പെരിന്തല്‍മണ്ണയില്‍ ഇതരസംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയ ദമ്പതികള്‍ അറസ്റ്റില്‍; കൊലയ്ക്ക് പിന്നില്‍ യുവതിയുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയതിലുള്ള പക
മലപ്പുറം: പെരിന്തല്‍മണ്ണയില്‍ ഇതരസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തില്‍ പശ്ചിമ ബംഗാളിലെ ദമ്പതികള്‍ അറസ്റ്റില്‍. യുവതിയുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയതിലുള്ള വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ദമ്പതികള്‍ മൊഴി നല്‍കി. യുവാവിനെ കൊലപ്പെടുത്തിയശേഷം ബംഗാളിലേക്ക് കടന്ന ദമ്പതികളെ അവിടെവച്ച് പോലീസ് പിടികൂടുകയായിരുന്നു.
ഏപ്രില്‍ 28നാണ് പശ്ചിമ ബംഗാള്‍ ഹരിപുര്‍ സ്വദേശി ദീപാങ്കര്‍ മാജിയെ (38) പെരിന്തല്‍മണ്ണയിലെ ക്വാര്‍ട്ടേഴ്സില്‍ പുറത്തുനിന്ന് പൂട്ടിയ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണം കൊലപാതകമാണെന്ന് കണ്ടെത്തിയതോടെ ക്വാര്‍ട്ടേഴ്സില്‍ വന്നുപോയവരെ ചുറ്റിപ്പറ്റിയായിരുന്നു അന്വേഷണം. ഇതിനിടെയാണ് കൊല്ലപ്പെട്ട മാജിയുടെ നാട്ടുകാരായ ദമ്പതികള്‍ ക്വാട്ടേഴ്സില്‍ വരാറുണ്ടെന്ന വിവരം പോലീസിന് ലഭിച്ചത്.
ദമ്പതികള്‍ മാജിയുടെ വീട്ടില്‍ വന്ന് താമസിക്കാര്‍ ഉണ്ടായിരുന്നു. മാജി കൊല്ലപ്പെട്ട ദിവസം ഇവര്‍ വീട്ടില്‍ വന്നിട്ടുണ്ട് എന്ന സാക്ഷിമൊഴിയാണ് കേസില്‍ വഴിത്തിരിവായത്. യുവതിയുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി മാജി ഇവരെ ബ്ലാക്ക് മെയില്‍ ചെയ്തതാണ് അയാളെ ഇല്ലാതാക്കാന്‍ ദമ്പതികളെ പ്രകോപിപ്പിച്ചത്. മാജിക്ക് വെള്ളത്തില്‍ കലക്കി ഉറക്കഗുളിക നല്‍കിയശേഷം ദമ്പതികള്‍ തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. യുവതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കൈക്കലാക്കി ഇരുവരും ബംഗാളിലേക്ക് കടന്നതായാണ് പോലീസിന്‍റെ കണ്ടെത്തല്‍.
പശ്ചിമ ബംഗാള്‍ പോലീസിന്‍റെ സഹായത്തോടെയാണ് പ്രതികളെ പെരിന്തല്‍മണ്ണ പോലീസ് പിടികൂടിയത്. പെരിന്തല്‍മണ്ണ പോലീസ് ഇന്‍സ്പെക്ടര്‍ എന്‍.എസ്. രാജീവിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. എസ്.ഐ. സി.എസ്. രമേശ്, എ.എസ്.ഐ. അനിത, സി.പി.ഒ. കൃഷ്ണപ്രസാദ് എന്നിവരാണ് ബംഗാളില്‍ നിന്ന് പ്രതികളെ പിടികൂടിയത്. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതികള്‍ റിമാന്‍ഡിലാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here