സ്റ്റേഷൻ ആക്രമണം; ഒടുവിൽ പോലീസുകാരുടെ മാനം രക്ഷിച്ചു, സ്ഥലം മാറ്റം റദ്ദാക്കി പേട്ടയിൽ തന്നെ നിയമനം

തിരുവനന്തപുരം: സിപിഎം ആക്രമണത്തെ തുടർന്ന് പേട്ട പോലീസ് സ്റ്റേഷനിലെ
ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം റദ്ദാക്കി. പോലീസുകാരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സ്ഥലമാറ്റം റദ്ദ് ചെയ്തത്. മൂന്നുപേരെയും പേട്ട സ്റ്റേഷനിൽ തന്നെ നിയമിച്ചു.

ഹെൽമറ്റില്ലാതെ ബൈക്കോടിച്ച ഡിവൈഎഫ്ഐ നേതാവിനു പിഴ ചുമത്തിയതിനു പിന്നാലെയാണ് പേട്ട പോലീസ് സ്റ്റേഷനിലെ എസ്ഐമാരായ എം അഭിലാഷ്, എസ് അസീം എന്നിവരെയും ഡ്രൈവർ മിഥുനെയും സ്ഥലം മാറ്റിയത്. പൊലീസുകാരുടെ സ്ഥലം മാറ്റം റദ്ദാക്കിയെങ്കിലും സ്റ്റേഷനിൽ സംഘർഷമുണ്ടാക്കിയ സിപിഎം- ഡിവൈഎഫ്ഐ പ്രവർത്തകരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ട് ഒരുവാതിൽക്കോട്ട റോഡിൽ എസ്.ഐ.മാരായ അഭിലാഷ്, അസീം എന്നിവരുടെ നേതൃത്വത്തിൽ വാഹനപരിശോധന നടക്കുമ്പോൾ ബൈക്കിൽ എത്തിയ ഡി.വൈ.എഫ്.ഐ. നേതാവ്‌ വി.നിതിനെ തടഞ്ഞതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഹെൽമെറ്റ് ധരിക്കാത്തതിന് പിഴ ആവശ്യപ്പെട്ടപ്പോൾ താൻ ഡിവൈഎഫ്ഐ ഭാരവാഹിയാണെന്നും അത്യാവശ്യമായി പുറത്തിറങ്ങിയപ്പോൾ ഹെൽമെറ്റ് എടുക്കാൻ മറന്നതാണെന്നും പറഞ്ഞു. പിഴ അടയ്ക്കണമെന്നായി എസ്ഐമാർ. ഇതോടെ ഇവർ തമ്മിൽ വാക്കുതർക്കമുണ്ടായി. പിന്നീട് എസ്.ഐ. തെറിവിളിക്കുകയും മർദിക്കുകയും ചെയ്തെന്ന് ആരോപിച്ച് സി.പി.എം. നേതാക്കളുമായി നിതിൻ വൈകീട്ട്‌ ആറോടെ സ്റ്റേഷനിലെത്തിയപ്പോഴാണ് സംഘർഷമുണ്ടായത്. മൂന്നുമണിക്കൂറിലേറെ നേരം പോലീസ്‌ സ്റ്റേഷനിൽ സംഘർഷാവസ്ഥയുണ്ടായിരുന്നു.

ജില്ലാ സെക്രട്ടറി വി.ജോയ് എംഎൽഎയുടെ നേതൃത്വത്തിലായിരുന്നു സ്റ്റേഷൻ ഉപരോധം നടന്നത്. പാർട്ടി പ്രതിഷേധത്തിന് പിന്നിൽ ആസൂത്രിതനീക്കമുണ്ടെന്നായിരുന്നു സേനയിലെ ആക്ഷേപം. സിപിഎം പാർട്ടിക്കാരുടെ സമ്മർദ്ദങ്ങൾക്ക് എസ്ഐ അഭിലാഷ് വഴങ്ങാത്തതാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണമെന്നാണ് പോലീസുകാരുടെ പക്ഷം. ആഴ്ചകൾക്കു മുൻപ് ഒരു പ്രാദേശിക സിപിഎം നേതാവിന്റെ മകനെ ആയുധവുമായി പേട്ട പോലീസ് പിടിച്ചിരുന്നു. ഇയാളെ വിട്ടയക്കണമെന്ന പാർട്ടിക്കാരുടെ ആവശ്യത്തിന് അഭിലാഷ് തയ്യാറാകാത്തതുമുതൽ പാർട്ടിയുടെ കണ്ണിലെ കരടായി മാറി. രണ്ടു തവണ സ്റ്റേഷനിൽ ഉപരോധവും ആക്രമണവും നടത്തിയിട്ടും നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ നടപടിയെടുക്കാത്തതിലും സേനയ്ക്കുള്ളിൽ അമർഷം പുകയുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top