പെരിയ ഇരട്ടക്കൊലക്കേസിൽ വിധി 28ന്; പ്രതികൾ മുൻ എംഎൽഎ അടക്കമുള്ള സിപിഎം നേതാക്കൾ

കാസർകോട് കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്‍ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസിൽ വിധി ഈ മാസം 28ന്. സിപിഎം നേതാക്കൾ പ്രതികളായ പെരിയ ഇരട്ടക്കൊലപാതക കേസിൽ കൊച്ചിയിലെ പ്രത്യേക കോടതിയാണ് വിധി പറയുന്നത്. ഇക്കഴിഞ്ഞ സെപ്റ്റംബറിൽ വിചാരണ പൂർത്തിയായിരുന്നു.

2019 ഫെബ്രുവരി 17ന് രാത്രി കല്യോട് കൂരാങ്കര റോഡിലാണ് ശരത്‌ലാലും കൃപേഷും വെട്ടേറ്റു മരിച്ചത്. ആദ്യം ലോക്കൽ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസിൽ ആദ്യം 14 പേരെ പ്രതികളാക്കുകയും 11 സിപിഎം പ്രവർത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഒന്നാം പ്രതി പീതാംബരനടക്കം 11 പ്രതികൾ അഞ്ചര വർഷത്തിലേറെയായി ജുഡീഷ്യൽ കസ്റ്റഡിയിലാണ്.


ശരത്‌ലാലിന്റെയും ക്യപേഷിന്റെയും കുടുംബം നടത്തിയ നിയമ പോരാട്ടത്തെത്തുടർന്ന് സുപ്രീം കോടതി കേസന്വേഷണം സിബിഐക്ക് കൈമാറിയിരുന്നു. സിബിഐ അന്വേഷണത്തിൽ 10 സിപിഎം പ്രവർത്തകരെക്കൂടി പ്രതിചേർത്തു. ഇതിൽ അഞ്ച് പേർ 2021 ഡിസംബറിൽ അറസ്റ്റിലായി. ഇവരിപ്പോൾ കാക്കനാട് ജയിലിലാണ്.

മുൻ എംഎൽഎ കെവി കു‍ഞ്ഞിരാമനുൾപ്പെടെയുള്ള അഞ്ചു പ്രതികൾ ജാമ്യത്തിൽ പുറത്ത് കഴിയുകയാണ്. കഴിഞ്ഞ വർഷം ഫെബ്രുവരി രണ്ടിനാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. ആകെ 24 പ്രതികളാണ് കേസിലുള്ളത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top