പെരിയ ഇരട്ടക്കൊലക്കേസിൽ വിധി ഇന്ന്; പ്രഖ്യാപിക്കുക 14 പ്രതികളുടെ ശിക്ഷ
കാസർകോട് പെരിയ ഇരട്ടക്കൊലക്കേസിൽ പ്രതികളുടെ ശിക്ഷ ഇന്ന് കോടതി വിധിക്കും. കുറ്റക്കാരെന്ന് കണ്ടെത്തിയ 14 പ്രതികളുടെ ശിക്ഷയാണ് കൊച്ചി സിബിഐ കോടതി പ്രഖ്യാപിക്കുക. കേസിലെ പത്ത് പ്രതികൾക്കെതിരെ വധശിക്ഷ വരെ കിട്ടാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. 10 പ്രതികളെ കുറ്റവിമുക്തരാക്കിയിട്ടുണ്ട്.
ആറുവർഷം നീണ്ട നിയമപോരാട്ടത്തിന് ഒടുവിലാണ് വിധി വരുന്നത്. സിപിഎം നേതാവും ഉദുമ മുൻ എംഎൽഎയുമായ കെ.വി.കുഞ്ഞിരാമൻ, ഉദുമ സിപിഎം മുൻ ഏരിയ സെക്രട്ടറി കെ. മണികണ്‌ഠൻ ഉൾപ്പടെ 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. പൊലീസ് കസ്റ്റഡിയിൽനിന്നു പ്രതിയെ കടത്തിക്കൊണ്ടുപോയെന്ന കുറ്റമാണ് കെ.വി.കുഞ്ഞിരാമൻ ഉൾപ്പടെ നാലു പ്രതികൾക്കെതിരെ ചുമത്തിയത്.
ഒന്നു മുതൽ 8 വരെ പ്രതികൾക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു. ഒന്നാം പ്രതി എ.പീതാംബരൻ ഉൾപ്പടെ 10 പ്രതികൾക്കെതിരെ ഗൂഢാലോചന, കലാപം സൃഷ്ടിക്കൽ, നിയമവിരുദ്ധമായി സംഘം ചേരൽ, കൊലപാതകം, തടഞ്ഞുവയ്ക്കൽ എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്.
Also Read: പെരിയ ഇരട്ടക്കൊലയില്‍ സിപിഎമ്മുകാരായ 14 പ്രതികള്‍ കുറ്റക്കാര്‍; 10 പ്രതികളെ വെറുതെ വിട്ടു
പത്താം പ്രതി ടി.രഞ്ജിത്ത് പതിനഞ്ചാം പ്രതി എ.സുരേന്ദ്രൻ എന്നിവർ തെളിവു നശിപ്പിച്ചതായും പ്രതികളെ സംരക്ഷിച്ചതായും കോടതി കണ്ടെത്തി.
2019 ഫെബ്രുവരി 17നായിരുന്നു കേരളത്തെ നടുക്കിയ ഇരട്ടക്കൊല. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും(23) കൃപേഷിനെയും(19) കല്യോട്ട് റോഡിൽ തടഞ്ഞുനിർത്തി വെട്ടിക്കൊല്ലുകയായിരുന്നു. ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചു. അന്വേഷണത്തില്‍ തൃപ്തിയില്ലാതെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശരത് ലാലിൻ്റെയും കൃപേഷിൻ്റെയും മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിച്ചു.
ഹൈക്കോടതി സിംഗിൾ ബെഞ്ച് ക്രൈംബ്രാഞ്ച് കുറ്റപത്രം റദ്ദു ചെയ്‌തു സിബിഐ അന്വേഷണം പ്രഖ്യാപിച്ചു. ഇതിനെതിരായ അപ്പീലിൽ സിംഗിൾ ബെഞ്ച് വിധി ഡിവിഷൻ ബെഞ്ച് ശരിവച്ചു. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. ഹര്‍ജി സുപ്രീം കോടതി കൂടി തള്ളിയതോടെ സിബിഐഅന്വേഷണം ഏറ്റെടുത്തു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here