കെഎസ്ഇബിയില്‍ പെന്‍ഷന്‍ പ്രതിസന്ധി; ബാധിക്കുന്നത് 59000-ത്തോളം പെന്‍ഷന്‍കാരെ

തിരുവനന്തപുരം: കെഎസ്ഇബിയില്‍ പെന്‍ഷന്‍ നല്‍കുന്നതില്‍ പ്രതിസന്ധി. മേയ് 31 ന് വൈദ്യുതി ബോർഡിൽ നിന്ന് വിരമിച്ചവരിൽ മേയ് 19 ന് മുൻപു രേഖകൾ നൽകിയവർക്കു മാത്രമേ പെൻഷൻ ആനൂകൂല്യങ്ങൾ പൂർണമായി വിതരണം ചെയ്തിട്ടുള്ളൂ. ബാക്കി 245 പേർക്കു വിരമിക്കൽ ആനൂകൂല്യങ്ങൾ നൽകാൻ 275 കോടി രൂപവേണം. അതിനായി ഓവർ ഡ്രാഫ്ടിന് ബോർഡ് ഒരുങ്ങുകയാണ്.
6 മാസം കഴിയുമ്പോൾ 1700 പേർ കൂടി വിരമിക്കും. ഇവരുടെ വിരമിക്കൽ ആനുകൂല്യങ്ങൾക്കും 680 കോടി രൂപ വേണം. പെൻഷൻ ഫണ്ട് ശക്തിപ്പെടുത്താതെ, വരുമാനത്തിൽ നിന്നു പെൻഷനും ആനുകൂല്യങ്ങളും വിതരണം ചെയ്യുകയായിരുന്നു ഇതുവരെ. പെന്‍ഷന് വേണ്ടി രൂപീകരിച്ച മാസ്റ്റർ ട്രസ്റ്റിനു പെൻഷൻ ബാധ്യതയായി 12,419 കോടി രൂപയാണു വേണ്ടിയിരുന്നത്.
ബോണ്ടിലൂടെ പണം കണ്ടെത്താനും 35.4 % സർക്കാരും 64.6 % കെഎസ്ഇബിയും നൽകാനുമായിരുന്നു ധാരണ. ഇതിനു പുറമേ, ജീവനക്കാരുടെ വിരമിക്കൽ ആനുകൂല്യമായി 5,861 കോടി രൂപ സർക്കാർ വേറെ നൽകാമെന്നും ധാരണയായി. വൈദ്യുതി ഉപയോക്താക്കളിൽ നിന്നു പിരിക്കുന്ന ഡ്യൂട്ടി ഈ ആവശ്യത്തിന് ഉപയോഗിക്കാൻ സർക്കാർ ബോർഡിന് അനുമതി നൽകിയിരുന്നു.
നവംബർ ഒന്നിന് കാലാവധി കഴിഞ്ഞതിനെത്തുടർന്ന് ഡ്യൂട്ടി സർക്കാർ തിരിച്ചെടുത്തതോടെ ഈ ഇനത്തിൽ 1000–1200 കോടി രൂപയുടെ കുറവുണ്ടായി. ഇതാണു പ്രതിസന്ധി രൂക്ഷമാക്കിയത്. പെൻഷൻ, വിരമിക്കൽ ആനുകൂല്യങ്ങൾ നൽകണമെങ്കിൽ ട്രസ്റ്റ് 23,581 കോടി രൂപ കണ്ടെത്തണം. 40,000 പെൻഷൻകാരും സ്റ്റാറ്റ്യൂട്ടറി പെൻഷൻ സ്കീമിലുൾപ്പെട്ട 19,000 ജീവനക്കാരുമാണു ഇതുമൂലം പ്രതിസന്ധിയിലായത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here