“അസമില്‍ ന്യായ് യാത്രയില്‍ രാഹുല്‍ ഗാന്ധിക്ക് അപരന്‍”; വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്ന് മുഖ്യമന്ത്രി

ഗുവാഹത്തി: ഭാരത്‌ ന്യായ് യാത്രയ്ക്ക് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അപരനെ ഉപയോഗിച്ചെന്ന ആരോപണവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. ബസ്സിനു മുകളില്‍ ഇരുന്ന് കൈവീശുന്നത് മിക്കവാറും രാഹുല്‍ ആയിരിക്കില്ല എന്നാണ് ആരോപണം. അപരന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നും ഹിമന്ത കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വ്യാഴാഴ്ച നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ഈ വിഷയം ഉന്നയിച്ചത്.

“ഞാൻ കാര്യങ്ങൾ വെറുതെ പറയുന്നില്ല. അപരന്റെ പേര്, എങ്ങനെ ഇത് ചെയ്തു തുടങ്ങി എല്ലാ വിവരങ്ങളും ഞാന്‍ വൈകാതെ പുറത്തുവിടും. കുറച്ച് ദിവസം കാത്തിരിക്കണം. ഞായറാഴ്ച ഞാന്‍ ദിബ്രുഗഢിൽ പോകുകയാണ്. അടുത്ത ദിവസം ഗുവാഹത്തിയിലും. തിരിച്ചെത്തിയശേഷം അപരന്റെ പേരും വിലാസവും പുറത്തുവിടും” ആരോപണം ഉന്നയിച്ച് രണ്ട് ദിവസങ്ങള്‍ക്കുശേഷം ഹിമന്ത വീണ്ടും പറഞ്ഞു.

ജനുവരി 18 മുതല്‍ 25 വരെയാണ് അസമിലൂടെ രാഹുല്‍ ഗാന്ധിയുടെ ഭാരത്‌ ന്യായ് യാത്ര കടന്നുപോയത്. ഹിമന്ത രാജ്യത്തെ ഏറ്റവും വലിയ അഴിമതിക്കാരനായ മുഖ്യമന്ത്രിയാണെന്ന് രാഹുല്‍ വിശേഷിപ്പിച്ചിരുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലൂടെ കടന്നുപോകാനുള്ള അനുമതി നിഷേധിച്ചതായും പ്രശ്നങ്ങള്‍ സൃഷ്ടിച്ചതായും കോണ്‍ഗ്രസ് ഉന്നയിച്ചിരുന്നു.

ഗുവാഹത്തിയില്‍ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ കോൺഗ്രസ് പ്രവര്‍ത്തകര്‍ തകർത്തതോടെ സ്ഥിതിഗതികൾ കൈവിട്ടുപോയിരുന്നു. സംഭവത്തിൽ രാഹുല്‍ ഗാന്ധിക്കും മറ്റു പ്രവര്‍ത്തകര്‍ക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്, തിരഞ്ഞെടുപ്പിന് മുന്‍പ് വിഷയം രാഷ്ട്രീയവത്കരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം അവരെ അറസ്റ്റ് ചെയ്യുമെന്ന് ഹിമന്ത പ്രസ്താവിച്ചു.

കോൺഗ്രസ് എല്ലാ ഗാന്ധിമാരെയും തന്നെ പരാജയപ്പെടുത്താൻ കൊണ്ടുവരേണ്ടിവരുമെന്ന് ഹിമന്ത വിമര്‍ശിച്ചു. സോണിയ, പ്രിയങ്ക, രാഹുൽ എന്നിവർക്ക് പുറമേ പ്രിയങ്കയുടെ മകനെയും കൊണ്ടുവരട്ടെ എന്ന് ഹിമന്ത കൂട്ടിച്ചേര്‍ത്തു. അസമില്‍ പ്രിയങ്കയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കാനിരിക്കുന്ന പരിപാടികളെ പരാമര്‍ശിച്ചാണിത്.

അസമില്‍ 14 ലോക്സഭാ സീറ്റുകളാണ് ഉള്ളത്. ഇതില്‍ 9 ബിജെപിയുടെയും 3 കോണ്‍ഗ്രസിന്റെയും ഒന്ന് എഐയുഡിഎഫിൻ്റെയും ഒരു സ്വതന്ത്രൻ്റെയും പക്കലാണ്. ഇത്തവണ 11 സീറ്റുകള്‍ ബിജെപി ജയിക്കുമെന്ന വിശ്വാസത്തിലാണ് ഹിമന്ത.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top