പെട്രോള്‍ പമ്പ് അനുമതിക്ക് എഡിഎം കൈക്കൂലി വാങ്ങിയെന്ന് ആരോപണം; മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി പുറത്ത്
കണ്ണൂര്‍ എഡിഎമ്മിന്റെ ആത്മഹത്യ വിവാദമായിരിക്കെ പെട്രോള്‍ പമ്പ് പ്രശ്നത്തില്‍ അദ്ദേഹത്തിനെതിരായ പരാതി വെളിയില്‍ വന്നു. ഒരു ലക്ഷം രൂപ നല്‍കിയ ശേഷമാണ് കണ്ണൂര്‍ ചെങ്ങളായില്‍ പെട്രോള്‍ പമ്പിന് എന്‍ഒസി തന്നത് എന്നാണ് പെട്രോള്‍ പമ്പുടമയായ ടി.വി.പ്രശാന്ത് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്.
കണ്ണൂര്‍ എഡിഎമ്മിന് അപേക്ഷ നല്‍കിയപ്പോള്‍ അനുമതി വൈകിപ്പിച്ചു. ഒക്ടോബര്‍ ആറിന് നവീന്‍ ബാബു താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തി ഒരു ലക്ഷം ആവശ്യപ്പെട്ടു. തുക നല്‍കിയില്ലെങ്കില്‍ ജന്മത്ത് അനുമതി ലഭിക്കില്ലെന്നും ബന്ധുക്കളും അടുപ്പമുള്ളവരും ചെയ്യുന്ന ബിസിനസുകളില്‍ തടസം സൃഷ്ടിക്കുമെന്ന് ഭീഷണിപ്പെടുത്തി. അതിനാല്‍ 98500 രൂപ നല്‍കി. തുടര്‍ന്ന് എട്ടാം തീയതി തന്നെ അനുമതി നല്‍കി. ഈ പരാതിയില്‍ കര്‍ശന നടപടി സ്വീകരിക്കണം എന്നാണ് പരാതിയില്‍ ഉള്ളത്.
ഇന്ന് രാവിലെയാണ് പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്സിലാണ് എഡിഎം നവീന്‍ ബാബുവിനെ ജീവന്‍ ഒടുക്കിയ നിലയില്‍ കണ്ടത്. എഡിഎമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ ക്ഷണിക്കാതെ ചെന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ അദ്ദേഹത്തെ അപമാനിച്ച് സംസാരിച്ചിരുന്നു. ചെങ്ങളായിയിലെ പെട്രോള്‍ പമ്പിന് എഡിഎം എന്‍ഒസി നല്‍കിയതില്‍ അഴിമതിയുണ്ട് എന്നാണ് ചടങ്ങില്‍ ദിവ്യ ആക്ഷേപിച്ചത്. ചടങ്ങ് കഴിഞ്ഞ് ക്വാര്‍ട്ടേഴ്സില്‍ എത്തിയശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു. വന്‍ പ്രതിഷേധമാണ് എഡിഎമ്മിന്റെ ആത്മഹത്യയില്‍ കണ്ണൂരില്‍ ഉയരുന്നത്. പ്രതിപക്ഷ സംഘടനകള്‍ ഒന്നായി പ്രക്ഷോഭരംഗത്തുണ്ട്. ദിവ്യയുടെ കോലവും കണ്ണൂരില്‍ കത്തിച്ചിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here