്ത്യ അവസാനമായി പാക്കിസ്ഥാനിൽ പര്യടനം നടത്തിയത്. 2008 ലെ മുംബൈ ആക്രമണത്തിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായതാണ് ക്രിക്കറ്റ് മത്സരങ്ങളെയും ബാധിച്ചത്. ഇന്ത്യൻ ടീമിന്റെ സുരക്ഷയെ മുൻനിർത്തി പാക്കിസ്ഥാനിലേക്കുള്ള യാത്രയ്ക്ക് കേന്ദ്ര സർക്കാർ അനുമതി നൽകാറില്ല. പാക്കിസ്ഥാന് പുറത്തുള്ള വേദികളിൽ നടക്കുന്ന ഐസിസി മത്സരങ്ങളിലോ ഏഷ്യാ കപ്പ് ടൂർണമെന്റുകളിലോ മാത്രമാണ് ഇരുരാജ്യങ്ങളും ഏറ്റുമുട്ടാറുള്ളത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here