സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കണം, ഗവര്‍ണര്‍ക്ക് നിവേദനം; ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടിയെന്ന് വിവരം
തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ രാഷ്ട്രപതിയോട് ശുപാർശ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള ഗവർണർക്ക് നിവേദനം. സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാന്‍ ആർ.എസ്. ശശികുമാറാണ് ഗവർണർക്ക് നിവേദനം നൽകിയത്.
സംസ്ഥാനത്തിന്റെ തകര്‍ന്ന ധനസ്ഥിതി വ്യക്തമാക്കുന്ന ചീഫ് സെക്രട്ടറിയുടെ സത്യവാങ്മൂലത്തിന്റെ പകര്‍പ്പും ഹൈക്കോടതി ഉത്തരവും സിഎജി റിപ്പോര്‍ട്ടുമെല്ലാം അടക്കം ചെയ്താണ് പരാതി നല്‍കിയത്. ഗവർണർ സംസ്ഥാന ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടിയെന്നാണ് ലഭിക്കുന്ന വിവരം.
സംസ്ഥാന സർക്കാരിന് അനുവദിച്ചിട്ടുള്ള വായ്പ പരിധി കവിഞ്ഞതായും, സാമ്പത്തിക ബാധ്യതകൾ കാരണം സര്‍ക്കാര്‍ വീര്‍പ്പുമുട്ടുകയാണെന്നും നിവേദനത്തിൽ പറയുന്നു. സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ചൂണ്ടിക്കാട്ടുന്ന കാര്യങ്ങള്‍ ഇങ്ങനെ: കേരള സിവിൽ സപ്ലൈസ് കോർപ്പറേഷന് 4000 കോടി രൂപയുടെയും ബാധ്യത, കോൺട്രാക്ടർമാർക്ക് 16,000 കോടി കുടിശിക, കോളജ് അധ്യാപകര്‍ക്ക് 1500 കോടി രൂപ കുടിശിക, സർക്കാർ ജീവനക്കാർക്ക് 24000 കോടി കുടിശിക.
കെഎസ്ആര്‍ടിസിയില്‍ ശമ്പളവും പെന്‍ഷനും മുടങ്ങിയ അവസ്ഥയില്‍, കെടിഡിഎഫ്സി നിക്ഷേപങ്ങള്‍ തിരികെ നല്‍കുന്നില്ല. കെഎസ്ഇബി, വാട്ടർ അതോറിറ്റി ജീവനക്കാരുടെ പെൻഷൻ ആനുകൂല്യങ്ങൾ തടഞ്ഞുവച്ചിരിക്കുന്നു. സ്കൂളുകളിലെ ഉച്ച ഭക്ഷണവിതരണവും താറുമാറായി- എന്നിങ്ങനെയുള്ള കാരണങ്ങളാണ് നിവേദനത്തില്‍ ചൂണ്ടിക്കാണിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here