സിപിഎമ്മിനെ തൊട്ടാൽ തൊപ്പി തെറിക്കും, ഡിവൈഎഫ്ഐ നേതാവിന് പിഴ ചുമത്തിയത്തിനു സ്റ്റേഷൻ ഉപരോധവും ഭീഷണിയും

തിരുവനന്തപുരം: സിപിഎം പ്രവർത്തകർക്കും അനുഭാവികൾക്കും നിയമം ബാധകമല്ലേ?, നിയമം നടപ്പാക്കാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലമാറ്റവും ഭീഷണിയും. ഭരണസിരാ കേന്ദ്രത്തിന്റെ മൂക്കിന് താഴെയാണ് ഭരണകക്ഷിയുടെ തേർവാഴ്‌ച്ച നടന്നത്. സിപിഎം നേതാക്കളുടെ നിയമവിരുദ്ധമായ ശുപാർശകൾ അംഗീകരിക്കാത്തതിന്റെ പകയാണ് പേട്ട പോലീസ് സ്റ്റേഷൻ ആക്രമണത്തിന് പിന്നിലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചു.

ഇക്കഴിഞ്ഞ ദിവസം ഹെൽമെറ്റില്ലാതെ യാത്ര ചെയ്ത ഡിവൈഎഫ്ഐ പ്രാദേശിക നേതാവിന് പിഴ ചുമത്തിയതിനെതിരെ സിപിഎം പ്രവർത്തകർ സ്റ്റേഷൻ ഉപരോധിക്കുകയും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. വഞ്ചിയൂർ ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി നിതീഷിന് പേട്ട പോലീസ് പിഴ ചുമത്തിയതാണ് സംഘർഷത്തിനിടയാക്കിയത്.

സംഭവവുമായി ബന്ധപ്പെട്ട് എസ്ഐമാരായ എം അഭിലാഷ്, എസ് അസീം എന്നിവരെയും ഡ്രൈവർ മിഥുനെയും സ്ഥലംമാറ്റി. രണ്ടു എസ് ഐമാരെയും ക്രമസമാധാന ചുമതലയിൽ നിന്ന് ജില്ലാ ക്രൈംബ്രാഞ്ചിലേക്കാണ് മാറ്റിയത്. സ്റ്റേഷനിൽ വച്ച് അപായപ്പെടുത്താൻ ശ്രമിച്ചുവെന്ന ഡിവൈഎഫ്ഐ നേതാവിന്റെ പരാതിയിൽ എസ്ഐ അഭിലാഷിനെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിപിഎം ജില്ലാ സെക്രട്ടറി വി.ജോയി എംഎൽഎയുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തകർ സ്റ്റേഷനിൽ പ്രതിഷേധമുയർത്തിയത്. പാർട്ടിയുടെ സമ്മർദത്തിനു വഴങ്ങിയുള്ള നടപടിയിൽ പൊലീസിനുള്ളിൽ അമർഷം പുകയുകയാണ്. നേതാക്കളുടെ അടിക്കടിയുള്ള ശുപാർശകളും ഭീഷണിയും വകവയ്ക്കാത്തതാണ് സ്റ്റേഷൻ ആക്രമണത്തിന് പിന്നിലെന്നാണ് പോലീസിന്റെ വാദം.

സ്റ്റേഷനിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കണ്ടാലറിയാവുന്ന 20 സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ ദുർബലമായ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. തടഞ്ഞ് വയ്ക്കുക, സംഘം ചേരുക, അസഭ്യം പറയുക, ജോലി തടസ്സപ്പെടുത്തുക തുടങ്ങിയ നിസ്സാര വകുപ്പുകളാണ് പ്രയോഗിച്ചത്. അതേസമയം, എഫ്ഐആറിൽ നേതാക്കളുടെ പേരുകളില്ല എന്നു ആക്ഷേപമുണ്ട്.

