ആനക്കൊമ്പ് കൈവശം വച്ചുവെന്ന കേസിൽ മോഹൻലാൽ വിചാരണ നേരിടണം: കോടതി
ആനക്കൊമ്പ് കൈവശം വച്ചുവെന്ന കേസിൽ മോഹൻലാൽ വിചാരണ നേരിടണം. ഇതിനായി നവംബർ മൂന്നിന് നേരിട്ട് ഹാജരാകാൻ പെരുമ്പാവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി (മൂന്ന്) ഉത്തരവിട്ടു. മോഹൻലാലിന് എതിരെയുള്ള കേസ് പിൻവലിക്കാൻ സർക്കാർ നൽകിയ അപേക്ഷ തളളിക്കൊണ്ടാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ലാലിനൊപ്പം കേസിൽ പ്രതികളായ പി.എൻ. കൃഷ്ണകുമാർ, കെ.കൃഷ്ണകുമാർ, നളിനി രാധാകൃഷ്ണൻ എന്നിവരും കോടതിയിൽ ഹാജരായി വിചാരണ നേരിടണം.
ഉത്തരവിൻ്റെ വിശദാംശങ്ങൾ അറിവായിട്ടില്ല. സർക്കാരിനും മോഹൻലാലിനും കനത്ത തിരിച്ചടിയാണ് വിധി. 2011ലാണ് മോഹൻലാലിൻ്റെ വീട്ടിൽ ഇൻകം ടാക്സ് നടത്തിയ റെയ്ഡിൽ ആനക്കൊമ്പ് കണ്ടെത്തിയത്. തുടർന്ന് വനം വകുപ്പ് കേസ് രജിസ്റ്റർ ചെയ്തുവെങ്കിലും അഞ്ചു വർഷത്തിനു ശേഷം മലക്കം മറിഞ്ഞു. കൊമ്പുകൾ കൈവശം വയ്ക്കാൻ തടസ്സമില്ല എന്ന് കാണിച്ച് ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് നൽകി.
എന്നാൽ 2018ൽ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഇത് വിലക്കിയതോടെ 2019ൽ നടനെതിരെ കുറ്റപത്രം നൽകി. എന്നാൽ 2020ൽ വീണ്ടും നാടകീയമായി കേസ് പിൻവലിക്കാനുള്ള അപേക്ഷയുമായി സർകാർ അഭിഭാഷകൻ വിചാരണാ കോടതിയെ സമീപിക്കുകയായിരുന്നു.
ഇതിനെതിരെ രംഗത്ത് വന്ന പരാതിക്കാർ പിന്നീട് ഹൈക്കോടതിയെയും സമീപിച്ചതാണ് നിർണായകമായത്. കേസുമായി നേരിട്ട് ബന്ധമില്ലാത്ത പരാതിക്കാർക്ക് ഇടപെടാൻ അവകാശം ഇല്ലെന്ന് സർക്കാരും നടനും വാദിച്ചെങ്കിലും വിഷയത്തിൽ പൊതുതാൽപര്യം ഉണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇതോടെയാണ് വിചാരണക്ക് കളമൊരുങ്ങിയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here