ഇലക്ടറൽ ബോണ്ട് വാങ്ങിയതില്‍ ഗുണനിലവാരം പരിശോധനയിൽ പരാജയപ്പെട്ട ഏഴ് മരുന്ന് നിർമാണ കമ്പനികളും; 35 ഫാർമകളുടെ സംഭാവന 1000 കോടി രൂപ
ഡൽഹി: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം നേരിട്ട വമ്പന്മാർക്ക് പുറമെ ഇലക്ടറൽ ബോണ്ട് വാങ്ങിയതിൽ പ്രമുഖ മരുന്ന് നിർമാണ കമ്പനികളും. അതിൽത്തന്നെ ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ട ഏഴ് കമ്പനികളും ഉൾപ്പെടുന്നു. പരിശോധനയിൽ പരാജയപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഇവരെല്ലാം കോടികളുടെ മൂല്യമുള്ള ബോണ്ടുകൾ വാങ്ങിക്കൂട്ടിയതും. 1000 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടാണ് 35 മരുന്ന് കമ്പനികൾ വാങ്ങിയിരിക്കുന്നത്.
ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ട്, 1940 പ്രകാരം സംസ്ഥാന ഭക്ഷ്യ-മരുന്ന് ഗുണനിലവാര പരിശോധനാ വകുപ്പുകൾക്ക് മരുന്ന് നിർമാണ കമ്പനികളുടെ പരിശോധന നടത്തി നോട്ടീസ് അയക്കാൻ അധികാരമുണ്ട്. എന്നാൽ ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ ഉത്പാദനം താത്കാലികമായോ പൂർണമായോ നിർത്താൻ സംസ്ഥാന സർക്കാരിനോ കേന്ദ്ര സർക്കാരിനോ മാത്രമേ അധികാരമുള്ളൂ. ഈ സാഹചര്യത്തിൽ ഇത്രയധികം മരുന്ന് നിർമാണ കമ്പനികൾ രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകിയതിൽ സംശയം ഉയരുന്നുണ്ട്.
ഗുജറാത്ത് ആസ്ഥാനമായ ‘ടോറന്റ് ഫാർമ’ 77.5 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകളാണ് 2019നും 2024നുമിടയിൽ വാങ്ങിയത്. 2018ൽ ഇവരുടെ ഡിപ്ലാറ്റ് – 150 എന്ന മരുന്ന് ഗുണനിലവാരമില്ലാത്തതാണെന്ന് മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ കണ്ടെത്തിയിരുന്നു. 2019ലും യുണൈറ്റഡ് സ്റ്റേറ്റ്സ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനും ഗുജറാത്ത് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനും കമ്പനിക്കെതിരെ നോട്ടീസ് അയച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയിരിക്കുന്നത്. പലവട്ടം പരിശോധനയിൽ പരാജയപ്പെട്ടിട്ടും ഗുജറാത്ത് സർക്കാരോ കേന്ദ്ര സർക്കാരോ കമ്പനിക്കെതിരെ ഒരു നടപടിയും ഇതുവരെ എടുത്തിട്ടില്ല.
2022 ഏപ്രിലിൽ ‘ഹെറ്ററോ ലാബ്സ് ആൻഡ് ഹെറ്ററോ ഹെൽത്ത് കെയർ’ കമ്പനി 39കോടി രൂപയുടെ ഇലക്ടറൽ ബോണ്ട് വാങ്ങിയിരുന്നു. കോവിഡ് 19ന്റെ ചികിത്സയ്ക്കുള്ള റെമഡീസിവിർ എന്ന ഇവരുടെ മരുന്നിന് ഗുണനിലവാരമില്ലെന്ന് മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ കണ്ടെത്തിയിരുന്നു. മൂന്ന് പ്രാവശ്യം നോട്ടീസും അയച്ചു. ഇതിനുപുറമെ കമ്പനി നിർമിക്കുന്ന മറ്റ് മരുന്നുകൾക്കും ഗുണനിലവാരമില്ലെന്ന് കാണിച്ച് നോട്ടീസുകൾ അയച്ചിരുന്നു. 2021ൽ നോട്ടീസ് അയച്ചിട്ടും ഹൈദരാബാദ് ആസ്ഥാനമായ കമ്പനിക്കെതിരെ തെലങ്കാന സർക്കാർ ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ല.
‘സിപ്ല’ കമ്പനിക്കെതിരെ 2018നും 2022 നുമിടയിൽ നാല് നോട്ടീസുകളാണ് ലഭിച്ചത്. 2019 മുതൽ 2022 വരെ കമ്പനി 39.2 കോടി രൂപയുടെ ബോണ്ടുകൾ വാങ്ങിയിട്ടുണ്ട്. 2021 ‘സിപ്രമി’ എന്ന മരുന്നിന്റെ ഗുണനിലവാരത്തിനെതിരെ രണ്ട് വട്ടം നോട്ടീസ് അയച്ചതിന് പിന്നാലെ 2022ൽ 25.2 കോടി രൂപയുടെ ബോണ്ട് വാങ്ങുകയും ചെയ്തു. 29 കോടി രൂപയുടെ ബോണ്ട് വാങ്ങിയ സൈഡസ് ഹെൽത്ത് കെയറിനെതിരെ ബീഹാർ ഡ്രഗ് റെഗുലേറ്ററി വകുപ്പ് നോട്ടീസ് നൽകിയെങ്കിലും ഗുജറാത്ത് ആസ്ഥാനമായ കമ്പനിക്കെതിരെ സർക്കാർ നടപടിയൊന്നും ഉണ്ടായിട്ടില്ല. ഗ്ലെൻമാർക്, ഐപിസിഎ ലബോറട്ടറീസ്, ഇന്റസ് ഫർമസ്യുട്ടികൽസ് എന്നിവരും ഗുണനിലവാര പരിശോധന പരാജയപ്പെട്ടെങ്കിലും നടപടി ഒന്നും ഉണ്ടായിട്ടില്ല. അതേസമയം ഇവരെല്ലാം കോടികളുടെ ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയിട്ടുമുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here