ജനനേന്ദ്രിയത്തില്‍ തൊഴിച്ച് കൊലപ്പെടുത്തല്‍; തൂങ്ങിമരണമാക്കാന്‍ ശ്രമം; പോസ്റ്റ്‌മോര്‍ട്ടത്തില്‍ കുരുങ്ങി ബന്ധുക്കള്‍
പീരുമേട് താലൂക്ക് ആശുപത്രിയില്‍ തൂങ്ങിമരിച്ചെന്നു പറഞ്ഞ് ബന്ധുക്കള്‍ എത്തിച്ച യുവാവിന്റെ മരണത്തിലാണ് ട്വിസ്റ്റ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ക്രൂരമര്‍ദനമാണ് മരണ കാരണം എന്ന് തെളിഞ്ഞതോടെയാണ് ആശുപത്രിയില്‍ എത്തിച്ച ബന്ധുക്കള്‍ സംശയ നിഴലിലായത്. ക്രൂരമര്‍ദനം യുവാവിന് ഏറ്റിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
പള്ളിക്കുന്ന് വുഡ്‌ലാന്‍സ് എസ്റ്റേറ്റില്‍ കൊല്ലമറ്റത്ത് ബാബുവിന്റെ മകന്‍ ബിബിന്‍ ബാബുവാണ് കൊല്ലപ്പെട്ടത്. തലയ്ക്കുപിന്നിലും തലയുടെ മുകള്‍ ഭാഗത്ത് ഇരുവശങ്ങളിലും ശക്തമായ അടിയേറ്റതും തൊഴിയേറ്റ് ജനനേന്ദ്രിയം തകര്‍ന്നതുമാണ് മരണത്തിന് കാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ ബന്ധുക്കള്‍ പറഞ്ഞത് ഇതിനെല്ലാം വിരുദ്ധമായിരുന്നു.
വീട്ടിലെ ശുചിമുറിയില്‍ മുണ്ടില്‍ കെട്ടിത്തൂങ്ങി നില്‍ക്കുന്നതായി കണ്ടു എന്നാണ് ആശുപത്രിയിലെ ഡ്യൂട്ടിയിലുള്ള ഡോക്ടറോട് ബന്ധുക്കള്‍ പറഞ്ഞത്. ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ തന്നെ ബിബിന്‍ മരിച്ചിരുന്നു. പോസറ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതോടെ പോലീസ് നടപടികള്‍ തുങ്ങിയിട്ടുണ്ട്. കുടുംബാംഗങ്ങളെ ഉള്‍പ്പെടെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. യുവാവ് മരിച്ചുകിടന്ന വീട് പോലീസ് പരിശോധിച്ചു. ജില്ലാ പൊലീസ് മോധാവി വിഷ്ണു പ്രദീപ് സംഭവ സ്ഥലത്തെത്തി ഫോറന്‍സിക് സര്‍ജന്‍ ഡോ. ആദര്‍ശ് രാധാകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി.
ബിബിന്‍ കോയമ്പത്തൂരില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ദീപാവലി ആഘോഷങ്ങള്‍ക്കും സഹോദരിയുടെ മകളുടെ പിറന്നാള്‍ ആഘോഷത്തിലും പങ്കെടുക്കാനാണ് നാട്ടിലെത്തിയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here