പെന്തക്കൊസ്തുകാര്‍ കോണ്‍ഗ്രസുമായി വീണ്ടും അടുക്കുന്നു; കെപിസിസി ആശീര്‍വാദത്തോടെ ഡെമോക്രാറ്റിക്‌ ബിലീവേഴ്സ് ഫോറം

കൊച്ചി: ക്രൈസ്തവ വിഭാഗത്തില്‍ നിന്നും കോണ്‍ഗ്രസിന് ഒരു പുതിയ സംഘടനകൂടി. പെന്തക്കൊസ്ത് വിശ്വാസികളായ ക്രൈസ്തവ സമൂഹത്തെ പാര്‍ട്ടിയുടെ കുടക്കീഴിലാക്കിക്കൊണ്ട് സംഘടനക്ക് രൂപം നല്‍കി. വിവിധ പെന്തക്കൊസ്ത് സഭാവിഭാഗങ്ങളുടെ കൂട്ടായ്മയാണ് ഡെമോക്രാറ്റിക്‌ ബിലീവേഴ്സ് ഫോറം (ഡിബിഎഫ്). പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണ് ഉദ്ഘാടനം നടത്തിയത്.

കലൂര്‍ ഐഎംഎ ഹാളില്‍ നടന്ന ചടങ്ങില്‍ കോണ്‍ഗ്രസ് നേതാക്കളായ ഹൈബി ഈഡന്‍ എം.പി, ഉമ തോമസ്‌ എം.എല്‍.എ. മലപ്പുറം ഡിസിസി പ്രസിഡന്റ് വി.എസ്.ജോയ്, കെപിസിസി പൊതുനയരൂപീകരണ സമിതി ചെയര്‍മാന്‍ ഡോ.ജോണ്‍ സാമുവല്‍ എന്നിവരായിരുന്നു വേദിയില്‍.

കാലങ്ങളായി കോണ്‍ഗ്രസുമായി അകന്ന് നില്‍ക്കുന്ന പെന്തക്കൊസ്ത് സഭാവിഭാഗങ്ങളെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പായി പാര്‍ട്ടിയുമായി അടുപ്പിക്കുക എന്ന ഉദ്ദേശ്യമാണ് സംഘടനാ രൂപീകരണത്തിന് പിന്നിലുള്ളത്. ഇരുപത് ലക്ഷം പേരുടെ പിന്തുണ ഉണ്ടെന്നാണ് അവകാശവാദം. വിശ്വാസവും രാഷ്ട്രീയവും ഒരുമിച്ചു പോകേണ്ട ഒരു വലിയ കാലഘട്ടത്തിലാണ് നാം എത്തിയിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഡിബിഎഫിന് കോൺഗ്രസ്സിന്‍റെ ശക്തമായ പിന്തുണയുണ്ടാകുമെന്നും ഉറപ്പ് നല്‍കി.

കേരളത്തിലെ 14 ജില്ലകളിൽ നിന്നുമായി അഞ്ഞൂറോളം പ്രതിനിധികളാണ് ആദ്യ സംസ്ഥാന സമ്മേളത്തിന് എത്തിയത്. സിപിഎമ്മുമായി അടുത്ത് നില്‍ക്കുന്ന പെന്തക്കോസ്ത് വിശ്വാസികളെ കോണ്‍ഗ്രസിലേക്ക് തിരിച്ച് കൊണ്ടുവരാനുള്ള ആദ്യ പടിയാണ് സംഘടനാ രൂപീകരണം. ക്രിസ്ത്യന്‍ വിഭാഗങ്ങളെ രാഷ്ട്രീയമായി എകീകരിക്കുകയാണ് ഡിബിഎഫ് ചെയ്യുന്നത്.

നവീകരണ ക്രൈസ്തവ പ്രസ്ഥാനങ്ങള്‍ ഒന്നാകെ ഈ സംഘടനയുടെ കുടക്കീഴില്‍ അണിചേരും-ഡിബിഎഫ് ട്രഷറർ റൂബെൻ തോമസ് പള്ളിവടക്കേതിൽ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. “പരിവര്‍ത്തിത ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് മുന്നില്‍ പരിഹരിക്കപ്പെടാന്‍ ഒട്ടുവളരെ പ്രശ്നങ്ങളുണ്ട്‌. ഈ പ്രശ്നങ്ങളിലൂന്നിയാകും സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍”-റൂബെൻ പറഞ്ഞു.

ജസ്റ്റിസ്‌ ജെ.ബി.കോശി കമ്മീഷൻ ശുപാർശകൾ അംഗീകരിക്കുക, മതപരിവർത്തന നിരോധന നിയമവും ന്യൂനപക്ഷ വേട്ടയും നിർത്തലാക്കുക, ക്രൈസ്തവ വിശ്വാസ പ്രചാരണത്തിന് അനുകൂല സാഹചര്യം ഒരുക്കുക എന്നിവയാണ് ഡിബിഎഫ് മുന്നോട്ട് വയ്ക്കുന്ന ആവശ്യങ്ങള്‍.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top