“ഡിവൈഎഫ്ഐക്കാരനെ തല്ലിയിട്ട് ഇവിടെ ജോലി ചെയ്യാമെന്നു കരുതുന്നുണ്ടോ. ചെയ്യേണ്ടത് എന്താണെന്ന് ഞങ്ങൾക്ക് അറിയാം. അവൻ എവിടെ താമസിക്കുന്നതെന്ന് നോക്ക്”- ജില്ലാ സെക്രട്ടറി വി.ജോയി പറഞ്ഞു. പിന്നാല ഡിവൈഎഫ്ഐ പ്രവർത്തകർ മൊബൈൽ ഫോണിൽ പൊലീസുകാരുടെ ചിത്രങ്ങൾ എടുത്തു. പുറത്തിറങ്ങുമ്പോൾ തല്ലും എന്നു ഭീഷണി മുഴക്കി. എന്നാൽ ഒരുമാസം മുൻപ് അങ്കമാലി പോലീസ് സ്റ്റേഷനിൽ നിന്ന് കെ എസ് യു വിദ്യാർഥികളെ ഇറക്കിക്കൊണ്ടു പോയ റോജി ജോൺ എംഎൽഎക്കെതിരെ ഗുരുതരമായ വകുപ്പുകളാണ് പോലീസ് ചുമത്തിയത്. പോലീസുകാർക്കെതിരെ വധ ഭീഷണി മുഴക്കിയിട്ടുപോലും ഭരണകക്ഷി നേതാക്കൾക്കെതിരെ ദുർബല വകുപ്പുകൾ ചുമത്തിയതിനെതിരെ പോലീസിൽ അസ്വസ്ഥത നീറി നിൽക്കുകയാണ്.

വാഹനപരിശോധനയ്ക്കിടെ അസഭ്യം പറഞ്ഞു മർദിച്ചെന്ന് ആരോപിച്ച് സിപിഎം നേതാക്കളെയും കൂട്ടി നിഥിൻ സ്റ്റേഷനിലെത്തുകയായിരുന്നു. എസ്ഐമാരുടെ ജീപ്പ് സ്റ്റേഷനു മുൻപിൽ തടഞ്ഞതോടെ പ്രവർത്തകരും പൊലീസും തമ്മിൽ തെറിവിളിയും കയ്യാങ്കളിയുമായി. രണ്ടു തവണ സ്റ്റേഷനുള്ളിൽ തള്ളിക്കയറിയ പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുകയും ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ ലാത്തിവീശിയതോടെ രണ്ടുപേർക്ക് പരിക്കേറ്റു. ശംഖുമുഖം ഡിസിപി അനുരൂപ് നേതാക്കളുമായി നടത്തിയ ചർച്ചയിൽ ആരോപണ വിധേയരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്ന ഉറപ്പിന്മേലാണ് പ്രവർത്തകർ പിരിഞ്ഞുപോയത്.

അഞ്ചുമാസത്തിനിടെ ഇത് രണ്ടാം തവണയാണ് സിപിഎം നേതാക്കൾ സ്റ്റേഷനിൽ അതിക്രമിച്ചു കയറി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. മുൻപ് കസ്റ്റഡിയിലെടുത്ത ലോക്കൽ കമ്മറ്റി അംഗത്തെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം പ്രാദേശിക നേതാക്കൾ സ്റ്റേഷനിലേക്ക് തള്ളിക്കയറിയിരുന്നു. സംഭവത്തിൽ അഞ്ച് പേർക്കെതിരെ നടപടി സ്വീകരിച്ചിരുന്നുവെങ്കിലും രാഷ്ട്രീയ സമ്മർദ്ദം കാരണം പ്രതികളെ വിട്ടയക്കുകയായിരുന്നു. സിപിഎം നേതാക്കളുടെ വിരട്ടലിലും അക്രമത്തിലും പൊറുതിമുട്ടിയിരിക്കുകയാണ് പേട്ട പോലീസ്.

അതേസമയം, പേട്ട പോലീസിലെ ചിലർക്ക് മണൽ മാഫിയയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഡിവൈഎഫ്ഐ വഞ്ചിയൂർ ബ്ലോക്ക് കമ്മറ്റി രംഗത്ത് എത്തിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top