ബ്ലേഡ് തൊണ്ടയിൽ കുടുങ്ങി; ഒന്നര മണിക്കൂർ ശസ്ത്രക്രിയ ഫലം കണ്ടു, അപ്പുവിന് ജീവൻ തിരിച്ചു കിട്ടി

കാഞ്ഞങ്ങാട്: കൊച്ചു കുഞ്ഞുങ്ങളെ നോക്കുംപോലെയാണല്ലോ മിക്ക ആളുകളും വളർത്തു മൃഗങ്ങളെ പരിപാലിക്കുന്നത്. അതിൽ തന്നെ വളർത്തുനായ്ക്കൾക്ക് കുറച്ച് കൂടുതൽ പരിഗണനയുണ്ട്. ഉടമസ്ഥനോട് അതിയായ സ്നേഹവും നന്ദിയും പ്രകടിപ്പിക്കുന്നത് തന്നെയാണ് നായ്ക്കൾക്ക് ഈ ‘പ്രത്യേക പരിഗണന’ കിട്ടാൻ കാരണം. കുഞ്ഞുങ്ങളെപ്പോലെ എന്ന് പറയുമ്പോൾ അതുപോലെയുള്ള കുസൃതികളും നായ്ക്കൾക്ക് കൂടുതലാണ്. ചെയ്യാൻ പാടില്ലാത്തത് ചെയ്യാൻ ഒരു പ്രത്യേക ആവേശമാണ് അവർക്ക്. പക്ഷെ ഇങ്ങനെയൊരു കുസൃതി വെള്ളിക്കോത്തെ കൃഷ്ണൻ്റെ ഒമ്പതുമാസം പ്രായമായ വളർത്തുനായ അപ്പുവിനെ കൊണ്ടെത്തിച്ചത് ഓപ്പറേഷൻ തീയറ്ററിലാണ്. കളി കൂടിയപ്പോൾ എടുത്ത് വിഴുങ്ങിയത് മൂർച്ചയുള്ള ഷേവിങ്ങ് ബ്ലേഡ് ആയിപ്പോയി.

വിഴുങ്ങി കഴിഞ്ഞപ്പോളാണ് ‘പെട്ടു’ എന്ന് മനസിലായത്. രാത്രിയിൽ ജീവന്മരണ വെപ്രാളം കാട്ടിയ അപ്പുവിൻ്റെ അവസ്ഥ കണ്ടുനിൽക്കാൻ കഴിയാത്തതായിരുന്നു. ഛർദ്ദിലും തുടങ്ങിയതോടെ അസമയത്ത് ആശുപത്രിയിലേക്ക് കൊണ്ടോടി. 24 മണിക്കൂറും പ്രവർത്തിക്കുന്ന കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് എത്താൻ കഴിഞ്ഞത് മഹാഭാഗ്യമായി. പരിശോധനയിൽ തൊണ്ടയിൽ എന്തോ അകപ്പെട്ടതായി മനസിലാക്കി. ഉടൻ പടന്നക്കാട് എത്തിച്ച് എക്സ്റേ എടുപ്പിച്ചു. അപ്പോഴാണ് തൊണ്ടയിൽ ഷേവിങ് ബ്ലേഡാണ് കുടുങ്ങിയതെന്ന് മനസിലായത്. ഡോക്ടറുടെ നിർദേശ പ്രകാരം അടിയന്തര ശസ്ത്രക്രിയ നടത്തി. നായയെ പൂർണമായും മയക്കിയ ശേഷം അന്നനാളത്തിൽ നിന്ന് ബ്ലേഡ് സുരക്ഷിതമായി എടുത്തു.

വളർത്തു മൃഗങ്ങൾ പലതും വിഴുങ്ങാറുണ്ടെങ്കിലും ബ്ലേഡ് പോലുള്ള മൂർച്ചയുള്ള വസ്തുക്കൾ അപൂർവമായിട്ടാണ് വിഴുങ്ങുന്നതെന്ന് ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാരിൽ ഒരാളായ എസ്. ജിഷ്ണു മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. ഡോക്ടർ ജിഷ്ണുവിന് പുറമെ ജി.നിധിഷ്, സവാദ്, സിഫാന എന്നിവരും ശസ്ത്രക്രിയയിൽ പങ്കാളികളായിരുന്നു. കുറച്ച് വേദന അനുഭവിച്ചെങ്കിലും അപ്പു ഇപ്പോൾ പൂർണ ആരോഗ്യവാനാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top