നിയമ വിദ്യാര്‍ത്ഥിനിക്ക് ജീവിതം നഷ്ടമായ വീട് കാട് മൂടിയ നിലയില്‍; അടച്ചുറപ്പില്ലാത്ത വീട്ടില്‍ സംഭവിച്ചത് പുറത്തും അറിഞ്ഞില്ല; അമീറിനെ കുടുക്കിയത് ഡിഎന്‍എ തെളിവുകളും
കൊച്ചി: പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനിയുടെ അതിക്രൂര കൊലപാതകത്തില്‍ പ്രതി അമിറുല്‍ ഇസ്‍ലാമിന്‍റെ വധശിക്ഷ ഹൈക്കോടതി ശരി വച്ചിരിക്കുന്നു. ക്രൂര കൊലപാതകവും ബലാത്സംഗവും നടന്ന ഇരിങ്ങോല്‍ കാവിനടുത്ത് പുറമ്പോക്കിലെ വീട് ഇപ്പോള്‍ കാട് മൂടിയ നിലയില്‍. കൊലപാതകം നടന്ന അടച്ചുറപ്പില്ലാത്ത വീട്ടില്‍ അന്ന് മകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇതെല്ലാം മനസിലാക്കിയാണ് പ്രതിയായ അമിറുല്‍ ഇസ്‍ലാം അതിക്രമിച്ച് കയറുന്നത്. 2016 ഏപ്രിൽ 28ന് ആണ് കൊലപാതകം നടന്നത്.
ചെറിയ വീട്ടില്‍ മൂന്ന് മുറികളാണ് ഉണ്ടായിരുന്നത്. ഇതില്‍ ജനല്‍ ഇല്ലാത്ത മുറിയില്‍ വെച്ചാണ് വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനും കൊലപാതകത്തിനും ഇരയായത്. ഇരുവരും തമ്മില്‍ കടുത്ത പിടിവലിയും ഏറ്റുമുട്ടലും നടന്നുവെന്ന് കൊലപാതകത്തിലെ തെളിവുകള്‍ വിരല്‍ ചൂണ്ടിയിരുന്നുവെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. ഡിഎന്‍എ പരിശോധന ഫലമാണ് കൊലപാതകിയെ കുടുക്കിയതും.
അവസാനം വരെ എതിര്‍ത്ത് നിന്നാണ് വിദ്യാര്‍ത്ഥിനി മരണത്തിന് കീഴടങ്ങിയത്. അടുത്തെങ്ങും ആരും ഇല്ലാത്തതിനാല്‍ സംഭവം പുറത്ത് അറിഞ്ഞതുമില്ല. കൊലപാതകം നടത്തിയ ശേഷം ഈ വീടിന്റെ പിന്‍വാതിലിലൂടെയാണ് പ്രതി പുറത്തിറങ്ങി രക്ഷപ്പെട്ടത്. വീടിന് പിന്നിലെ കനാല്‍ ക്രോസ് ചെയ്താണ് പ്രതി നടന്നുപോയത്. കൊലപാതകം പുറത്തുവന്ന ശേഷം ഒരു മഞ്ഞ ടീ ഷര്‍ട്ട് ഇട്ട ഒരാള്‍ നടന്നു പോകുന്നതായി ദൃക്സാക്ഷികള്‍ പോലീസിനു മൊഴി നല്‍കിയിരുന്നു. ഇതാണ് കൊലപാതകിയിലേക്ക് വിരല്‍ ചൂണ്ടിയത്.
വൻ കോളിളക്കം സൃഷ്ടിച്ച കൊലപാതകക്കേസായിരുന്നു ഇത്. വധശിക്ഷയ്‌ക്കെതിരെ പ്രതി അമീറുൽ ഇസ്‌ലാം നൽകിയ അപ്പീല്‍ തള്ളിയാണ് ശിക്ഷ ഹൈക്കോടതി ശരിവച്ചത്. കുറ്റവിമുക്തനാക്കി വെറുതെ വിടണമെന്നായിരുന്നു പ്രതിയുടെ ആവശ്യം. വധശിക്ഷ നടപ്പാക്കാൻ അനുമതി തേടി സംസ്ഥാന സർക്കാർ നൽകിയ ഹർജിയും കോടതി പരിഗണിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here