അനു വധത്തിലെ പ്രതിയെ കസ്റ്റഡിയില്‍ വിട്ടു; അനുവദിച്ചത് ആറ് ദിവസത്തെ കസ്റ്റഡി; മുജീബ് റഹ്മാന്‍റെ കൂടുതല്‍ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ പോലീസ്

കോഴിക്കോട്‌: പേരാമ്പ്ര അനു വധക്കേസ് പ്രതി മുജീബ് റഹ്മാനെ കസ്റ്റഡിയില്‍ വിട്ടു. പേരാമ്പ്ര ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതിയെ നാലുദിവസത്തെ പോലീസ് കസ്റ്റഡിയില്‍വിട്ടത്. കൂടുതല്‍ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി പ്രതിയുടെ കസ്റ്റഡിക്ക് പോലീസ് അപേക്ഷ നല്‍കിയിരുന്നു.

ആറു ദിവസത്തെ കസ്‌റ്റഡിയ്‌ക്കാണ്‌ അപേക്ഷ നല്‍കിയത്‌. ഇയാളുടെ കൂടുതല്‍ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാനാണ് പോലീസ് നീക്കം. അനുവിന്റെ കൊലയ്ക്ക് ഉപയോഗിച്ച ബൈക്ക് മട്ടന്നൂരില്‍ നിന്നും മോഷ്ടിച്ചതാണ്. അതിനാല്‍ മട്ടന്നൂര്‍ ഉള്‍പ്പെടെ പ്രതിയെ തെളിവെടുപ്പിന് കൊണ്ടുപോകേണ്ടതുണ്ട്. മുജീബിനെ ഈ മേഖലയിലെത്തിച്ചാല്‍ വെറുതെവിടില്ലെന്ന്‌ പ്രദേശവാസികള്‍ പ്രതികരിച്ചിട്ടുണ്ട്. ജനരോഷം കണക്കിലെടുത്താകും തെളിവെടുപ്പ് നടത്തുക.

മാര്‍ച്ച് 11-നാണ് പേരാമ്പ്ര വാളൂര്‍ സ്വദേശിനിയായ അനുവിനെ മുജീബ് റഹ്‌മാന്‍ കൊലപ്പെടുത്തിയത്. കണ്ണൂര്‍ മട്ടന്നൂരില്‍നിന്ന്‌ മോഷ്‌ടിച്ച ബൈക്കുമായി പേരാമ്പ്രയിലെത്തിയാണ് അനുവിനെ വധിച്ചത്. ഇരകള്‍ക്കായി ബൈക്കില്‍ തിരയുമ്പോഴാണ് അനു മുജീബിന്‍റെ മുന്നില്‍വന്നു ചാടിയത്. വീട്ടില്‍ നിന്നുമിറങ്ങി ബസ് സ്റ്റോപ്പിലുള്ള ഭര്‍ത്താവിനടുത്തേക്ക് പോകുമ്പോഴാണ്‌ ലിഫ്റ്റ്‌ വാഗ്ദാനം ചെയ്ത് ബൈക്കില്‍ കയറ്റിയത്. ബൈക്ക് തോടിനടുത്തെത്തിച്ച് വെള്ളത്തില്‍ തള്ളിയിട്ടാണ് അനുവിനെ കൊലപ്പെടുത്തിയത്. അതിനുശേഷം സ്വര്‍ണാഭരണങ്ങള്‍ കവരുകയും ചെയ്തു. അനുവുമായി ഇയാള്‍ ബൈക്കില്‍ പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ കണ്ടാണ്‌ പോലീസ് മുജീബിലേക്ക് എത്തിയത്.

വീട്ടില്‍ കയറി അതിസാഹസികമായാണ് ഇയാളെ പൊക്കിയത്. കീഴടങ്ങാന്‍ കൂട്ടാക്കാതെ കിടപ്പുമുറിയില്‍ കയറി വാതിലടച്ചു. വാതില്‍ ചവിട്ടിപൊളിച്ചാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. ആയുധങ്ങളുമായി ഇയാള്‍ പോലീസിനെ നേരിട്ടപ്പോള്‍ സിവില്‍ പോലീസ്‌ ഓഫീസര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്‌തു.

മുജീബിന്റെ ജീവിതം കുറ്റകൃത്യങ്ങളുടെ നീണ്ട പരമ്പര

കൊവിഡ് കാലത്തെ അനുകൂല സാഹചര്യം മുതലെടുത്ത്‌ മുക്കത്തെ വയോധികക്ക് നേരെ കൊടുംക്രൂരതയാണ് മുജീബ് കാണിച്ചത്. ഹോട്ടല്‍ ജോലി കഴിഞ്ഞ് ഇയാളുടെ ഓട്ടോയില്‍ കയറിയപ്പോള്‍ ഒഴിഞ്ഞ സ്ഥലത്തെത്തിച്ച് ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. തല ഓട്ടോയിലെ കമ്പിയില്‍ ഇടിപ്പിച്ച് ബോധം കെടുത്തി കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് കെട്ടിയിട്ട് ക്രൂരമായാണ് ബലാത്സംഗം ചെയ്തത്. മാസങ്ങളാണ് ഇവര്‍ക്ക് ആശുപത്രിയില്‍ കഴിയേണ്ടി വന്നത്. വയോധികയുടെ പരാതിപ്രകാരം പോലീസ്‌ കേസെടുത്ത്‌ മുജീബിനെ അറസ്‌റ്റ്‌ചെയ്‌തെങ്കിലും നിയമനടപടികള്‍ ഇഴയുകയാണ്. മുഖത്ത്‌ എന്തോ സ്‌പ്രേ ചെയ്‌താണു തന്നെ ബോധം കെടുത്തിയതെന്ന ഇരയുടെ മൊഴി മൊഴി കുറ്റപത്രത്തില്‍നിന്ന്‌ നീക്കംചെയ്യപ്പെട്ടിരുന്നു. ഈ കേസില്‍ ജാമ്യം ലഭിച്ചാണ് മുജീബ്‌ പുറത്തിറങ്ങിയത്‌. കേസിലെ വിചാരണ ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. ജാമ്യത്തില്‍ തുടരുമ്പോഴാണ് അനുവിനെയും വധിച്ചത്.

ഇരുപതാം വയസില്‍ തന്നെ കൊലപാതകക്കേസില്‍ കുടുങ്ങി. തിരൂരിലെ ജൂവലറി ഉടമയെയാണ് വധിച്ചത്. വാഹനം മോഷ്ടിച്ച ശേഷം ഇതില്‍ കറങ്ങി സ്‌ത്രീകളെ ഉപദ്രവിച്ച്‌ സ്വര്‍ണം കവരല്‍ പതിവ് പരിപാടിയായിരുന്നു. മോഷ്ടിച്ച കാറുകള്‍ കൈമാറിയത് അന്തര്‍ സംസ്ഥാന വാഹനമോഷ്ടാവ് വീരപ്പന്‍ റഹീമിനും. പിന്നീട് തനിയെ മോഷണവും കവര്‍ച്ചയും തുടങ്ങി. കേസില്‍പ്പെട്ടാല്‍ അതിവേഗം തലയൂരാന്‍ ഇയാള്‍ക്ക് സാധിക്കാറുണ്ട്. കേസില്‍ കുടുങ്ങുമ്പോള്‍ പുറത്തുനിന്ന് കൃത്യമായ സഹായം മുജീബിനു ലഭിക്കുന്നുണ്ട്. ആരൊക്കെയാണ് ഈ സഹായികള്‍ എന്ന കാര്യം പോലീസ് അന്വേഷിക്കുന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top