അമീറുൽ ഇസ്‌ലാമിന് തൂക്കുകയര്‍ തന്നെ; വധശിക്ഷ ഹൈക്കോടതി ശരിവച്ചു; കുറ്റവിമുക്തനാക്കണം എന്ന പ്രതിയുടെ ഹര്‍ജി കോടതി തള്ളി

കൊച്ചി: കേരളത്തെ ഞെട്ടിച്ച പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിനിയുടെ കൊലപാതകക്കേസില്‍ പ്രതി അമീറുൽ ഇസ്‌ലാമിന്‍റെ വധശിക്ഷ ഹൈക്കോടതി ശരിവച്ചു. ജസ്റ്റിസുമാരായ പി.ബി.സുരേഷ് കുമാർ, എസ്.മനു എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് വിധി പറഞ്ഞത്. വധശിക്ഷക്ക്
അനുമതി തേടിക്കൊണ്ടുള്ള വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി അനുവദിച്ചു. കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിയുടെ അപ്പീല്‍ തള്ളിയാണ് ഹൈക്കോടതി വിധി. വധശിക്ഷ നൽകാൻ പര്യാപ്തമായ അപൂർവങ്ങളിൽ അത്യപൂർവമായ കേസ് ആണ് ഇതെന്നും വിചാരണ കോടതി ഉത്തരവിൽ ഇടപെടാൻ കാരണങ്ങൾ ഇല്ലെന്നും ഡിവിഷൻ ബെഞ്ച് വിലയിരുത്തി.
2016 ഏപ്രിൽ 28ന് ആണ് പെരുമ്പാവൂരിൽ നിയമ വിദ്യാർഥിനി കൊല്ലപ്പെട്ടത്. കേസിൽ 2017 ലാണ് എറണാകുളം സെഷൻസ് കോടതി പ്രതിയ്ക്ക് വധശിക്ഷ വിധിക്കുന്നത്. അപൂർവങ്ങളിൽ അപൂർവമായ കേസായതിനാൽ പ്രതിയുടെ വധശിക്ഷ ശരിവെക്കണമെന്നാണ് സര്‍ക്കാര്‍ വാദം. ഈ വാദമാണ് ഹൈക്കോടതി ശരിവച്ചത്.
കൊലപാതകം, ബലാത്സംഗം, അതിക്രമിച്ചുകയറൽ, മാരകമായി മുറിവേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് അസം സ്വദേശിയായ അമിറുൾ ഇസ്ലാമിനെതിരെ നേരത്തെ തെളിഞ്ഞത്. താൻ കുറ്റം ചെയ്തിട്ടില്ലെന്നും പൊലീസ് കെട്ടിച്ചമച്ച തെളിവുകളാണ് തനിക്കെതിരെ വിചാരണക്കോടതി പരിഗണിച്ചതെന്നുമാണ് പ്രതിയുടെ അപ്പീലിലെ വാദം. സർക്കാരിന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എൻ.കെ.ഉണ്ണികൃഷ്ണൻ ഹാജരായി. എറണാകുളം സേഷൻസ് ജഡ്ജിയും പിന്നീട് ഹൈക്കോടതി ജഡ്ജിയുമായിരുന്ന ജസ്റ്റിസ് എന്‍.അനില്‍ൽകുമാർ ആണ് പ്രതിക്ക് വധ ശിക്ഷ വിധിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here