മത്സ്യങ്ങളുടെ കൂട്ടക്കുരുതിയില്‍ ശാസ്ത്രീയ റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടിയെന്ന് മന്ത്രി; പുഴകള്‍ക്കായി പ്രത്യേക അതോറിറ്റി പരിഗണനയില്‍; പെരിയാര്‍ സംരക്ഷിക്കാന്‍ ശാശ്വത നടപടി

കൊച്ചി: പെരിയാറില്‍ മത്സ്യങ്ങളുടെ കൂട്ടക്കുരുതി നടന്നതില്‍ ശാസ്ത്രീയ റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടിയെന്ന് മന്ത്രി പി.രാജീവ്. ശനിയാഴ്ച റിപ്പോര്‍ട്ട് നല്‍കുവാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ലാബ് റിപ്പോര്‍ട്ട് ലഭിച്ചാലേ കൂടുതല്‍ വ്യക്തത വരൂവെന്നും മന്ത്രി പറഞ്ഞു. ഫിഷറീസ് സര്‍വകലാശാല വിദഗ്ധരെ ഉള്‍പ്പെടുത്തി രൂപികരിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ടും പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.

“പെരിയാറില്‍ സംഭവിച്ചത് ഗൗരവമേറിയ കാര്യമാണ്. ഇക്കാര്യത്തില്‍ ഹ്രസ്വ, ദീര്‍ഘകാലാടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കും. പാതാളം റെഗുലേറ്റര്‍ ഷട്ടര്‍ തുറന്നപ്പോഴാണ് ഇത് സംഭവിച്ചത്. എല്ലാ വശങ്ങളും പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സബ് കളക്ടറോട് നിര്‍ദേശിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആവശ്യമെങ്കില്‍ ഉന്നതലതല സമിതി അന്വേഷിക്കും. ആരെങ്കിലും കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. പെരിയാര്‍ സംരക്ഷിക്കാന്‍ ശാശ്വതമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കും. ഇതിനായി തിരുവനന്തപുരത്ത് ഉന്നതല യോഗം ചേര്‍ന്ന് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കും. പെരിയാര്‍ പരിധിയില്‍ വരുന്ന തദ്ദേശ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തിആക്‌ഷൻ പ്ലാന്‍ ചര്‍ച്ച ചെയ്തു നടപ്പിലാക്കും. പെരിയാർ അതോറിറ്റി അഥവാ പുഴകൾക്കായി അതോറിറ്റി എന്ന ആലോചന സജീവമാക്കും.”

“കൂട് കൃഷി ചെയ്ത മത്സ്യകര്‍ഷകര്‍ക്ക് ഉണ്ടായ നഷ്ടം സംബന്ധിച്ച് ഫിഷറീസ് വകുപ്പ് നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കും. മത്സ്യങ്ങളുടെ ആവാസ വ്യവസ്ഥയെ ബാധിച്ചിട്ടുണ്ടെങ്കില്‍ അതു പരിഹരിക്കുന്നതിനുള്ള ദീര്‍ഘകാല നടപടി സ്വീകരിക്കും. ഫിഷറീസ് സര്‍വകലാശാല നടത്തുന്ന പഠനത്തിന്റെ കൂടി അടിസ്ഥാനത്തിലാകും ഇത്. പാതാളം റഗുലേറ്റര്‍ തുറക്കുന്നതിന് പ്രോട്ടോക്കോള്‍ തയ്യാറാക്കുവാന്‍ ഇറിഗേഷന്‍ വകുപ്പിനോട് ആവശ്യപ്പെട്ടു. എലൂര്‍ ഭാഗത്ത് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ചുമതല ഉയര്‍ന്നതല ഉദ്യോഗസ്ഥന് നല്‍കാന്‍ നിര്‍ദേശിച്ചു. നാഷണല്‍ ഗ്രീന്‍ ട്രിബ്യുണലിന്റെ നിര്‍ദേശം നടപ്പിലാക്കുന്നതിന് ഉന്നതതല യോഗം ചേരും.” – മന്ത്രി പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top