പെരിയ പ്രതിയുടെ മകന്റെ വിവാഹത്തിന് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്; ‘സഹിക്കാന്‍ കഴിയുന്ന കാര്യമല്ല’ ഇതെന്ന് കൊല്ലപ്പെട്ട ശരത് ലാലിന്റെ പിതാവ്; കോണ്‍ഗ്രസില്‍ വിവാദം

കാസര്‍കോട്: പെരിയ ഇരട്ടക്കൊല കേസ് പ്രതിയുടെ മകന്റെ വിവാഹത്തിന് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പങ്കെടുത്തത് വിവാദമായി തുടരവേ കൊല്ലപ്പെട്ട ശരത് ലാലിന്റെ അച്ഛന്‍ സത്യനാരായണന്‍ പ്രതികരണവുമായി രംഗത്ത്. കേസിലെ പ്രതിയുടെ മകന്റെ വിവാഹത്തിന് മണ്ഡലം പ്രസിഡന്റ് പങ്കെടുക്കുന്നത് ശരിയല്ല. അദ്ദേഹം ആ പദവിയില്‍ ഇരിക്കാന്‍ യോഗ്യനല്ലെന്ന് തെളിയിച്ചിരിക്കുന്നു-സത്യനാരായണന്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. കേസിലെ 13-ാം പ്രതി ബാലകൃഷ്ണന്റെ മകന്റെ വിവാഹത്തിനാണ് മണ്ഡലം പ്രസിഡന്റായ പ്രമോദ് പെരിയ പങ്കെടുത്തത്. ഇന്നലെ പെരിയയിലെ സ്വകാര്യ ഓഡിറ്റോറിയത്തിലായിരുന്നു ചടങ്ങ്.

“മണ്ഡലം പ്രസിഡന്റ് എന്നത് കോണ്‍ഗ്രസിലെ ഉത്തരവാദപ്പെട്ട പദവിയാണ്‌. ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് അദ്ദേഹം ചെയ്തത്. ഞങ്ങള്‍ കേസിലെ പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കാന്‍ ഓടി നടക്കുകയാണ്. അപ്പോള്‍ അവരുടെ വിവാഹത്തിന് പോയി അവര്‍ക്കൊപ്പം നില്‍ക്കുന്നത് സഹിക്കാന്‍ കഴിയുന്ന കാര്യമാണോ? മണ്ഡലം പ്രസിഡന്റിന്റെ ചെയ്തിയില്‍ നാട്ടുകാര്‍ക്ക് മൊത്തത്തില്‍ കടുത്ത പ്രതിഷേധമുണ്ട്. ഡിസിസിയേയും കെപിസിസിയേയും വിവരം അറിയിക്കും. ക്ഷണിച്ചിട്ടാണ് പോയത് എന്ന് പ്രമോദ് പെരിയ പറയുന്നതില്‍ കാര്യമില്ല. എന്നെ വേണമെങ്കിലും അവര്‍ വിവാഹത്തിന് ക്ഷണിക്കും. അതാണ്‌ സിപിഎമ്മിന്റെ രീതി. ഇതില്‍ പാര്‍ട്ടി നേതൃത്വം നടപടി എടുക്കട്ടെ.” – സത്യനാരായണന്‍ പറഞ്ഞു.

വരന്‍ ഡോക്ടര്‍ ആനന്ദ് കൃഷ്ണന്‍ ക്ഷണിച്ചിട്ടാണ് താന്‍ പങ്കെടുത്തതെന്നാണ് പ്രമോദ് പെരിയയുടെ പ്രതികരണം. വേറെയും കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തിരുന്നെങ്കിലും തന്റെ ഫോട്ടോ മാത്രം പ്രചരിപ്പിക്കുന്നതില്‍ ദുരൂഹതയുണ്ടെന്നാണ് പ്രമോദിന്റെ ആരോപണം.

കേരളത്തിൽ ഏറെ രാഷ്ട്രീയ വിവാദം സൃഷ്ടിച്ച ഇരട്ടക്കൊലക്കേസാണ് പെരിയയിലേത്. 2019 ഫിബ്രവരി 17-നാണ് കാസർകോട്ട് കല്യാട്ട് വെച്ച് ബൈക്കിൽ സ‌ഞ്ചരിക്കുകയായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും സിപിഎം സംഘം വെട്ടിക്കൊലപ്പെടുത്തിയത്. 24 പ്രതികളുള്ള കേസില്‍ 16 പേര്‍ ജയിലിലാണ്. സിപിഎം നേതാവ് പീതാംബരനാണ് കേസിലെ ഒന്നാം പ്രതി. 2019 സെപ്റ്റംബര്‍ 30-ന് ആണ് കേസ് സിബിഐക്ക് വിട്ടത്. സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ പോയത് വിവാദമായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here