വീണ്ടും പാര്‍ട്ടി വിരുദ്ധ നിലപാട്; ഹമാസിനെ അംഗീകരിക്കാനാവില്ല; ശൈലജയെന്ന കമ്മ്യൂണിസ്റ്റുകാരിയെ ജനങ്ങൾക്ക് സംശയമില്ല: കെ.കെ. ശൈലജ
കണ്ണൂര്‍: താൻ പലസ്തീനൊപ്പമാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ.ശൈലജ. പലസ്തീന് സ്വതന്ത്ര രാജ്യം വേണമെന്ന ശൈലജയെന്ന കമ്മ്യൂണിസ്റ്റുകാരിയുടെ നിലപാടില്‍ ജനങ്ങള്‍ക്ക് സംശയമുണ്ടാകില്ല. ഹമാസ് യുദ്ധതടവുകാരെ വെച്ച് വില പേശുന്നത് ശരിയല്ല. മനുഷ്യത്വമുള്ള ആർക്കും അംഗീകരിക്കാൻ കഴിയില്ല. ഇരുഭാഗത്തുമുള്ള ക്രൂരത അവസാനിപ്പിക്കണമെന്നും ശൈലജ ആവശ്യപ്പെട്ടു.
” സാധാരണക്കാരായ സ്ത്രീകളും കുട്ടികളും എന്ത് പിഴച്ചു?. എന്നാല്‍, ഇസ്രായേൽ ക്രൂരത ചെയ്തല്ലോ, അതുകൊണ്ട് ഹമാസ് ചെയ്താലും കുഴപ്പമില്ല എന്ന് പറയുന്നത് അംഗീകരിക്കാൻ കഴിയില്ല ” – കെ.കെ. ശൈലജ മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞദിവസം കെ.കെ. ശൈലജയുടെ പ്രതികരണത്തിനെതിരെ ഒരു വിഭാഗം കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. ഫേസ്ബുക്ക് പോസ്റ്റില്‍ ‘ഹമാസ് ഭീകരര്‍’ എന്ന് കുറിച്ചതിനെതിരെയാണ് വിമര്‍ശനം ഉയർന്നത്. ഒരു വിഭാഗത്തിൽ നിന്നും സൈബർ അറ്റാക്ക് നേരിട്ടതോടെ ഇക്കാര്യത്തില്‍ കെ.കെ. ശൈലജ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. തനിക്കെതിരെ പ്രചാരണം നടത്തിയത് പോസ്റ്റ് മുഴുവന്‍ വായിക്കാതെയാണെന്നും ഫേസ്ബുക്ക് പോസ്റ്റ് ഡീലിറ്റ് ചെയ്തിട്ടില്ലെന്നും ഇനിയും ആര്‍ക്കുവേണമെങ്കിലും വായിച്ചുനോക്കാമെന്നും കെ.കെ. ശൈലജ പറഞ്ഞു.
അതേ സമയം; സ്വതന്ത്ര പലസ്തീൻ എന്നതാണ് സിപിഎം നിലപാട്. അതിനാൽ ഔദ്യോഗിക പാര്‍ട്ടി മാധ്യമങ്ങളോ നേതാക്കളോ ഹമാസ് നടത്തുന്നത് ഭീകര പ്രവര്‍ത്തനമായി വിശേഷിപ്പിക്കാറില്ല. ഇതിനിടയിലായിരുന്നു ഹമാസിനെ ഭീകരർ എന്ന് ശൈലജ വിശേഷിപ്പിച്ചത്. സിപിഎം പോളിറ്റ് ബ്യൂറോയും ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരിയും പിബി അംഗം എം.എ. ബേബിയും അടക്കമുള്ളവർ പലസ്തീന് പിന്തുണയുമായി എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ ശൈലജ പാർട്ടിക്ക് ഘടക വിരുദ്ധ നിലപാടുമായി രംഗത്ത് വന്നത്. “ഹമാസ് നടത്തിയ ആക്രമണത്തിന് ഇസ്രയേൽ നടത്തുന്ന തിരിച്ചടിയെന്ന മാധ്യമ വാർത്തകൾ ശരിയല്ല. ഇസ്രയേൽ നടത്തിയ പ്രകോപനങ്ങളോടുള്ള പ്രതികരണമാണ് ഹമാസ് നടത്തിയത്” എന്നായിരുന്നു എം.എ.ബേബിയുടെ പ്രതികരണം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here