ജിഷ വധക്കേസില്‍ വധശിക്ഷ നടപ്പിലാക്കണം എന്ന സര്‍ക്കാരിന്റെ അപേക്ഷയില്‍ ഹൈക്കോടതി വിധി ഇന്ന്; കുറ്റവിമുക്തനാക്കണം എന്ന പ്രതിയുടെ അപ്പീലും കോടതി ഇന്ന് പരിഗണിക്കും
കൊച്ചി: പെരുമ്പാവൂർ ജിഷ വധക്കേസിൽ പ്രതി അമീറുള്‍ ഇസ്‍ലാമിന് വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള സർക്കാരിന്‍റെ അപേക്ഷയിൽ വിധി ഇന്ന്. ജസ്റ്റിസുമാരായ പി.ബി.സുരേഷ് കുമാർ, എസ്.മനു എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് വിധി പറയുക. ഉച്ചയ്ക്കാണ് ഡിവിഷൻ ബെഞ്ച് കേസ് പരിഗണിക്കുന്നത്. കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിയുടെ അപ്പീലിലും ഹൈക്കോടതി ഇന്ന് വിധി പറയും.
2016 ഏപ്രിൽ 28ന് ആണ് പെരുമ്പാവൂരിൽ നിയമ വിദ്യാർഥിനിയായ ജിഷ കൊല്ലപ്പെട്ടത്. കേസിൽ 2017 ലാണ് എറണാകുളം സെഷൻസ് കോടതി പ്രതിയ്ക്ക് വധശിക്ഷ വിധിക്കുന്നത്. ഹൈക്കോടതി ഈ ശിക്ഷ ശരിവെച്ചാൽ മാത്രമേ തുടർനടപടി സാധ്യമാകൂ. അപൂർവങ്ങളിൽ അപൂർവമായ കേസായതിനാൽ പ്രതിയുടെ വധശിക്ഷ ശരിവെക്കണമെന്നാണ് സര്‍ക്കാര്‍ വാദം.
കൊലപാതകം, ബലാത്സംഗം, അതിക്രമിച്ചുകയറൽ, മാരകമായി മുറിവേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് അസാം സ്വദേശിയായ അമിറുൾ ഇസ്ലാമിനെതിരെ നേരത്തെ തെളിഞ്ഞത്. താൻ കുറ്റം ചെയ്തിട്ടില്ലെന്നും പൊലീസ് കെട്ടിച്ചമച്ച തെളിവുകളാണ് തനിക്കെതിരെ വിചാരണക്കോടതി പരിഗണിച്ചതെന്നുമാണ് പ്രതിയുടെ അപ്പീലിലെ വാദം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here