പെന്തക്കോസ്ത് കേന്ദ്രം ഇടിച്ചുനിരത്തി; യുപിയില്‍ പാസ്റ്റര്‍ അടക്കം 18 പേര്‍ക്കെതിരെ കേസ്; കെട്ടിടം അനധികൃതമെന്ന് പോലീസ്
ജൗൻപൂർ (യുപി): സര്‍ക്കാര്‍ ഭൂമിയിലെ അനധികൃത കെട്ടിടമെന്നാരോപിച്ച് ഉത്തര്‍പ്രദേശില്‍ പെന്തക്കോസ്തുകാരുടെ ആരാധനാലയം തകര്‍ത്തു. കഴിഞ്ഞ ബുധനാഴ്ചയാണ് ജൗൻപൂർ ജില്ലയിലെ ഭുലന്ദിഹിലുള്ള ജീവൻ ജ്യോതി ചർച്ച് മിഷൻ സെന്‍റര്‍ റവന്യു വകുപ്പും പോലീസ് സേനയുമെത്തി ഇടിച്ചു നിരത്തിയത്. ഉത്തർപ്രദേശ് പോലീസിന്‍റെ പ്രത്യേക സ്ക്വാഡ് എത്തിയാണ് പാസ്റ്റര്‍ അടക്കം 18 പേരെ അറസ്റ്റ് ചെയ്തത്. കെട്ടിടം പൊളിച്ചതിന് ചെലവായ രണ്ട് ലക്ഷം രൂപ പള്ളിക്കമ്മിറ്റിയില്‍നിന്ന് ഈടാക്കുമെന്നും അധികൃതര്‍ അറിയിച്ചു.
പതിറ്റാണ്ടുകളായി ഇവിടെ നിലന്നിരുന്ന ആരാധനാലയമാണ് പൂര്‍ണ്ണമായി തകര്‍ത്തത്. കനത്ത പോലീസ് സുരക്ഷയില്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ചാണ് കെട്ടിടം പൊളിച്ചത്. സർക്കാർ ഭൂമിയിലെ അനധികൃത നിർമാണങ്ങൾ പൊളിച്ചുനീക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിന്റെ ഭാഗമായാണ് നടപടിയെന്ന് ഉദ്യോഗസ്ഥ നേഹ മിശ്ര പറഞ്ഞു. അനുമതിയില്ലാതെയാണ് മിഷൻ സെന്റർ നിർമ്മിച്ചതെന്നാണ് സര്‍ക്കാറിന്‍റെ നിലപാട്.
കെട്ടിടത്തിന്‍റെ മതില്‍ സര്‍ക്കാര്‍ ഭൂമിയിലാനെന്നും ഇത് പ്രാദേശിക ഉദ്യോഗസ്ഥരുടെ വാക്കാല്‍ അനുമതിയോടെ നിർമ്മിച്ചതെന്നാണ് പെന്തക്കോസ്ത് സഭാ നേതൃത്വം പറയുന്നത്. ഒക്ടോബര്‍ അഞ്ചിന് കുറച്ചുപേര്‍ ചേര്‍ന്ന് മതില്‍ പൊളിച്ചതായും പറയുന്നു. അഖില ഭാരത ക്ഷത്രിയ മഹാസഭ യുവ സെക്രട്ടറി സര്‍വേശ് മിശ്രയുടെ പരാതിയില്‍ പാസ്റ്റര്‍ ദുര്‍ഗേഷ് പ്രസാദ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പോലീസ് കേസെടുത്തു.
2017ല്‍ യോഗി ആദിത്യനാഥിന്‍റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം, ഉത്തര്‍പ്രദേശില്‍ ക്രിസ്ത്യന്‍ വിരോധം പ്രോത്സാഹിപ്പിക്കുന്ന സ്ഥിതിയാണെന്ന് ക്രൈസ്തവ സമൂഹം പറയുന്നു. നിലവിൽ, ഒരു കത്തോലിക്കാ വൈദികന്‍ ഉൾപ്പെടെ 89 ക്രിസ്ത്യാനികളാണ് മതപരിവര്‍ത്തന നിരോധനനിയമ പ്രകാരം വിവിധ ജയിലുകളിൽ കഴിയുന്നത്.
ക്രിസ്ത്യാനികള്‍ക്ക് മതപരമായ ആരാധനകളും പ്രാര്‍ത്ഥനയും നടത്താന്‍ ഒരു തരത്തിലും കഴിയാത്ത സാഹചര്യമാണ് യുപിയില്‍ ഉള്ളതെന്ന് പാസ്റ്റര്‍ ദിനേഷ് കുമാര്‍ പറഞ്ഞു. ഈ വര്‍ഷം യുപിയില്‍ ക്രിസ്ത്യാനികള്‍ക്കെതിരായ 104 അക്രമ സംഭവങ്ങള്‍ നടന്നതായി യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറ (യുസിഎഫ്) ത്തിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here