‘പെരിയ ഇരട്ടക്കൊലയില്‍ പാര്‍ട്ടിക്ക് പങ്കില്ല’; പക്ഷേ, പ്രതികള്‍ക്കായി കേസ് നടത്താന്‍ സിപിഎം ഫണ്ട് പിരിക്കും

പാര്‍ട്ടി പ്രതിസ്ഥാനത്ത് വരുന്ന രാഷ്ടീയ കൊലപാതകങ്ങള്‍ ഉണ്ടാകുമ്പോള്‍ സിപിഎം പാര്‍ട്ടി സ്ഥിരമായി പറയുന്ന വാചകമുണ്ട് – ‘സിപിഎമ്മിന് കൊലപാതകത്തില്‍ പങ്കില്ല’. മാധ്യമങ്ങളും പൊതുവികാരവും എതിരാവുമ്പോള്‍ പതിവായി ഇറക്കുന്ന ക്യാപ്‌സ്യൂളുകളിലൊന്നാണ് ഈ തള്ളിപ്പറച്ചില്‍. കോലാഹലങ്ങളും വിവാദങ്ങളും കെട്ടടങ്ങുമ്പോള്‍ പ്രതികള്‍ക്കായി സിപിഎം ആളും അര്‍ഥവും വാരിയെറിഞ്ഞ് കളത്തിലിറങ്ങും. ഇതാണ് എല്ലാക്കാലത്തും സിപിഎം സ്വീകരിച്ചു പോന്ന സമീപനം.

കാസര്‍കോട് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്നപ്പോഴും സിപിഎം പറഞ്ഞത് വ്യക്തി വൈരാഗ്യം എന്നായിരുന്നു. 2019 ഫെബ്രുവരി 17-ന് ശരത് ലാല്‍, കൃപേഷ് എന്നീ യുവാക്കളെയാണ് ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ ക്രൂരമായി കൊലപ്പെടുത്തിയത്. കേസില്‍ മുന്‍ എംഎല്‍എ അടക്കം 15 പേരെ സിബിഐ കോടതി ശിക്ഷിച്ചിരുന്നു. ഇതോടെ നിയമ പോരാട്ടത്തിനായി സ്‌പെഷ്യല്‍ ഫണ്ട് എന്ന പേരില്‍ ഫണ്ട് പിരിക്കാന്‍ ഒരുങ്ങുകയാണ് സിപിഎം.

ഓരോ പാര്‍ട്ടി അംഗങ്ങളും 500 രൂപ വീതം നല്‍കണമെന്നും ജോലിയുള്ളവര്‍ ഒരു ദിവസത്തെ ശമ്പളം നല്‍കണമെന്നും സിപിഎം ജില്ലാ കമ്മിറ്റി നിര്‍ദേശിച്ചു. ഈ മാസം ഇരുപതിനകം പണം ഏരിയ കമ്മിറ്റികള്‍ക്ക് കൈമാറണമെന്നാണ് കീഴ്ഘടകങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. കൊലപാതകം നടന്ന ഘട്ടത്തില്‍ കേസിലെ ഒന്നാം പ്രതിയായ പീതാംബരനെ സിപിഎം പുറത്താക്കിയിരുന്നു. പക്ഷേ, അത് വെറും നാടകമാണെന്ന് പിന്നീട് തെളിഞ്ഞു. പാര്‍ട്ടി ഇടപെട്ട് പീതാംബരന്റെ ഭാര്യയ്ക്ക് താല്‍ക്കാലിക സര്‍ക്കാര്‍ ജോലി തരപ്പെടുത്തി നല്‍കിയതും വിവാദമായിരുന്നു.

ഓരോ ബ്രാഞ്ചിനും ക്വോട്ട നിശ്ചയിച്ചാണ് പിരിവ്. കാസര്‍കോട് ജില്ലയില്‍ സിപിഎമ്മിന് 28,000 അംഗങ്ങള്‍ ഉണ്ടെന്നാണ് കണക്ക്. ഇവര്‍ക്ക് പുറമെ പാര്‍ട്ടി നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന നിരവധി പേരും ഉണ്ട്. ഇവരില്‍ നിന്നുള്ള പിരിവുകൊണ്ട് കേസ് നടത്താന്‍ സാധിക്കുമെന്നാണ് പാര്‍ട്ടി കരുതുന്നത്. പെരിയക്കേസിനു വേണ്ടി ഇത് രണ്ടാം തവണയാണ് സിപിഎം ഫണ്ട് സമാഹരിക്കുന്നത്. 2021 നവംബര്‍ – ഡിസംബറില്‍ വലിയതോതില്‍ പണം പിരിച്ചിരുന്നു. ജില്ലാ കമ്മിറ്റി ഓഫിസിന്റെ അന്തിമ ജോലികള്‍ക്കെന്നു പറഞ്ഞാണ് അന്ന് പിരിവ് നടത്തിയത്. അന്നും പാര്‍ട്ടി അംഗങ്ങളില്‍ നിന്നു മാത്രമായിരുന്നു പിരിവ്.

സിപിഎം നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. അഞ്ഞൂറ് രൂപ വീതം നല്‍കി അതിക്രൂരമായ ഒരു ഇരട്ടക്കൊലപാതകത്തിന്റെ പാപക്കറ സ്വന്തം കൈകളില്‍ പുരട്ടുവാന്‍ എത്ര സിപിഎം അംഗങ്ങള്‍ തയ്യാറാവുമെന്ന് കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം ചോദിച്ചു. ഭീകരവാദികളെ പരസ്യമായി പിന്തുണക്കുന്നവരുടെ എണ്ണം എത്രമാത്രം ഉണ്ടെന്ന് കേരളം അറിഞ്ഞിരിക്കുന്നത് നല്ലതാണെന്നും ബൽറാം ഫെയ്‌സ്ബുക്കില്‍ കുറിച്ചിട്ടുണ്ട്.

പെരിയക്കേസില്‍ സിബിഐ അന്വേഷണം ഒഴിവാക്കാന്‍ ഖജനാവില്‍ നിന്ന് ഒന്നേകാല്‍ കോടി രൂപ സര്‍ക്കാര്‍ ചെലവഴിച്ചിരുന്നു. പാര്‍ട്ടിക്ക് പങ്കില്ലെങ്കില്‍ സിപിഎം സര്‍ക്കാര്‍ എന്തിനാണ് ഇത്രയേറെ തുക ചെലവഴിച്ചതെന്ന ചോദ്യത്തിന് കൃത്യമായ മറുപടി പറയാന്‍ പാര്‍ട്ടി ഇതുവരെ തയ്യാറായിട്ടില്ല. ഇതിന് പുറമേയാണ് ഇപ്പോഴത്തെ പാർട്ടി പിരിവും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top