ക്രിസ്ത്യാനികള്‍ മതം ഉപേക്ഷിക്കുന്നു !! മുറുകെപിടിച്ച് ഹിന്ദുക്കളും മുസ്ലീങ്ങളും; സര്‍വ്വേ റിപ്പോര്‍ട്ട് ഇങ്ങനെ

വിഎസ് അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ എംഎ ബേബി വിദ്യാഭ്യാസമന്ത്രി ആയിരുന്ന കാലത്ത് ഏഴാം ക്ലാസിലെ സാമൂഹ്യശാസ്ത്ര പുസ്തകത്തില്‍ മതമില്ലാത്ത ജീവന്‍ എന്ന പാഠഭാഗം ഉള്‍പ്പെടുത്തിയത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. കുട്ടികളില്‍ മതനിരാസവും യുക്തിവാദവും വളർത്തും എന്നായിരുന്നു മതവാദികളുടെ ആക്ഷേപം. എന്നാല്‍ ഇപ്പോള്‍ ലോകത്ത് മതം ഉപേക്ഷിക്കുന്നവരുടെ എണ്ണം വന്‍തോതില്‍ കൂടുന്നു എന്നാണ് ഏറ്റവും പുതിയ സര്‍വ്വേ വെളിപ്പെടുത്തുന്നത്.

ക്രിസ്ത്യാനികളും ബുദ്ധിസ്റ്റുകളും ലോകവ്യാപകമായി മതം ഉപേക്ഷിക്കുന്നു. യൂറോപ്പിലും അമേരിക്കയിലും ഉള്ളവര്‍ ക്രിസ്തുമതത്തില്‍ നിന്ന് വിട്ട് മറ്റ് മതങ്ങളിലേക്കും മതമില്ലാത്ത അവസ്ഥയിലേക്കും പോകുന്നു. ഹിന്ദുക്കളും മുസ്ലീങ്ങളും ജനിച്ച മതത്തില്‍ തന്നെ തുടരുന്നതായാണ് സര്‍വ്വേ റിപ്പോര്‍ട്ട് പറയുന്നത്. മതമില്ലാത്ത മതമാണ് ലോകത്തിലെ നാലാമത്തെ വലിയ മചം എന്നാണ് പ്യൂ റിസര്‍ച്ച് സെന്റര്‍ (PEW Research Center) 2023-24 കാലത്ത് നടത്തിയ പഠനത്തില്‍ വ്യക്തമായത്.

ലോകപ്രശസ്ത സന്നദ്ധ സംഘടനയായ പ്യൂ, 36 രാജ്യങ്ങളിലായി 80,000 പേര്‍ക്കിടയില്‍ നടത്തിയ സര്‍വെയിലാണ് മതനിരാസത്തിന്റെ കണക്കുകള്‍ പുറത്തു വന്നത്. മതം വിട്ട് മറ്റൊരു മതത്തിലേക്ക് പോകാത്ത ചുരുക്കം ചില രാജ്യങ്ങളുണ്ട്. ഇന്ത്യ, ഇസ്രയേല്‍, തായ്‌ലണ്ട്, നൈജീരിയ എന്നിവിടങ്ങളില്‍ 95 ശതമാനം പേരും പിറന്ന മതത്തില്‍ തന്നെ തുടരുകയാണ്. മതം പൂര്‍ണമായി ഉപേക്ഷിച്ചു പോകുന്നതും, ഒരു മതത്തില്‍ നിന്ന് മറ്റൊന്നിലേക്ക് കുടിയേറുന്നതും ഏഷ്യ, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളില്‍ നിത്യ സംഭവങ്ങളാണ്. തെക്കന്‍ കൊറിയയിൽ 56, നെതര്‍ലണ്ട് 28, യുഎസ് 21, ബ്രസീല്‍ 21 എന്നിങ്ങനെയാണ് ജനിച്ച മതം ഉപേക്ഷിച്ചവരുടെ ശതമാനക്കണക്ക്.

യൂറോപ്പില്‍ ക്രിസ്തുമതത്തില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് ഭയാനകമായ അവസ്ഥയിലായി, സഭകൾ ഏതാണ്ട് മെലിഞ്ഞ് അസ്ഥി മാത്രമായി. ഇറ്റലി 28, ജര്‍മ്മനി 19.7, ഫ്രാന്‍സ് 15.8, യു എസ് 6, എന്നീ ശതമാന കണക്കിലാണ് ക്രിസ്ത്യാനികള്‍ മതം ഉപേക്ഷിക്കുന്നത്. ഏതാണ്ട് ഇതേ നിരക്കിലാണ് ബുദ്ധമതം ഉപേക്ഷിക്കുന്നവരുടെ കണക്കുകളും. 23 ശതമാനം പ്രായപൂര്‍ത്തിയായവരാണ് ജപ്പാനില്‍ ബുദ്ധമതത്തില്‍ വിട്ടുപോയത്. ദക്ഷിണ കൊറിയയില്‍ 13 ശതമാനം പേരും മതത്തെ നിരസിച്ചു പോയവരാണ്.

അമേരിക്കയില്‍ 62 ശതമാനം പേര്‍ ക്രിസ്ത്യാനികളാണ്. ഇതില്‍ 42% പേര്‍ പ്രൊട്ടസ്റ്റന്റ് വിഭാഗത്തിലും 19% കത്തോലിക്കരും മൂന്ന് ശതമാനം മറ്റ് സഭാ വിഭാഗങ്ങളിലും പെട്ടവരാണ്. ജനസംഖ്യയിലെ 29% പേര്‍ ഒരു മതത്തിലും വിശ്വാസം ഇല്ലാത്തവരാണ്. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ അമേരിക്കന്‍ ജനതയില്‍ 35% പേര്‍ മതങ്ങളുമായുള്ള ബന്ധം നിരസിച്ചവരാണെന്നും സര്‍വെ കണ്ടെത്തി. പ്യൂവിന്റെ കണക്കു പ്രകാരം ലോകത്ത് മതമില്ലാത്തവര്‍ 15 ശതമാനത്തോളം വരുമെന്നാണ് സര്‍വെയില്‍ കണ്ടെത്തിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top