നെടുമ്പാശ്ശേരിക്ക് ‘പെറ്റ് എക്സ്പോർട്ട്’ അനുമതി; കൊച്ചി വിമാനത്താവളത്തില്‍ നിന്നും ആദ്യം പറന്നത് ‘ലൂക്ക’; മൃഗങ്ങളെ കൊണ്ടു വരുന്നവർക്കായി പ്രത്യേക ഫെസിലിറ്റേഷൻ സെന്ററും സജ്ജം
വളർത്തുമൃഗങ്ങളെ വിദേശത്തേക്ക് കൊണ്ടുപോകാനുള്ള “പെറ്റ് എക്സ്പോർട്ട്” അനുമതി ലഭിക്കുന്ന കേരളത്തിലെ ആദ്യ വിമാനത്താവളമായി കൊച്ചി. ലാസ അപ്‌സോ ഇനത്തിൽപ്പെട്ട ‘ലൂക്ക’ എന്ന നായ്ക്കുട്ടി കൊച്ചിയില്‍ നിന്ന് ആദ്യമായി പറന്നുയർന്നുവെന്ന് മന്ത്രി പി.രാജീവ് ഫെയ്സ്ക്ക്ബുക്ക് പോസ്റ്റില്‍ കുറിച്ചു. വളർത്തുമൃഗങ്ങൾക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ശീതീകരിച്ച പെറ്റ് സ്റ്റേഷൻ, പ്രത്യേക കാർഗോ വിഭാഗം, വെറ്ററിനറി ഡോക്ടർമാർ, കസ്റ്റംസ് ക്ലിയറൻസ് കേന്ദ്രം, മൃഗങ്ങളെ കൊണ്ടു വരുന്നവർക്കുള്ള ഫെസിലിറ്റേഷൻ സെന്റർ എന്നിവ സിയാൽ ഒരുക്കിയിട്ടുണ്ട്.
ഇതുവരെ ആഭ്യന്തര റൂട്ടുകളിൽ മൃഗങ്ങളെ കൊണ്ടുപോകാനും കൊണ്ടു വരാനുമുള്ള അനുമതി മാത്രമേ സിയാലിന് ഉണ്ടായിരുന്നുള്ളൂ. എന്നാലിപ്പോൾ എല്ലാ വിദേശ രാജ്യങ്ങളിലേക്കും പ്രത്യേകം സജ്ജമാക്കിയ കൂടുകളിലൂടെ കാർഗോ വഴി കൊണ്ടുപോകാനുള്ള അനുമതിയാണ് ലഭിച്ചിട്ടുള്ളത്. വിദേശത്ത് നിന്ന് ഓമന മൃഗങ്ങളെ നേരിട്ട് ഇറക്കുമതി ചെയ്യാനുള്ള അനുമതിക്കായും ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതിനു വേണ്ടി പ്രത്യേകം ‘അനിമൽ ക്വാറന്റൈൻ’ കേന്ദ്രം സ്ഥാപിച്ചു വരികയാണ്.
സസ്യങ്ങളും ഫലങ്ങളും കൊണ്ട് പോകാനും ഇറക്കുമതി ചെയ്യാനുമുള്ള അനുവാദം സിയാലിനുണ്ട്. ഇതിനായുള്ള ‘പ്ലാന്റ് ക്വാറന്റൈൻ സെന്റർ’ കാർഗോ വിഭാഗത്തിന് സമീപം പ്രവർത്തിച്ചു വരുന്നു. ഈ സൗകര്യങ്ങൾ ലഭ്യമാകുന്നതിന് കാർഗോ ഹാൻഡ്ലിങ് ഏജൻസികളെയോ എയർലൈനുകളെയോ ആണ് ആദ്യം ബന്ധപ്പെടേണ്ടത്. ഇന്ത്യയിലെ മുൻനിര വിമാനത്താവളങ്ങളിലുള്ള എല്ലാ സൗകര്യങ്ങളും കൊച്ചി വിമാനത്താവളത്തിൽ ഏർപ്പെടുത്താനാണ് ഇപ്പോൾ സിയാൽ ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here